കൊച്ചി: ആകെയുള്ള അഞ്ചുസെന്റ് സ്ഥലം പോലും പണയത്തിലായിപ്പോയ ഒരു സിനിമാ നടൻ. ലക്ഷങ്ങളും കോടികളും കൊണ്ട് അമ്മാനമാടുന്നവർ ഉള്ള മലയാള സിനിമയിൽ ഇതുപോലുള്ളവരും ഉണ്ട്. അത്തരത്തിലുള്ള ഒരു മനുഷ്യനായിരുന്നു അന്തരിച്ച നടൻ ഹരീഷ് പേങ്ങൻ. മലയാള സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ പേരെടുത്ത നടനായിരുന്നു ഹരീഷ്. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോഗം.

അടിയന്തരമായി കരൾ മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു 40 ലക്ഷത്തോളം രൂപ ചെലവാകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതിനായി ചലച്ചിത്ര പ്രവർത്തകരും നാട്ടുകാരും പിരിവ് നടത്തുന്നതിനിടെയാണ് അന്ത്യം ഉണ്ടായത്.

ആകെയുള്ള അഞ്ച് സെന്റ് കടത്തിൽ

അങ്ങേയറ്റം ദുരിതമയമായ ജീവിതമായിരുന്നു ഹരീഷ് പേങ്ങന്റെത്. അടുത്ത സുഹൃത്തും, ലൈൻ പ്രൊഡ്യൂസറുമായ മനോജ് കെ. വർഗീസാണ് പേങ്ങന്റെ യഥാത്ഥഅവസ്ഥ പുറം ലോകത്തെ അറിയിച്ചത്. 'ഹരീഷിനെ പോലെ ചെറിയ വേഷങ്ങൾ അഭിനയിക്കുന്ന ഒരു കലാകാരന് മലയാള സിനിമയിൽ നിന്ന് എന്ത് പ്രതിഫലം കിട്ടുമെന്ന് സിനിമയെ അറിയാവുന്ന എല്ലാവർക്കും അറിയാം. സ്വന്തമായി 5 സെന്റ് സ്ഥലവും (ആ സ്ഥലവും ബാങ്കിൽ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയും ആണ് ഹരീഷിന് ഉള്ളത്.'' -മനോജ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഹരീഷ് നായർ എം.കെ എന്ന ഹരീഷ് പേങ്ങൻ ഒരു മദ്യപാനിയായിരുന്നില്ല. പക്ഷേ കരൾരോഗം വന്നതോടെ പലരും അദ്ദേഹത്തെ അങ്ങനെ ചിത്രീകരിച്ചുവെന്നും മനോജ് പറയുന്നു. ഹരീഷിനെപ്പോലുള്ളവർക്ക് നിസ്സാരമായ പ്രതിഫലമാണ് സിനിമയിൽനിന്ന് കിട്ടിയിരുന്നത്. അതുകൊണ്ടുതന്നെ താരസംഘടനയായ അമ്മയുടെ അംഗത്വഫീസ് അടക്കാൻ കഴിയിഞ്ഞിരുന്നില്ല. അതിനാൽ അമ്മയിൽ അംഗവും ആയില്ല. എന്നിട്ടും സംഘടനയിലെ പല അംഗങ്ങൾക്ക് വ്യക്തിപരമായി ഹരീഷിനെ സഹായിച്ചിരുന്നുവെന്നും മനോജ് ചൂണ്ടിക്കാട്ടി.

ഹരിയുടെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇട്ട പോസ്റ്റിൽ മനോജ് ഇങ്ങനെ പറയുന്നു. 'ഇത്തരം ഗുരുതരാവസ്ഥയിൽ നിൽക്കുമ്പോൾ, സമയത്തിനാണല്ലോ വില. പെട്ടെന്ന്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 40 ലക്ഷത്തോളം രൂപ സ്വരൂപിക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാവുന്നതാണല്ലോ. സ്ഥലം വിറ്റോ മറ്റോ പണമുണ്ടാക്കി വരുമ്പോൾ ചികിത്സയ്ക്ക് ജീവനോടെ അവൻ ഉണ്ടാവണം എന്നതും ഒരു യാഥാർത്ഥ്യമല്ലേ. മാത്രവുമല്ല ഹരീഷിന്റെ ആരോഗ്യസ്ഥിതിയുടെ ഗൗരവം വൃദ്ധയായ അവന്റെ അമ്മയോട് അറിയിച്ചിരുന്നില്ല. ആ ഒരു കാരണം കൊണ്ടുതന്നെ അവന്റെ അസുഖം പുറത്തേക്ക് ആരെയും അതുവരെയും അധികം അറിയിച്ചിരുന്നില്ല.

എന്നാൽ ജീവൻ തിരിച്ച് കിട്ടാൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും അത് താമസിയാതെ ചെയ്യേണ്ടിവരുമെന്നും, അത്തരത്തിലുള്ള സർജറിക്ക് ചെലവാകുന്ന ഭീമമായ തുകയെ കുറിച്ചും അറിഞ്ഞ സാഹചര്യത്തിലാണ് അടിയന്തരമായി പണം സ്വരൂപിച്ച്, അവന്റെ ജീവൻ രക്ഷിക്കാനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട്, അവനെ ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറച്ചുപേർ അഭ്യർത്ഥനയുമായി വന്നത്.''- മനോജ് വ്യക്തമാക്കി. പക്ഷേ സുമനസ്സുകളുടെ സഹായം വരുന്നതിനിടെ തന്നെ ഹരീഷ് പേങ്ങൻ ഈ ലോകത്തുനിന്ന് വിടപറയുകയും ചെയ്തു.