ന്യഡൽഹി: ടാറ്റ എന്ന ഇന്ത്യൻ ബ്രാൻഡിന് ലോക വിപണിയിൽ ശ്രദ്ധേയമായ ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്. ഉപ്പു തൊട്ട് കർപ്പൂരം വരെ എന്ന പ്രയോഗം യാഥാർത്ഥ്യമാക്കി ജനങ്ങൾക്ക് വേണ്ട വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നവർ. രാജ്യത്തിന് അഭിമാനകരമായ, എപ്പോഴും വൈവിധ്യവത്കരണം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ബ്രാൻഡാണ് ടാറ്റയുടേത്.

ചൈന കയ്യടക്കി വച്ചിരിക്കുന്ന ഐ ഫോൺ നിർമ്മാണ മേഖലയിലേക്ക് ഇന്ത്യയുടെ മുഖമായി ടാറ്റ ഗ്രൂപ്പ് കടന്നുവരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. മൊബൈൽ പാർട്സുകളുടെ അസംബ്ലിങ് ആരംഭിക്കാനാണ് ടാറ്റയുടെ നീക്കം. അതും സാക്ഷാൽ ഐ ഫോണിന്റെ അസംബ്ലിങ് യൂണിറ്റ്. തായ്വാൻ കമ്പനിയായ വിസ്ട്രോണുമായി ടാറ്റ കൈകോർക്കുമെന്നാണ് ബ്ലൂ ബർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 5,000 കോടി രൂപയുടെ അടുത്തുവരുന്ന ഇടപാടാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇക്കണോമിക് ടൈംസാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്ത നൽകിയിരിക്കുന്നത്. എന്നാൽ കർണാടകത്തിലെ ഐഫോൺ നിർമ്മാണ യൂണിറ്റ് ഉടമകളായ വിസ്ട്രോണോ ടാറ്റ ഗ്രൂപ്പോ ഇടപാടിനെക്കുറിച്ചുള്ള കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

ഫോക്സ്‌കോൺ, പെഗാട്രോൺ എന്നിവർക്കൊപ്പം ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ ഐഫോൺ നിർമ്മാതാക്കളാണ് വിസ്ട്രോൺ. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ നിർമ്മാണത്തിനായി കർണാടകത്തിൽ ഇവർക്ക് ഒരു കേന്ദ്രമുണ്ട്. അതേ സമയം ഇന്ത്യയിൽ ഐഫോൺ 14 നോൺ-പ്രോ മോഡലുകളും അടക്കം ഐഫോണുകൾ ഫോക്സ്‌കോൺ, പെഗാട്രോൺ എന്നിവരുടെ പ്ലാന്റുകളിലാണ് നിർമ്മിക്കുന്നത്.

പുറത്തുവന്ന വിവരങ്ങൾ പ്രകാരം ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎൽ) കർണാടക പ്ലാന്റ് ഏറ്റെടുക്കും എന്നാണ് പറയുന്നത്. വിസ്ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറി ബാംഗ്ലൂരിൽനിന്ന് 50 കിലോമീറ്റർ അകലെ ഹൊസൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്റിൽ 10,000 തൊഴിലാളികളും രണ്ടായിരം എഞ്ചിനീയർമാരും ജോലി ചെയ്യുന്നുണ്ട്.

സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ ടാറ്റയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ടാറ്റ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് വഴിയുള്ള ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സ്മാർട്ട്ഫോൺ നിർമ്മാണത്തിന് പുറമേ വിസ്ട്രോണിന്റെ മറ്റ് ഇലക്ട്രോണിക് ഉപകരണ നിർമ്മാണ കരാറുകളും ടാറ്റ ഏറ്റെടുക്കും എന്നാണ് റിപ്പോർട്ട്.

ചൈനീസ് വിപണിയെ ആശ്രയിച്ചാണ് ആപ്പിളിന്റെ ഐഫോൺ പദ്ധതികൾ പലപ്പോഴും മുന്നോട്ട് പോയിരുന്നത്. ഇത് കുറയ്ക്കാൻ ടാറ്റ ഗ്രൂപ്പിന്റെ നീക്കം ആപ്പിളിനെ സഹായിക്കും എന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്. ആപ്പിളിന് വേണ്ടി ഏറ്റവും കൂടുതൽ നിർമ്മാണം നടത്തുന്ന ഫോക്സ്‌കോൺ ഷെങ്ഷൗവിലെ പ്ലാന്റിൽ ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചൈനയിലെ കോവിഡ് വ്യാപനം തൊഴിലാളി പ്രശ്‌നങ്ങൾ എന്നിവ കാരണം ആപ്പിൾ ഐഫോൺ കയറ്റുമതി 15-20 ദശലക്ഷം യൂണിറ്റുകളായി ചുരുങ്ങുമെന്ന് അനലിസ്റ്റ് മിങ്-ചി കുവോ കഴിഞ്ഞ വാരം പറഞ്ഞിരുന്നു.

