കൊച്ചി: കത്തിനിൽക്കെ പിരിയുന്ന സംവിധായകൻ ഇരട്ടകൾ. അതും രണ്ടുംപേരും സ്വയം തീരുമാനിക്കുന്നു. യാതൊരു ഗോസിപ്പിനും ഇടകൊടുക്കാതെ അവർ പിരിയുന്നു.അതിന്റെ കാരണം എന്തെന്ന് ഇനിയും അവർ വെളിപ്പെടുത്തിയില്ല. സ്വന്തം ഭാര്യമാരിൽനിന്നുപോലും ആ ആത്മാർഥ സുഹൃത്തുക്കൾ അത് മറച്ചുവെച്ചു. സാധാരണ പിരിഞ്ഞാൽ പിന്നെ ചെളിവാരിയെറിയലാണ് നാം കാണാറുള്ളത്. പക്ഷേ ലാലും, സിദ്ധിഖും അപ്പോഴും അടുത്ത കൂട്ടുകാരനായി. സിദ്ദിഖിന്റെ ആദ്യ പടത്തിന് ലാൽ പ്രൊഡ്യൂസറായി.

മരണംവരെ അവർ ആത്മാർത്ഥ സുഹൃത്തുക്കളായി. മാന്നാർ മത്തായി സ്പീക്കിങ്ങ് എന്ന റാജിറാവിന്റെ രണ്ടാം ഭാഗത്തിനും മറ്റും ഒന്നിച്ച് കഥയും തിരക്കഥയും എഴുതി. മരണംവര ഇണപിരിയാത്ത സുഹൃത്തുക്കളായി. അപൂർവങ്ങളിൽ അപൂർവമായ സൗഹൃദമായിരുന്നു സിദ്ദിഖിന്റെയും ലാലിന്റെയും. ഇന്നും അവർ പിരിഞ്ഞതിന്റെ കാരണം ആർക്കും അറിയില്ല. അവർ അത് പുറത്ത് പറഞ്ഞിട്ടുമില്ല. 69കാരനായ സിദ്ധിഖും 64കാരനായ ലാലും, നാലുപതിറ്റാണ്ടോളം കാത്തുവെച്ചത് കലർപ്പിലാത്ത സൗഹൃദമായിരുന്നു.

പുല്ലേപ്പടി കൗണ്ടർ ടീംസ്

കൊച്ചിയിലെ പുല്ലേപ്പടിയിൽനിന്നാണ് സിദ്ധീഖും ലാലും ഒരുപോലെ വളർന്നത്. സിദ്ദിഖ്്കളമശ്ശേരി സെന്റ് പോൾസ് കോളജിൽ എത്തിയതോടെ നാടകത്തിലും മറ്റും സജീവമായി. അന്ന് ഉസ്മാൻ എന്ന സുഹൃത്തായിരുന്നു മിമിക്രി പരിപാടികളിൽ ഒപ്പമുണ്ടായിരുന്നത്. ഡിഗ്രിക്ക് ഒപ്പം പുല്ലേപ്പടി ദാറുൽ ഉലും സ്‌കൂളിൽ ക്ലർക്കായും സിദ്ദിഖ് ജോലി ചെയ്തിരുന്നു. ഉസ്മാന് ശേഷമാണ് മറ്റൊരു പുല്ലേപ്പടിക്കാരൻ കൂട്ടായി എത്തുന്നത്. അതാണ് മൈക്കിൾ ലാൽ. എന്ത്പറഞ്ഞാലും കൗണ്ടർ അടിക്കുന്നതുകൊണ്ട് പല്ലേപ്പടി കൗണ്ടർ ടീംസ് എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്.

