കൊച്ചി: കാലത്തിനുമുമ്പേ പിറന്ന സിനിമ. 1987 ജൂലൈ 31 റിലീസായ പത്മരാജന്റെ തൂവാനത്തുമ്പികൾ പറഞ്ഞത് അന്നുവരെ മലയാളിക്ക് കണ്ടുപരിചയമില്ലാത്ത സ്ത്രീ പുരുഷ ബന്ധത്തിന്റെ വേറിട്ടതലമായിരുന്നു. തീയേറ്ററുകളിൽ പരാജയപ്പെട്ട ചിത്രമായിരുന്നു അത്. ആ വർഷത്തെ സിനിമ അവാർഡുകളിലും ചിത്രം ഇടം പിടിച്ചില്ല. പക്ഷേ കഴിഞ്ഞ 37 വർഷമായി മലയാളത്തിലെ ചലച്ചിത്ര പ്രേമികൾക്കിടയിൽ ഇന്നും ഒരു കൾട്ടായി ആ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരോവട്ടം കാണുമ്പോഴും പുതിയതെന്തെങ്കിലും കണ്ടെത്താനാവുന്ന എന്തോ ഒരു മാജിക്കുണ്ട് തൂവാനത്തുമ്പികൾക്ക്.

ന്യുജൻ സംവിധായകരുടെ പാഠപുസ്തകമാണ് ഈ ചിത്രം. ഇന്നും ഓരോ വർഷവും തൂവാനത്തുമ്പികളെക്കുറിച്ച് പുതിയ ചർച്ചകളും പഠനങ്ങളും വരുന്നു. ലക്ഷക്കണക്കിന് ആളുകൾ ചിത്രം കാണുന്നു. മലയാളത്തിൽ ഇതുപോലെ കൾട്ടായ ഒരു ചിത്രം വേറെ ഇല്ലെന്ന് പറയാം.മലയാള സിനിമയിലെ ക്ലാസിക് ലവ് സ്റ്റോറിയായി മാറിയ ചിത്രമാണ് തൂവാനതുമ്പികൾ. എന്നെന്നും സിനിമപ്രേമികൾ ഹൃദയത്തോട് ചേർക്കുന്ന ഈ ചിത്രം പുറത്തിറങ്ങിയിട്ട് 37 വർഷങ്ങൾ ആയി. രണ്ട് സ്ത്രീകളുമായി പ്രണയത്തിലാകുന്ന ജയകൃഷ്ണന്റെ കഥ വർഷങ്ങൾക്കിപ്പുറം വലിയ ആരാധകരുള്ള ചിത്രമായി മാറി.

ഓരോ വർഷവും ജയകൃഷ്ണനെക്കുറിച്ചും ക്ലാരയെക്കുറിച്ചും, കൂട്ടിക്കൊടുപ്പുകാരനായ തങ്ങളെക്കുറിച്ചുമെല്ലാം പഠനങ്ങളും, പുതിയ കാഴ്ചപ്പാടുകളും പലരും സിനിമാ ഗ്രൂപ്പുകളിൽ ഉയർത്താറുണ്ട്. ഇപ്പോഴിതാ അതുപോലെ വ്യത്യസ്തമായ ഒരു നിരീക്ഷണം നടത്തുകയാണ് പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭൻ.

അയാൾ എന്തുകൊണ്ട് ധ്യാനിക്കുന്നു

സ്വന്തം നാട്ടിൽ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്വസ്ഥ ജീവിതം നയിക്കുന്ന ജയകൃഷ്ണൻ, നഗരത്തിൽ വരുമ്പോൾ മദ്യപിക്കുന്നതും സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതുമായുള്ള കഥാപാത്രമാണ്. ചിത്രത്തിൽ ഒരു ബാറിലിരുന്ന് മദ്യപിക്കുന്ന ഒരു രംഗത്തിൽ ജയകൃഷ്ണൻ മറ്റ് ബഹളങ്ങൾക്കിടയിൽ ഒരു നിമിഷം ഉൾവലിയുന്ന രംഗമുണ്ട്. എന്നിട്ട് ഒരു നിമഷം ധ്യാനത്തിലെന്നപോലെ ചിന്തിച്ചു നിൽക്കുന്നു.

