കൊച്ചി: പൊലീസ് ജീവിതത്തിൽ കാണുകയും അനുഭവിക്കുകയും ചെയ്ത സംഭവങ്ങൾ സിനമയാക്കാനാണ് ഡിജിപി ടോമിൻ തച്ചങ്കരിയുടെ തീരുമാനം. ഏതായാലും സർവ്വീസിൽ നിന്നും തച്ചങ്കരി വിരമിക്കുമ്പോൾ അത് പല പുതിയ ചർച്ചകൾക്കും വഴിവയ്ക്കും. മഹാഭാരത കഥയിലെ 'കർണ്ണനാണ്' താനെന്ന തരത്തിൽ തച്ചങ്കരി ചർച്ചകളുയർത്തുന്നുണ്ട്. വിരമിക്കൽ ഗാനവുമായിട്ടാണ് സർവ്വീസിൽ നിന്നും പടിയിറങ്ങുന്നത്.

സർവ്വീസ് സ്‌റ്റോറി പുസ്തകമാക്കാനല്ല, സിനിമകളാക്കാനാണു താൽപര്യമെന്നു ഡിജിപി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു കഴിഞ്ഞു. ഈ മാസം 31നാണ് അദ്ദേഹം സർവീസിൽനിന്നു വിരമിക്കുന്നത്. സർവീസ് സ്റ്റോറിയിലോ ആത്മകഥയിലോ ഒതുക്കി നിർത്താവുന്ന അനുഭവങ്ങളല്ല പൊലീസ് ജീവിതം സമ്മാനിച്ചത്. വിരമിക്കലിന് ശേഷം പലതും തച്ചങ്കരി തുറന്നു പറയാൻ ഇടയുണ്ട്. സർവീസിൽനിന്നു സ്വയം വിരമിക്കാൻ ആഗ്രഹിച്ചിരുന്നു. ജൂനിയറായ ഉദ്യോഗസ്ഥൻ പൊലീസ് മേധാവി സ്ഥാനത്ത് എത്തിയ സാഹചര്യത്തിലായിരുന്നു ഇത്. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്നെയാണു പിന്തിരിപ്പിച്ചത്. പൊലീസ് മേധാവി സ്ഥാനത്ത് എത്താത്തതിൽ സംസ്ഥാന സർക്കാരിനു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞു. അങ്ങനെ വിവാദങ്ങൾക്ക് തച്ചങ്കരി തുടക്കമിട്ടു കഴിഞ്ഞു.

വ്യാജ സിഡിക്കേസിൽ തന്നെ വില്ലനാക്കിയതു സഹപ്രവർത്തകനായ ഋഷിരാജ് സിങ്ങാണ്. ഓവർ ആക്ടീവായ ഉദ്യോഗസ്ഥനു ജനം കയ്യടിച്ചു, കാര്യം മനസ്സിലാക്കി നിയന്ത്രിക്കാൻ ഭരണനേതൃത്വത്തിനും കഴിഞ്ഞില്ല. 500 കേസുകളിൽ ഒന്നിൽ പോലും കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല. ഐപിഎസിനെ ഇന്ത്യൻ പബ്ലിസിറ്റി സർവീസാക്കി മാറ്റിയെന്നും തച്ചങ്കരി പറയുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് എന്തുകൊണ്ടാണു ശമ്പളം കൊടുക്കാൻ കഴിയാത്തതെന്നു മനസ്സിലാവുന്നില്ല. യൂണിയനുകളെ നിയന്ത്രിച്ചാൽ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താം. നേരത്തേ അവിടെ സിഎംഡിയായിരുന്ന കാലത്ത് ഇതിലും ഭീകരാവസ്ഥയായിരുന്നു. ഇപ്പോഴത്തെ സിഎംഡിക്ക് ബിസിനസ് അറിഞ്ഞു കൂടെന്നും തച്ചങ്കരി കുറ്റപ്പെടുത്തി. അതിനിടെ ഈ ആരോപണത്തെ തള്ളി ഗതാഗത മന്ത്രി ആന്റണി രാജുവും രംഗത്തു വന്നു.

