കോഴിക്കോട്: 'ഓർത്തുനോക്കുമ്പോൾ, ഇപ്പോഴും ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല. വലിയ വാതിലുകൾ തനിയെ തുറന്ന് സ്വിമ്മിങ് പൂളിലേക്ക് പോകാൻ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എനിക്ക് ആലോചിക്കാനാവുന്നില്ല. സ്വിമ്മിങ് പൂളിന്റെ വലിയ ഗേറ്റ് നന്ദന എങ്ങനെ തുറന്നു എന്ന ചോദ്യം ഇപ്പോഴും മനസിൽ ബാക്കിനിൽക്കുന്നു.''- കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയെന്ന അത്ഭുത ഗായിക 'അനുഭവം, ഓർമ, യാത്ര' എന്ന പുസ്തകത്തിൽ തന്റെ മകളുടെ മരണത്തെക്കുറിച്ച് എഴുതിയത് വായിച്ചാൽ ആരുടെയും കണ്ണ് നിറഞ്ഞുപോകും.

15 കൊല്ലം കാത്തിരുന്ന് ലഭിച്ച കുഞ്ഞിന് ഡൗൺ സിൻഡ്രോം ആണെന്ന് അറിഞ്ഞിട്ടും തളരാതെ, ചിത്രയും ഭർത്താവ് വിജയനും അവളെ പൊന്നുപോലെയാണ് വളർത്തിയത്. അതിനിടയിലാണ് ദുരന്തം ഉണ്ടാവുന്നത്. അതോടെ ഇനി സംഗീതലോകത്തേക്ക് ഇല്ല എന്നുപോലും പറഞ്ഞ്, കടുത്ത വിഷാദത്തിലേക്ക് വീണു മലയാളികളുടെ പ്രിയപ്പെട്ട ഗായിക. പക്ഷേ തന്റെ ജീവന്റെ ജീവനായ സംഗീതലോകം അവരെ വിഷാദത്തിൽനിന്ന് മടക്കി ജീവിത്തിലേക്ക് കൊണ്ടുവന്നു. ഇന്ന് ചിത്രയുടെ അറുപതാം പിറന്നാൾ ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിക്കയാണ്. സത്യത്തിൽ അസാധാരണമായ ഒരു അതിജീവന കഥകൂടിയാണ് അവരുടെ ജീവിതം.

മകളെ നഷ്ടമാവുന്നു

പതിനഞ്ച് വർഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷമാണ് നന്ദന ജനിച്ചത്. തികഞ്ഞ സായീ ഭക്തയാണ് ചിത്ര. കുട്ടിക്ക് നന്ദനയെന്ന് പേര് നൽകിയത് സത്യസായി ബാബ തന്നെ. കുട്ടിക്ക് ഡൗൺ സിൻഡ്രോമാണെന്ന് അറിഞ്ഞിട്ടും ചിത്രയും ഭർത്താവും തളർന്നില്ല. അവർ പൊന്നുപോലെ അവളെ വളർത്തി. രോഗം ഉള്ളതുകൊണ്ട് ഏറെ കരുതലുകളെടുത്താണ് മകളെ നോക്കിയത്. അവർ പോകുന്നിടത്തെല്ലാം കുട്ടിയെയും കൊണ്ടുപോയി.

2011 ഏപ്രിൽ 14ന് ഒരു വിഷുദിനത്തിലാണ് ചിത്രയ്ക്ക് മകളെ നഷ്ടപ്പെട്ടത്. ഷാർജയിൽ എആർ റഹ്‌മാൻ അവതരിപ്പിക്കുന്ന സംഗീതനിശയിൽ പങ്കെടുക്കാനാണ്, ചിത്ര മകളോടൊപ്പം ഷാർജയിലെത്തിയത്. രാവിലെ സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നീന്തൽകുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ജബേൽ അലിയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇത് ചിത്രയ്ക്ക് താങ്ങാനാവാത്ത ദുഃഖമായിരുന്നു നൽകിയത്.

മകളുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ചിത്ര ഏറെ നാളെടുത്തു. ഇനി പാടാനില്ലെന്നു വരെ ചിത്ര പറഞ്ഞു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്നേഹോഷ്മള നിർബന്ധത്തിനിടെ പതിയെ സംഗീത ലോകത്തേക്ക് ചിത്ര തിരിച്ചെത്തി. മകളുടെ ഓർമ്മകൾ നൽകുന്ന ഊർജമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ചിത്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'മകളേ...നീ സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിൽ സന്തോഷവതിയായിരിക്കൂ...' എന്നാണ് ഒരിക്കൽ അവർ എഴുതിയത്. പൊന്നുമോളുടെ പിറന്നാൾ ദിനത്തിൽ ഇന്നും ചിത്ര മകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്.