ഇരു കമ്പനികളും തമ്മിൽ കരാറിലെത്തിയാൽ ഐ ഫോൺ ഉത്പാദിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും. ചൈനയും തായ്വാനുമാണ് ഐഫോൺ നിർമ്മാണത്തിലും അസംബ്ലിങിലും ഒന്നാമത്. അടുത്ത ഐ ഫോണായ ഐ ഫോൺ 15 ഇന്ത്യയിലും ചൈനയിലുമായിരിക്കും നിർമ്മിക്കുക എന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

അതേസമയം അത്ഭുതങ്ങൾ ഒളിപ്പിച്ച് ഐഫോണിന്റെ നാല് പുതിയ മോഡലുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചുകഴിഞ്ഞു. ഫാർഔട്ട് എന്ന് വിശേഷിപ്പിച്ച ചടങ്ങ് നിരവധി പേരാണ് കണ്ടത്. ഐഫോൺ14(iPhone 14)ഐഫോൺ 14 പ്ലസ്(iPhone 14 Plus) ഐഫോൺ 14 പ്രോ(iPhone 14 Pro) ഐഫോൺ 14 പ്രൊമാക്‌സ്(iPhone 14 Pro Max) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.

നാല് മോഡലുകളും വ്യത്യസ്തമാണ്. വലുപ്പം കൊണ്ടും അതിലടങ്ങിയ ഫീച്ചറുകൾ കൊണ്ടുമെല്ലാം ഓരോ മോഡലും പ്രത്യേകത നിറഞ്ഞതാണ്. പുതിയ മോഡലുകളിൽ ആവശ്യക്കാർ ഏറ്റവും കൂടുതൽ ഏതിനായിരിക്കും? ഐഫോൺ 14 പ്രോക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്നാണ് പുതിയ റിപ്പോർട്ട്. പ്രീഓർഡർ ലഭിച്ചവയിൽ ഏകദേശം 85 ശതമാനവും ഐഫോൺ 14 പ്രോയ്ക്കാണെന്നാണ് പ്രമുഖ ആപ്പിൾ ടിപ്സ്റ്റർ മിങ്- ചി ക്വോ വ്യക്തമാക്കുന്നത്. വിൽപ്പനയിൽ വൻ തരംഗം സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന ഐഫോൺ 14 പ്ലസിന് അഞ്ച് ശതമാനം ബുക്കിങെ ലഭിച്ചുള്ളൂ.

അതേസമയം മറ്റു മോഡലുകളുടെ ഡേറ്റ ലഭ്യമായിട്ടില്ല. പൊതുവെ ഐഫോൺ ഫാൻസുകാരും വേഗത്തിൽ പുതിയ ടെക്‌നോളജി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് മോഡൽ ഇറങ്ങിയ ഉടൻ തന്നെ ബുക്കിങിനായി വരിനിൽക്കാറ്. പുറത്തിറങ്ങിയവയിൽ ടെക്‌നോളജിയിലും മറ്റും കാര്യമായ പുരോഗതി കൈവരിച്ച മോഡലുകളാണ് 14 പ്രോയും മാക്‌സും. ഐഫോൺ 13യിൽ നിന്ന് ചെറിയ മാറ്റങ്ങളെ ഐഫോൺ 14നും 14 പ്ലസിനും സംഭവിച്ചിട്ടുള്ളൂ. അതാണ് ഐഫോൺ 14 പ്രോക്ക് ആവശ്യക്കാർ കൂടാൻ കാരണം. എ16 ബയോണിക് ചിപ്പ് അടക്കമുള്ള സൗകര്യങ്ങൾ പ്രോ, മാക്‌സ് മോഡലുകളിലാണ് ഉള്ളത്. ബാറ്ററി ലൈഫിലുൾപ്പെടെ പ്രകടമായ മാറ്റങ്ങൾ ഈ ചിപ്‌സെറ്റ് ഉപയോഗിച്ചുള്ള മോഡലുകളിൽ ഉണ്ടാകും.

ഡൈനാമിക് ആയുള്ള നോച്ചും ഈ മോഡലുകളുടെ ജനപ്രീതി വർധിപ്പിക്കുന്നു. 48 മെഗാപിക്‌സലിന്റെ ക്യാമറ സെൻസറൊക്കെ പ്രോ മോഡലുകളിലാണ് വരുന്നത്. അതേസമയം നാല് മോഡലുകളും ഉടൻ തന്നെ വിൽപനക്ക് എത്തും. മറ്റു മോഡലുകളെ അപേക്ഷിച്ച് പ്രോ മോഡലുകളുടെ വിലയിൽ കാര്യമായ മാറ്റമുണ്ട്. ആപ്പിൾ സ്റ്റോറുകൾ വഴിയും മറ്റു ഓൺലൈൻ സൈറ്റുകളിലൂടെയുമൊക്കെയാണ് ആദ്യഘട്ടത്തിൽ വിൽപ്പന ആരംഭിക്കുക.