'ടോമിൻ തച്ചങ്കരി കഥയറിയാതെ ആട്ടം കാണുകയാണ്. തച്ചങ്കരിയുടെ കാലത്തൊക്കെ ഉണ്ടാക്കിവച്ച സാമ്പത്തിക ഭാരമാണ് ഇന്ന് കെഎസ്ആർടിസി ചുമക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ വിരമിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ല.'-ഇതാണ് മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. അതായത് തച്ചങ്കരിക്ക് മറുപടി നൽകാൻ മന്ത്രി തന്നെ എത്തുന്നു. കെ എസ് ആർ ടി സിയുടെ ചുമതലയിൽ തച്ചങ്കരി ഇരുന്നപ്പോൾ എല്ലാ മാസവും മുടങ്ങാതെ ശമ്പളം നൽകിയിരുന്നു. പിന്നീട് തച്ചങ്കേരിയെ എല്ലാവരും ചേർന്ന് പുകച്ചു പുറത്തു ചാടിച്ചു. പിന്നീട് ശമ്പളം മുടങ്ങൽ തുടർക്കഥയായി എന്നതാണ് വസ്തുത. ഇതിന് പിന്നലെ കാര്യങ്ങളെല്ലാം തച്ചങ്കരി തുറന്നു പറയുമെന്ന് കരുതുന്നവരുണ്ട്. ഗാനരചയിതാവും ഗായകനുമായ അദ്ദേഹം പുതിയ ഒരു പാട്ടു പാടി റിക്കേർഡ് ചെയ്താണ് റിട്ടയർമെന്റിനു തയ്യാറെടുക്കുന്നത്.

പൊലീസിനു പുറമേ ജോലി ചെയ്ത കെഎസ്ആർടിസി, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കൺസ്യൂമർഫെഡ്, കെബിപിഎസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഓരോ ഫയലുകളിലും മനുഷ്യജീവിതങ്ങളുണ്ട്, അഴിമതികളും ഞെട്ടിക്കുന്ന സംഭവങ്ങളുമുണ്ട്. അവ ഓരോന്നും സിനിമയെ പോലും അതിശയിപ്പിക്കുന്നതാണ്. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കളുമായി ഇക്കാര്യങ്ങൾ വാക്കാൽ പങ്കുവച്ചപ്പോൾ തന്നെ പലരും ആവേശഭരിതരായി. ആദ്യം പറഞ്ഞ 4 കഥകൾ തന്നെ മാറ്റിയെഴുതി തിരക്കഥകളാക്കാനുള്ള പണിപ്പുരയിലാണെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷനിൽ ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറാണ് നിലവിൽ തച്ചങ്കരി. 1987 ബാച്ചുകാരനായ തച്ചങ്കരിയെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ശുപാർശ ചെയ്‌തെങ്കിലും കേന്ദ്രം അന്തിമപാനലിൽ ഉൾപ്പെടുത്തിയിരുന്നില്ല. 31ന് രാവിലെ 7ന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ തച്ചങ്കരിക്ക് വിടവാങ്ങൽ പരേഡ് നൽകും. ഉച്ചയ്ക്ക് മനുഷ്യാവകാശ കമ്മിഷനിലും വൈകിട്ട് 4ന് പൊലീസ് ആസ്ഥാനത്തും വിടവാങ്ങൽ നൽകും.

വൈകിട്ട് 7ന് ഐ.പി.എസ് അസോസിയേഷന്റെ വിരുന്നുമുണ്ട്. തച്ചങ്കരി വിരമിക്കുമ്പോൾ ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കും. വിനോദിനെ വിജിലൻസ് ഡയറക്ടറാക്കുമെന്നും അവിടെ നിന്ന് മനോജ് എബ്രഹാമിനെ ഇന്റലിജൻസിൽ നിയമിക്കുമെന്നും സൂചനയുണ്ട്.