ആ വലിയ ഗേറ്റ് അവർ എങ്ങനെ തുറന്നു?

'അനുഭവം, ഓർമ, യാത്ര' എന്ന പുസ്തകത്തിൽ മകളുടെ വേർപാടിന്റെ ദുഃഖത്തെ കുറിച്ച് ചിത്ര ഇങ്ങനെ എഴുതി. 'ഒരമ്മയുടെ അനിർവചനീയമായ ഭാവങ്ങൾ എന്നിൽ പിറക്കുന്നത് എന്റെ മകൾ നന്ദനയുടെ വരവോടെയാണ്. അമ്മയാവുമ്പോൾ ഉണ്ടാവുന്ന പറഞ്ഞാൽ തീരാത്ത, മതിവരാത്ത സന്തോഷം നന്ദനയിലൂടെ ഞാൻ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. സ്ത്രീത്വത്തിന്റെ പരിപൂർണതയുടെ ആ സൗഭാഗ്യം, ഐശ്വര്യത്തിന്റെ ഒരു നിലാപ്പന്തൽ തന്നെയായിരുന്നു ഞങ്ങൾക്ക്. പതിമൂന്ന് വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളുടെ ജീവിതത്തിന്റെ മരുഭൂമിയിൽ തളിർത്ത മരുപ്പച്ച!

നന്ദന പിറക്കും മുമ്പ് താരാട്ടുപാട്ടുകൾ പാടേണ്ടിവരുമ്പോൾ എന്റെ ഹൃദയം വല്ലാതെ വേദനിച്ചിരുന്നു. എന്നാൽ, ആ വേദനയിൽ നിന്നും നൂറുപൂക്കൾ ഒരുമിച്ച് പിറവിയെടുത്ത് സുഗന്ധം പരത്തുന്നതുപോലെയായിരുന്നു നന്ദന. പിന്നെപ്പിന്നെ, എന്റെ താരാട്ടുപാട്ടുകൾ നന്ദനയ്ക്കും കൂടിയുള്ളതായി. എന്റെ പാട്ടുകേട്ടുറങ്ങിയിരുന്ന നന്ദനയ്ക്ക് ഉണർത്തുപാട്ടാവാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന സങ്കടം ഞാനിനി ആരോടാണ് പറയുക? എങ്ങനെയാണ് ആ വേദനയിൽ നിന്നും ഞാൻ മുക്തി നേടുക?

എട്ടു വർഷക്കാലം ഞങ്ങളുടെ ജീവന്റെ തന്ത്രികളിൽ ശ്രുതി മീട്ടിയിരുന്ന നന്ദനയാണ് പൊയ്‌പ്പോയിരിക്കുന്നത്. എന്നെയും വിജയൻ ചേട്ടനെയും തനിച്ചാക്കി അവൾ എവിടേയ്ക്കോ പോയ്മറഞ്ഞിരിക്കുന്നു. ഓരോ വിഷുക്കാലവും നൊമ്പരപ്പെടുത്തുന്ന ഓർമകൾ മാത്രമാക്കി നന്ദന മറയുമ്പോൾ എന്റെ മനസ് ശൂന്യമാവുകയാണ്.

സാധാരണയായി, മക്കളെ തനിച്ചാക്കി യാത്രയാവുന്നത് അച്ഛനോ അമ്മയോ ആണ്. എന്നാൽ, ഒരിക്കൽപ്പോലും അവളെ തനിച്ചാക്കാൻ ആഗ്രഹിക്കാതിരുന്ന ഞങ്ങളെ നന്ദന തോൽപ്പിക്കുകയായിരുന്നില്ലേ? അല്ലെങ്കിൽപ്പിന്നെ, ചെന്നൈയിൽ നിന്നും അകന്ന് ദുബായി സുഹൃത്തിന്റെ വില്ലയിലെ സ്വിമ്മിങ് പൂളിലേക്ക് ഞങ്ങളുടെയെല്ലാം ശ്രദ്ധയിൽനിന്നും മാറി നന്ദന നടന്നടുക്കുമായിരുന്നോ? ഓർത്തുനോക്കുമ്പോൾ, ഇപ്പോഴും ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല. വലിയ വാതിലുകൾ തനിയെ തുറന്ന് സ്വിമ്മിങ് പൂളിലേക്ക് പോകാൻ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എനിക്ക് ആലോചിക്കാനാവുന്നില്ല. സ്വിമ്മിങ് പൂളിന്റെ വലിയ ഗേറ്റ് നന്ദന എങ്ങനെ തുറന്നു എന്ന ചോദ്യം ഇപ്പോഴും മനസിൽ ബാക്കിനിൽക്കുന്നു.