ഇത് മറ്റൊരു രംഗത്തിലും ആവർത്തിക്കുന്നുണ്ട്..ഈ രംഗം കൊണ്ട് പത്മരാജൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പല സിനിമാഗ്രൂപ്പുകളിലും ചർച്ച നടക്കാറുണ്ട്. 37 വർഷത്തിന് ശേഷം ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. സംവിധായകൻ ബ്ലെസിക്കൊപ്പമുള്ള ഒരു ചിത്രം അനന്തപത്മനാഭൻ ഫേസ്‌ബുക്കിൽ പങ്കുവച്ചപ്പോഴാണ് ഒരാൾ ഈ ചോദ്യവുമായി എത്തിയത്. ഇതിനാണ് അനന്തപത്മനാഭൻ മറുപടി നൽകിയത്. 'He is contemplating (അയാൾ ചിന്താമഗ്‌നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പിൽ കുറിച്ചത്. അത് തുടർപദ്ധതികൾ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടൻ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒര ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്''- എന്നാണ് അനന്തപത്മനാഭന്റെ മറുപടി.

ഗ്രാമത്തിലെ വലിയ വീട്ടിൽ തായ്മൊഴിയായി കിട്ടിയ സ്വത്തിന്റെ മേൽനോട്ടം വഹിച്ച് കഴിയുന്ന പിശുക്കനും കടും പിടുത്തക്കാരനുമായ ജയകൃഷണൻ എന്ന മോഹൻലാലിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ആൺമേധാവിത്വത്തിന്റെ ലക്ഷണമൊത്തൊരു നായകനാണ് ജയകൃഷ്ണൻ. എന്നാൽ വീട് വിട്ടാൽ റൊമാന്റിക്കും, ചങ്ക് ബ്രോയുമാണയാൾ. ഇങ്ങനെ ദൈത്വ ജീവിതം നയിക്കുന്ന വളരെ സങ്കീർണ്ണമായ ഒരു കഥാപാത്രത്തിന്റെ ഗതിവിഗതികളും, മറ്റൊരു മുഖവും കാണിച്ചുതരുന്ന സീനായിരുന്നു ഇത്. ക്ലാസിക്ക് എന്നാണ് ഈ രംഗത്തെ നിരൂപകരും വിലയിരുത്തുന്നത്.

അതും ഉണ്ണിമേനോൻ സ്റ്റെൽ

അതേസമയം, പത്മരാജന്റെ തന്നെ നോവലായ ഉദകപ്പോളയെ ഭാഗികമായി അടിസ്ഥാനമാക്കിയാണ് തൂവാനത്തുമ്പികൾ ഒരുക്കിയത്. തൃശ്ശൂർ നഗരത്തിൽ ജീവിതം ആസ്വദിച്ച് ആഘോഷമാക്കിയ അഡ്വ. ഉണ്ണിമേനോന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. കൂട്ടുകാർക്കിടയിൽ ആഘോഷം നടക്കുമ്പോൾ ഇടക്ക് വീട്ടിലേക്ക് മുങ്ങുന്ന ആ രീതിയും ഉണ്ണിമേനോന്റെ സ്റ്റെൽ ആയിരുന്നു.

1965ൽ തൃശൂർ ആകാശവാണിയിൽ അനൗൺസറായി ചേർന്നകാലത്താണ് പത്മരാജൻ തൃശൂരിലെ രാത്രി സൗഹൃദക്കൂട്ടങ്ങളിൽ എത്തുന്നത്. അന്ന് പരിചയപെട്ട കാരിക്കകത്ത് ഉണ്ണിമേനോൻ ആണ് ഉദകപ്പോള നോവലിലെ ഒരു കഥാപാത്രമായത്. കഞ്ചാവ് വർക്കി, എക്സ്പ്രസ്സ് ജോർജ്, വിജയൻ കാരോട്ട് തുടങ്ങിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അധികരിച്ചാണ് സഹ കഥാപാത്രങ്ങളെ മെനഞ്ഞത്. ശക്തൻ സ്റ്റാൻഡിനു സമീപമുള്ള കാസിനോ ഹോട്ടലിലെ ശബരി ബാർ ആയിരുന്നു ഇവരുടെ തട്ടകം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി സിനിമയിൽ പത്മരാജൻ സംയോജിപ്പിച്ചു.

തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂർ എന്ന ഗ്രാമത്തിൽ ധാരാളം ഭൂസ്വത്തുക്കൾ ഉള്ള പഴയ ഫ്യൂഡൽ തറവാട്ടിൽ ഒരു അഡ്വക്കേറ്റിന്റെ രണ്ടാമത്തെ മകനായിട്ടായിരുന്നു ഉണ്ണി മേനോന്റെ ജനനം. മൂത്ത മകൻ നന്നേ ചെറുപ്പത്തിൽ മരിച്ചതുകൊണ്ട് ഇദ്ദേഹത്തെ വളരെ ലാളിച്ചാണ് വളർത്തിയത്. വിദ്യാഭ്യാസത്തിന് കേരളവർമ്മ കോളേജിൽ എത്തിയത് മുതലാണ് സിനിമയിൽ കാണിച്ചത് പോലെയുള്ള ജീവിതം ആരംഭിച്ചതത്രേ. കൈയിൽ ധാരാളം പൈസയും സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യാനുള്ള സാഹസിക മനോഭാവവും ആണ് തനിക്ക് ഇത്ര വലിയ സൗഹൃദവലയം ഉണ്ടാക്കിത്തന്നത് എന്ന് ഉണ്ണി മേനോൻ വിശ്വസിക്കുന്നു. പെരുവല്ലൂർ എന്ന ഗ്രാമത്തിൽ നിന്ന് തൃശ്ശൂർ നഗരത്തിലേക്ക് വരുന്നത് ഭയങ്കര റിലാക്സേഷൻ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. പത്തൻസിലെ മസാലദോശ, ഐസിട്ട നാരങ്ങ വെള്ളം, സുഹൃത്തുക്കൾക്കൊപ്പം ബാറിൽ പോകുന്നത്, സിനിമ കാണാൻ എറണാംകുളത്തേയ്ക്കുള്ള യാത്രകൾ അങ്ങനെ അങ്ങനെ. സുഹൃത്തുക്കളുടെ സന്തോഷത്തിനുവേണ്ടി എന്തും ചെയ്യുന്ന ആളാണ് ഉണ്ണിമേനോൻ. ആ മാനറിസങ്ങൾ 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച സക്കറിയയിലും കാണാം.

ആ കാലത്തെ സാഹിത്യ രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖരെല്ലാം ഉണ്ണി മേനോന്റെ സുഹൃത്തുക്കൾ ആയിരുന്നു. കേരളവർമ്മയിൽ നിന്ന് മലയാളം ബിഎ കഴിഞ്ഞ ശേഷം ഉണ്ണിമേനോൻ എർണാംകുളം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടുന്ന സമയത്ത് ഉമ്മൻ ചാണ്ടി അവിടെ ക്ലാസ്മേറ്റ് ആയിരുന്നു. കുറച്ചു കാലം അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തു. അത് കഴിഞ്ഞ് 1975 ൽ ദുബായിലേക്ക് പോയി.

ഇപ്പോൾ രണ്ടുമക്കളും അകാലത്തിൽ മരിച്ച വിഷമത്തിൽ, വിശ്രമജീവതം നയിക്കുന്ന ഉണ്ണിമേനോൻ മനോരമക്ക് അനുവദിച്ച അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. - ''തൂവാനത്തുമ്പികൾ കണ്ട് ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം അതിലെ മണ്ണാർത്തൊടി ജയകൃഷ്ണൻ 95 ശതമാനവും ഞാൻ തന്നെയാണ്. പത്മരാജൻ എന്നെ അത്ര കൃത്യമായിട്ടാണ് നിരീക്ഷിച്ചിരിക്കുന്നത്. പത്മരാജന് പറഞ്ഞുകൊടുത്ത വിവരങ്ങൾ അനുസരിച്ചാണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളതെങ്കിലും ഒരു നടന് എങ്ങനെ എന്നെ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചു എന്ന് അതിശയിച്ചു.

മോഹൻലാൽ എന്നെ കണ്ടിട്ടില്ല, പക്ഷെ അതിൽ അശോകനെ ഒരു സ്ത്രീക്കൊപ്പം മുറിയിലാക്കി വാതിലടച്ച് തിരിച്ചുവരുന്ന രംഗത്തിലെ മുഖഭാവമൊക്കെ ഞാൻ കാണിക്കുന്നത് പോലെ തന്നെയാണ്. മാർക്കറ്റിൽ പോകുമ്പോൾ സഞ്ചി പിടിക്കുന്ന രീതിയും എന്തെങ്കിലും കള്ളത്തരം കാട്ടുമ്പോഴുള്ള തലയാട്ടലുമെല്ലാം ഞാൻ തന്നെ. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കുന്നതിന്റെ ഇടയിൽ ജയകൃഷ്ണൻ ഒറ്റമുങ്ങൽ മുങ്ങില്ലേ; ഞാനും അതുപോലെ തന്നെയായിരുന്നു. സുഹൃത്തുക്കളുടെ ഇടയിൽ നിന്നും മുങ്ങി പൊങ്ങുന്നത് വീട്ടിലായിരിക്കും, കുട്ട്യോൾക്ക് ബിസ്‌ക്കറ്റൊക്കെ വാങ്ങിക്കൊടുത്ത് പിന്നെയും സുഹൃത്തുക്കളുടെ ഇടയിലേക്ക് പോകും''- ഇങ്ങനെയായിരുന്നു അക്കാലത്തെ ഉണ്ണിമേനോന്റെ ജീവിതം.