പാലക്കാട്: ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി സർക്കാരിന് നൽകേണ്ടി വരില്ലേ? സംശയങ്ങൾ സജീവമാണ്. ഇതിനൊപ്പം ബമ്പർ അടിച്ച ഭാഗ്യവാൻ പേര് വെളിപ്പെടുത്താതെ സമ്മാനം വീട്ടിലേക്ക് കൊണ്ടു പോകുമെന്നും സൂചനകളുണ്ട്. ഏതായാലും ഭാഗ്യശാലിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

സമ്മാനത്തിന് അർഹമായ ടി.ഇ. 230662 നന്പർ ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ലോട്ടറി ഏജൻസി. ടി. ഗുരുസ്വാമിയാണ് കടയുടമ. നാലുദിവസംമുന്പ് ഗോകുലം നടരാജ് എന്നപേരിൽ സബ് ഏജന്റ് എടുത്ത ടി.ഇ. സീരീസിലെ പത്തു ടിക്കറ്റുകളിലൊന്നിനാണ് ഒന്നാംസമ്മാനം. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജൻസീസിൽനിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറിൽ വിറ്റത്. ഈ ടിക്കറ്റ് തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയി വിറ്റാൽ അത് സാങ്കേതിക പ്രശ്‌നങ്ങൾക്ക് കാരണമാകും. സമ്മാനം അതിർത്തി കടന്നു പോയാൽ അതു നേടിയെടുക്കുന്നതിനു ചില കടമ്പകളുണ്ട്.

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ലോട്ടറി ടിക്കറ്റ് വിൽപനയ്ക്കു നിരോധനമുള്ളതിനാൽ അവിടെ വിൽപന പാടില്ല. അവിടത്തെ സമ്മാനാർഹർ തങ്ങൾ കേരളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയതെന്ന് ലോട്ടറി വകുപ്പിനെ ബോധിപ്പിക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ സമ്മാനം കൊടുക്കേണ്ട സാഹചര്യം സംസ്ഥാന ലോട്ടറി വകുപ്പിന് ഇല്ല. ഇത്തവണ ടിക്കറ്റ് വാളയാറിൽ നിന്ന് വാങ്ങിയത് കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജ് എന്ന് അഭ്യൂഹമുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല. ടിക്കറ്റെടുക്കുമ്പോൾ ഇയാൾ നൽകിയ പേരാണ് ഗോകുലം നടരാജ്. യഥാർഥപേര് നടരാജ് എന്നുതന്നെയാണോ, ഇദ്ദേഹം തന്നെയാണോ ടിക്കറ്റ് കൈവശം വെച്ചിരിക്കുന്നത്, വേറെയാർക്കെങ്കിലും വിറ്റോ എന്നൊന്നും വ്യക്തമല്ല.

മറ്റൊരാൾക്ക് വിറ്റിട്ടുണ്ടെങ്കിൽ അത് കേരളത്തിനുള്ളിലാകണം. അല്ലാത്ത പക്ഷേ അയാൾക്ക് സമ്മാനം വാങ്ങാൻ കഴിയില്ല. ഇത് ബാധ്യപ്പെടുത്തുകയെന്നത് നിർണ്ണായകമാണ്. പതിവായി സമ്മാനം ലഭിക്കുന്ന ജില്ലകളിലെത്തി ടിക്കറ്റ് വാങ്ങുന്ന പതിവ് മുൻപുണ്ടായിരുന്നു. ഇപ്പോൾ എല്ലാ ജില്ലകളിലെയും ടിക്കറ്റുകൾ ഏതു ജില്ലകളിലും കിട്ടും. ലോട്ടറി വകുപ്പ് ഇത് അനുവദിക്കാറില്ലെങ്കിലും ഏജൻസികൾ പരസ്പരം ടിക്കറ്റ് കൈമാറിയാണു ജില്ലകൾ കടന്നു ടിക്കറ്റ് വിൽക്കുന്നത്. വിൽപനയാണ് മുഖ്യ ലക്ഷ്യമെന്നതിനാൽ ലോട്ടറി വകുപ്പു ഇത്തരം പ്രവണതകൾക്കു നേരെ കണ്ണടയ്ക്കുകയാണ്. ടിക്കറ്റുകൾ സെറ്റാക്കി വിൽക്കുന്നതും വ്യാപകമാണ്.

സബ് ഏജന്റ് എന്നനിലയിലാണ് വാളയാറിൽ നിന്നും നടരാജ് ടിക്കറ്റെടുത്തത്. രണ്ടരക്കോടി രൂപയാണ് കമ്മിഷൻ ഇനത്തിൽ ഇദ്ദേഹത്തിന് ലഭിക്കുക. കൊടുവായൂർ കോട്ടയ്ക്കാട്ടുതറ ഗണേശം വീട്ടിൽ പി.എ. ഗണേശിന്റെ ഭാര്യ എസ്. ഷീബയുടെ പേരിലാണ് ബാവ ഏജൻസി. കഴിഞ്ഞ ഒരു വർഷത്തിനിടെ നറുക്കെടുത്ത 7 ബംപർ ടിക്കറ്റുകളിൽ 3 ഒന്നാം സമ്മാനങ്ങൾ പോയത് പാലക്കാട്ടേക്ക് ആയിരുന്നു. മൺസൂൺ, ക്രിസ്മസ്, ഇന്നലത്തെ തിരുവോണം ബംപർ എന്നിവയുടെ ഒന്നാം സമ്മാനങ്ങളാണു പാലക്കാട്ടേക്കു പോയത്.

തമിഴ്‌നാട്ടിൽനിന്ന് ആളെത്തി കേരള ഭാഗ്യക്കുറി വാങ്ങുന്നതിനാൽ ടിക്കറ്റ് വിൽപനയിൽ പാലക്കാടും തിരുവനന്തപുരവുമാണു മുൻപിൽ. ഓണം ബംപർ ടിക്കറ്റ് വിൽപനയിൽ മുന്നിലുള്ള ജില്ലകൾ: പാലക്കാട് (7.19 ലക്ഷം), തിരുവനന്തപുരം (6.33 ലക്ഷം), തൃശൂർ (5.90 ലക്ഷം), എറണാകുളം (5.57 ലക്ഷം), കോട്ടയം (3.92 ലക്ഷം).