നന്ദനയ്ക്ക് മഞ്ചാടി ആൽബം വലിയ ഇഷ്ടമായിരുന്നു. 2011 ഏപ്രിൽ 14നും എന്നെ നിർബന്ധിച്ച് മഞ്ചാടി വച്ച് കണ്ടു കൊണ്ടിരുന്ന നന്ദന, താടിക്കു കൈയും കൊടുത്ത് കമിഴ്ന്നു കിടന്ന് മഞ്ചാടി ആസ്വദിക്കുന്നത് കണ്ടാണ് ഞാൻ കുളിക്കാൻ പോയത്. ആ സമയത്തെപ്പോഴോ അവൾ സ്വിമ്മിങ്പൂളിനെക്കുറിച്ച് ചിന്തിച്ചുപോയത് ഏത് ശക്തിയുടെ പ്രേരണ കൊണ്ടാവും? രണ്ട് ദിവസം മുമ്പും അതേ സ്വിമ്മിങ്പൂളിൽ ഞങ്ങൾ മകളെ ആവോളം കുളിപ്പിച്ചിരുന്നതാണല്ലോ. എപ്പോഴും കൈയിൽ സൂക്ഷിച്ചിരുന്ന മഞ്ഞപ്പാവ കൈയിൽ നിന്നും ഒഴിവാക്കിയതും കാലിലെ ചെരുപ്പ് ഒഴിവാക്കിയതും ഏതോ ശക്തിയുടെ പ്രേരണയാൽ എന്ന് തന്നെ വിശ്വസിക്കാനേ എനിക്ക് കഴിയുന്നുള്ളൂ. വിഷുസംക്രാന്തി ദിനത്തിലെ ഉത്തരായനത്തിൽ എന്റെ മകൾ ജലസമാധിയിലേക്ക് പോകുമ്പോൾ ഏറ്റവും ശുഭമുഹൂർത്തത്തിലെ മരണം അവൾക്ക് ലഭിച്ചുവെന്ന് ആശ്വസിക്കാൻ മാത്രമേ ഞങ്ങൾക്കാവുന്നുള്ളൂ. ഭാഗവതത്തിൽ പറയുന്ന ഏറ്റവും ശുഭകരമായ മരണമുഹൂർത്തത്തിലായിരുന്നല്ലോ അവൾ ഞങ്ങളെ വിട്ടുപോയത്. അത്രത്തോളം നിഷ്‌കളങ്കമായ മനസ്സുള്ള നന്ദന, സ്വർഗത്തിലിരുന്ന് ഞങ്ങളും വിഷമങ്ങൾ കാണുന്നുണ്ടാവും, അല്ലേ?

ഓർത്തുനോക്കുമ്പോൾ മരണം വല്ലാത്തൊരു യാഥാർത്ഥ്യമാണ്. ഭീഷണമായ യാഥാർത്ഥ്യം! ജീവിതത്തിൽ നിന്നും വേറിട്ടുള്ളൊരു സത്യമായി മരണമല്ലാതെ മറ്റൊന്ന് ചൂണ്ടിക്കാട്ടുവാൻ എളുപ്പമല്ലെങ്കിലും അത് നൽകുന്ന വേദന മാറ്റുവാൻ എന്തിനാണ് സാധിക്കുക? പുനർജന്മം സത്യമായിരുന്നെങ്കിൽ, ഇനിയൊരു ജന്മം കൂടി നന്ദനയുടെ അമ്മയാകാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നുവെങ്കിൽ ...''- അനുഭവം, ഓർമ, യാത്ര എന്ന പുസ്‌കത്തിൽ കെ.എസ്.ചിത്രയുടെ വാക്കുൾ വായിക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയും. ഏത് ജീവിത ദുരിതത്തിൽ നിന്നും നമുക്ക് അതിജീവിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്, കുയിൽ നാദം പോലെ മലയാളികൾക്ക് സുപരിചിതയായ ചിത്രയുടെ അതിജീവനവും.