തിരുവനന്തപുരം: ഖജാനാവിനെ താങ്ങി നിർത്താൻ തടിയിലൂടെ ശ്രമിച്ച് പിണറായി സർക്കാർ. ട്രഷറിയിലേക്ക് പണം സ്വരൂപിക്കാൻ വനംവകുപ്പിന്റെ ഡിപ്പോകളിൽ കെട്ടിക്കിടക്കുന്ന തടികൾ ഉടൻ ലേലംചെയ്യണമെന്ന നിർദേശവുമായി ധനവകുപ്പ്. വനം വകുപ്പിന്റെ പല ഡിപ്പോകളിലായി ഈട്ടി, തേക്ക് തുടങ്ങി വിവിധയിനം തടികളുണ്ട്. ഇതെല്ലാം അതിവേഗം വിൽക്കും. ഓരോ വകുപ്പിൽ നിന്നും പണമുണ്ടാക്കാനുള്ള സാധ്യതകൾ ധന വകുപ്പ് മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തടിയുടെ സാധ്യത തിരിച്ചറിഞ്ഞത്.

അതിനിടെ പഴിയെല്ലാം ധന വകുപ്പിന്റെ തലയിൽ വയ്ക്കുകയാണ് വനംവകുപ്പ്. വനംവകുപ്പിനെ ധനവകുപ്പ് പരിഗണിക്കുന്നില്ലെന്നാണ് ആരോപണം. ബജറ്റ് വിഹിതത്തിന്റെ പത്തിരട്ടി തുകയെങ്കിലും വനംവകുപ്പ് വർഷാവർഷം ട്രഷറിയിലേക്ക് തിരിച്ചടയ്ക്കുന്നുണ്ട്. കരാറുകാർക്ക് നൽകാനുള്ള തുകയും ട്രഷറിയിൽ തീരുമാനം കാത്തു കിടക്കുകയാണ്. അതിനാൽ കൂപ്പിൽനിന്ന് പുതുതായി തടിമുറിച്ച് ഡിപ്പോയിൽ എത്തിക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

വനംവകുപ്പിന്റെ 28 ഡിപ്പോകളിലായി 150 കോടിയുടെ തടികൾ കെട്ടിക്കിടപ്പുണ്ടെന്നാണ് കണക്ക്. സമയബന്ധിതമായി ലേലംചെയ്ത് പണം നൽകണമെന്ന് കഴിഞ്ഞദിവസംചേർന്ന വരുമാനദായകവകുപ്പുകളുടെ യോഗത്തിൽ ധനമന്ത്രി നിർദേശിച്ചു. പ്രതികൂല കാലാവസ്ഥകാരണമാണ് ലേലം നടക്കാത്തതെന്നാണ് വനംവകുപ്പ് നൽകിയ മറുപടി. മറ്റു തടസ്സങ്ങൾ നീക്കി ഉടൻ തടി വിറ്റഴിക്കാനാണ് ധനവകുപ്പിന്റെ നിർദ്ദേശം.

വാങ്ങാൻ ആളില്ലാത്തതിനാൽ 2020 മുതൽ അട്ടിയിട്ടിട്ടുള്ള തടികൾ ചില ഡിപ്പോകളിലുണ്ട്. ചില ഡിപ്പോകളിൽ കോവിഡ് സാഹചര്യത്തിൽ ലേലം മുടങ്ങി. 40 തവണവരെ ഇ-ലേലം മാറ്റിവെച്ചതും ഇതിൽപ്പെടും. വനംവകുപ്പ് ഉയർന്ന അടിസ്ഥാനവില നിശ്ചയിച്ചതിനാലാണ് കരാറുകാർ തടിവാങ്ങാൻ മടിക്കുന്നതെന്നാണ് സൂചന. ഇതിനെല്ലാം പിന്നിൽ ഒത്തുകളികളും ആരോപിക്കുന്നുണ്ട്.

ബജറ്റ് വിഹിതംപോലും ധനവകുപ്പ് കൃത്യമായി നൽകുന്നില്ലെന്ന പരാതിയാണ് വനംവകുപ്പിന്. കഴിഞ്ഞ സാമ്പത്തികവർഷം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കൊല്ലവും ഇതേ നിലപാടാണ് തുടരുന്നത്. ഇത് മാറിയാൽ കരാറുകാർക്ക് പണം നൽകി കൂടുതൽ തടി ഡിപ്പോകളിൽ എത്തിക്കാം. അങ്ങനെ വരുമാനം ഉയർത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ബജറ്റ് വിഹിതത്തിനായി വനംവകുപ്പും പരാതി പറയുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ 114 വർഷം പഴക്കമുള്ള നിലമ്പൂർ തേക്കിന് ലേലത്തിൽ ലഭിച്ചത് 39.25 ലക്ഷം രൂപയായിരുന്നു. വനം വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. കയറ്റുമതിയിനത്തിൽപ്പെട്ട ഈ തേക്കുമരത്തിന്റെ മൂന്ന് ഭാഗങ്ങളും സ്വന്തമാക്കിയത് തിരുവനന്തപുരത്തു കാരനായിരുന്നു. 1909ൽ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാർ വച്ചുപിടിച്ച പ്ലാന്റേഷനിൽ നിന്ന് ഉണങ്ങി വീണ തേക്കുമരത്തിന്റെ 3 കഷ്ണങ്ങൾ കഴിഞ്ഞ 10ന് നെടുങ്കയം ഡിപ്പോയിൽ ലേലത്തിന് വയ്ക്കുകയായിരുന്നു. മൂന്ന് കഷ്ണങ്ങൾ കൂടി എട്ട് ഘനമീറ്ററോളം വരും. കയറ്റുമതി ഇനത്തിൽപ്പെട്ട മൂന്ന് തേക്ക് കഷ്ണങ്ങളും വാശിയേറിയ ഇ - ലേലത്തിലാണ് പോയത്. അതായത് തടി വാങ്ങാൻ ആളുണ്ട്. എന്നാൽ നടപടി ഉണ്ടാകുന്നില്ല.

ഒരു കഷ്ണത്തിന് മാത്രം 23 ലക്ഷം രൂപയാണ് സർക്കാരിന്റെ 27 ശതമാനം നികുതി ഉൾപ്പെടെ നൽകിയത്. മറ്റ് രണ്ട് കഷ്ണണങ്ങൾക്ക് ഒന്നിന് 5.25 ലക്ഷവും രണ്ടാമത്തെ കഷ്ണണത്തിന് 11 ലക്ഷവും ലഭിച്ചു. അങ്ങനെ ഉണങ്ങി വീണ ഒരു തേക്കിന് സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 39.25 ലക്ഷം രൂപയാണ്. സംരക്ഷിത പ്ലാന്റേഷനായതിനാൽ ഉണങ്ങി വീഴുകയോ കടപുഴകി വീഴുകയോ ചെയ്യുമ്പോൾ മാത്രമാണ് ചരിത്ര വിലകൾ ലഭിക്കാവുന്ന തേക്ക് തടികൾ ലേലത്തിൽ വയ്ക്കുക.

ഉയർന്ന വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ വില പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെ ഉണങ്ങി വീഴുന്ന മരങ്ങൾ ലേലത്തിന് കൊണ്ടു വരാൻ കരാറുകാർ ആവശ്യമാണ്. ഇതുകൊണ്ടാണ് ബജറ്റ് വിഹിതവും കരാറുകാരുടെ കുടിശികയുമെല്ലാം ചർച്ചയാകുന്നതും.