തൃശ്ശൂർ: പൂരം പ്രദർശനത്തിന്റെ തറവാടക വർധിപ്പിച്ചതുമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇത്തവണ പൂരം ഒരാനപ്പുറത്ത് ചടങ്ങു മാത്രമാക്കുമെന്ന് പ്രമേയം സർക്കാരിന് വലിയ തലവേദനയാകും. ലോക്‌സഭാ തിരിഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഈ വിവാദം. തൃശൂരിനെ ആകെ സ്വാധീനിക്കുന്ന തരത്തിലേക്ക് ഈ വിവാദം മാറാനും സാധ്യതയുണ്ട്. തൃശൂരിൽ ബിജെപി അടക്കം അതിശക്തമായ മത്സരത്തിനാണ്. സുരേഷ് ഗോപി മത്സരിക്കുമെന്നും ഉറപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൃശൂരിലേക്ക് എത്തുന്നു. ഇതിനിടെയാണ് പ്രമേയം.

പൂരത്തിന്റെ പ്രധാന സംഘാടകരായ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്ത പൊതുയോഗമാണ് തീരുമാനമെടുത്തത്. ആദ്യമായാണ് ഇത്തരമൊരു യോഗം. പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. പൂരത്തിന്റെ വരുമാനസ്രോതസ്സായ പ്രദർശനത്തിന് കൊച്ചിൻ ദേവസ്വംബോർഡ് വൻതോതിൽ വാടക വർധിപ്പിച്ചതാണ് പ്രശ്‌നത്തിന് കാരണം. ബോർഡിനെതിരേ യോഗത്തിൽ കടുത്ത വിമർശനമുയർന്നു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് ബോർഡ്. അതുകൊണ്ട് തന്നെ വിമർശനം സർക്കാരിനും എതിരാണ്.

മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്. വരുന്ന പൂരം പ്രദർശനക്കമ്മിറ്റിയായിക്കഴിഞ്ഞു. സ്റ്റാളുകളുടെ ലേലം തുടങ്ങാനുള്ള സമയം വൈകി. എന്നിട്ടും പ്രദർശനനഗരി അനുവദിച്ചിട്ടില്ലെന്നും പ്രമേയത്തിൽ പറയുന്നു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം. ബാലഗോപാലാണ് പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയത്തെ സർക്കാരും ഗൗരവത്തോടെ കാണും. അതിവേഗം പ്രശ്‌ന പരിഹാരവും ഉണ്ടാകും. ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ ചർച്ചയാക്കിയ അതേ ദുഷ്ടലാക്ക് ഇതിനുമുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.

കഴിഞ്ഞ വർഷം എട്ടു ശതമാനം വർധനയോടെ 42 ലക്ഷമാണ് വാടക നൽകിയതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ യോഗത്തെ അറിയിച്ചു. എന്നാൽ, കൊച്ചിൻ ദേവസ്വംബോർഡ് 2.20 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച കേസിൽ തീരുമാനമാകുകയും കഴിഞ്ഞ വർഷത്തെ തുക പൂർണമായും അടക്കുകയും ചെയ്തശേഷമേ ഇപ്പോഴത്തെ അപേക്ഷ പരിഗണിക്കൂവെന്നാണ് അധികൃതർ അറിയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. ഇത് കൂടുതൽ പ്രതിസന്ധിയായി മാറും.

അതിനിടെ ഈ തുക മുഴുവൻ ദേവസ്വത്തിന് നൽകാനുള്ള ആലോചനകൾ ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഇത് രാഷ്ട്രീയ ചർച്ചയാക്കാൻ കൂടിയാണ് ഇത്. സിപിഎമ്മും എല്ലാം തിരിച്ചറിയുന്നു. കരുവന്നൂരിൽ തൃശൂരിലെ സിപിഎം പ്രതിസന്ധിയിലാണ്. അതിനിടെയാണ് തൃശൂർ പൂരത്തിലെ വിവാദവും ഉയരുന്നത്. അതുകൊണ്ട് തന്നെ സമചിത്തതയോടെ ഇതിനെ നേരിടും. തറവാടകയിൽ ഉറച്ച നിലപാടിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം. പ്രധാനമന്ത്രി മോദി തൃശൂരിൽ എത്തും മുമ്പ് പ്രശ്‌ന പരിഹാരം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തും.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി പലവട്ടം ചർച്ചനടത്തിയിട്ടും പ്രശ്‌നത്തിന് ഇതുവരെ പരിഹാരമുണ്ടായില്ലെന്ന് അധ്യക്ഷത വഹിച്ച തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദർ മേനോൻ അറിയിച്ചു. ഇതുകൊണ്ടുതന്നെ പൂരം എങ്ങനെ നടത്തുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂരം പ്രദർശനത്തിന്റെ പേരിൽ പൂരം ചടങ്ങാക്കിമാറ്റിയ സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അറിയിച്ചു.

1963-ൽ മുനിസിപ്പൽ സ്റ്റേഡിയം നിർമ്മാണക്കമ്മറ്റിയെ പ്രദർശനം നടത്തിപ്പ് ഏൽപ്പിക്കാൻ അന്ന് ഇതിന്റെ ചുമതലയുണ്ടായിരുന്ന നഗരസഭ തീരുമാനിച്ചു. ദേവസ്വങ്ങൾക്കുള്ള വിഹിതം നൽകാൻ ഇവർ തയ്യാറാകാത്തതിനെത്തുടർന്നാണ് പൂരം ചടങ്ങുമാത്രമാക്കിയത്.