മിമിക്രിയുമായി രാത്രി ഉത്സവപ്പറമ്പിലും, പള്ളിപ്പെരുന്നാളിലുമൊക്കെ ഇവർ എത്തി. അങ്ങനെയാണ് സിദ്ധിഖും ലാലും തമ്മിലെ സൗഹൃദം ദൃഢമാവുന്നത്. ഇവരുടെയും മിമിക്രിയുമായുള്ള ഊര് ചുറ്റൽ കണ്ട ലാലിന്റെ അപ്പൻ മൈക്കിളാണ് ഇരുവരോടും കലാഭവനിൽ ചേരാൻ നിർദേശിക്കുന്നത്. ലാലിന്റെ അപ്പൻ കലാഭവനിലെ തബല ആർട്ടിസ്റ്റുമായിരുന്നു. അങ്ങനെ അന്നത്തെ മിമിക്രിക്കാരുടെ സ്വപ്നഭൂമിയായ കലാഭവനിൽ സിദ്ധിഖും ലാലും എത്തിപ്പെട്ടു. തന്നെ ഈ നിലയിൽ എത്തിച്ചതിനുള്ള കടപ്പാണ് അദ്ദേഹം പലപ്പോഴും കൊടുക്കുന്നത് കലാഭവനും, അതിന്റെ ആത്മാവായ ആബേലച്ചനും തന്നെയാണ്.

82ലാണ് ഇവർ കലാഭവനിൽ എത്തുന്നത്. അൻസാർ, പ്രസാദ്, കലാഭവൻ റഹ്‌മാൻ, സിദ്ധീഖ്, ലാൽ, സൈനുദ്ദീൻ, എന്നിവർ ചെയ്യുന്ന മിമിക്രി കേരളം മുഴുവൻ ഹിറ്റായ കാലം. പുതിയ പുതിയ നമ്പറുകളുമായി അവർ കേരളം മുഴുവൻ ചിരിപ്പിച്ചു. അങ്ങനെ ഉണ്ടായ പുരതി കലാരൂപമാണ് മിമികസ് പരേഡ്. അതിന്റെ സ്‌ക്രിപ്റ്റ് പൂർണ്ണമായും സിദ്ധിഖും ലാലുമായിരുന്നു. അങ്ങനെ സാമ്പ്രദായികമായി മിമിക്രിയിൽ അവർ വൻ മാറ്റങ്ങൾ വരുത്തി. അതും ജനം ഏറ്റെടുത്തു. പക്ഷേ ഒരു വർഷം കഴിഞ്ഞതോടെ സിദ്ദിഖ് കലാഭവനിൽനിന്ന് ഇറങ്ങി. അവിടെ സഹപ്രവർത്തകരുമായി ഉണ്ടായ ചില പ്രശ്നങ്ങൾ തന്നെ തളർത്തിയെന്നും ലാൽ മാത്രമാണ് തന്റെ കൂടെ നിന്നത് എന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഫാസിലിന്റെ ശിഷ്യരായി ഇരുവരും സിനിമയിൽ എത്തുന്നത്. ഡ്രാഫ്റ്റ്മാനായ ലാലും അവധിയെടുത്താന് സിനിമക്കായി എത്തിയത്.

ആ കാരണം ഇന്നും അജ്ഞാതം

നോക്കത്താ ദൂരത്ത് കണ്ണും നട്ടും, മണിവത്തൂരിലെ ആയിരം ശിവരാത്രികൾക്കും ശേഷം, സിദ്ദിഖിനോടും ലാലിനോടും സ്വന്തമായി സിനിമചെയ്യാനും അത് ഒരുമിച്ച് ചെയ്യാനും പറഞ്ഞത് ഫാസിലാണ്. അങ്ങനെയാണ് സിദ്ദിഖ്-ലാൽ എന്ന ഹിറ്റ് ജോഡിയുണ്ടാവുന്നത്. 89ൽ ഇറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന സിദ്ദിഖ് -ലാലിന്റെ ആദ്യചിത്രം ഫാസിൽ നിർമ്മിച്ചു. അത് ഡ്യൂപ്പർ സൂപ്പർ ഹിറ്റായി പിന്നീടങ്ങോട്ട് തുടർച്ചായായി എല്ലാവർഷവും ഈ സംവിധാന ഇരട്ടകളുടെ ഓരോ ഹിറ്റ് ചിത്രങ്ങളെത്തി. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങൾ തീയേറ്ററുകളെ ഇളക്കിമറിച്ചു.പക്ഷേ കാബൂളിവാലക്ക് ശേഷമുള്ള തൊട്ടടുത്ത വർഷം മലയാള ചലച്ചിത്രപ്രേമികളെ ഞെട്ടിച്ച ഒരു വാർത്തയാണ് പുറത്തുവന്നത്. സിദ്ധിഖും, ലാലും സംവിധായകർ എന്ന നിലയിൽ വേർപിരിഞ്ഞു.

കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ലാലുമായി പിരിയാനുണ്ടായ കാരണം സിദ്ദിഖ് തുറന്നുപറഞ്ഞിരുന്നു. . ''നമ്മൾ വളർച്ചയുടെ ഒരു ഘട്ടത്തിൽ എത്തുമ്പോൾ പല പ്രശ്നങ്ങളും ഇങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും. അത് ആരായിരുന്നാലും. അപ്പോൾ അങ്ങനെയൊരു സാഹചര്യം അല്ലെങ്കിൽ ഒരു സന്ദർഭം ഉണ്ടാകുന്നതിന് മുൻപ് ഞങ്ങൾ രണ്ട് വഴിക്ക് പോകാൻ തീരുമാനിച്ചു. അന്ന് അങ്ങനെ മുന്നോട്ടുപോവുന്നതാണ് നല്ലതെന്ന് രണ്ട് പേർക്കും തോന്നിയിരുന്നു. അന്ന് ഞാൻ ലാലിനോട് പറഞ്ഞു. ഞാൻ നിർമ്മിക്കാം ലാൽ സംവിധാനം ചെയ്യൂ, തിരക്കഥ നമ്മുക്ക് ഒരുമിച്ച് എഴുതാം.പിന്നെ ഞാൻ സംവിധാനം ചെയ്യാം എന്നൊക്കെ. അപ്പോ ലാൽ പറഞ്ഞു. തൽക്കാലം ഞാൻ സംവിധാനം ചെയ്യുന്നില്ല. ഞാൻ പ്രൊഡക്ഷൻ സൈഡ് നോക്കികോളാം. സിനിമകൾ നിർമ്മിച്ചോളാമെന്ന്. അങ്ങനെയാണ് ഞങ്ങൾ അന്നത് തീരുമാനിച്ചത്.

ഒരു തരത്തിലും ഞങ്ങൾ തമ്മിൽ മൽസരിച്ചിട്ടില്ലെന്നും സിദ്ദിഖ് പറയുന്നു. എന്തിന് പിരിഞ്ഞു എന്നതിന്റെ കാരണം കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് ഒരു ഗുണവുമില്ല. അത് ആരെയെങ്കിലും വേദനിപ്പിച്ചേക്കുമോയെന്ന ഭീതിയുണ്ട്. ഇപ്പോൾ ആ കാരണം നിലനിൽക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഒരു തരത്തിൽ സൗഹൃദക്കൂട്ടായ്മയിൽ നിന്ന് ചിത്രം ചെയ്യുന്ന രീതികൾ തുടക്കം നൽകിയത് തങ്ങളാണെന്നും ഇരുവരും ഒരുപോലെ പറയുന്നുണ്ട്. പിരിഞ്ഞശേഷവും ഇരുവർക്കും കരിയറിൽ ഉയർച്ചകൾ മാത്രമേ ഉണ്ടായുള്ളൂ. ലാൽ നിർമ്മാതാവ്, നടൻ, സംവിധായകൻ എന്ന ബഹുമുഖ നിലയിലും, സിദ്ദിഖ് ബോളിവുഡിൽവരെ എത്തിയ സംവിധായകൻ എന്ന നിലയിൽ പേരെടുത്തു. അപ്പോഴും അവർ അടുത്ത സുഹൃത്തുക്കളായി. അവസാനം രോഗം മൂർഛിച്ച് അമൃത ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുന്ന സിദ്ധീഖിനെ കാണാൻ ലാൽ എത്തിയതും, കണ്ണു നിറയിക്കുന്ന കാഴ്ചയായി.