ണ്ടാം ടൈറ്റാനിക്ക് ദുരന്തം എന്ന് വിളിക്കുന്ന, ടൈറ്റൻ സമൂദ്രപേടകത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി, പ്രതീക്ഷയോടെ കാത്തിരിക്കയാണ് ലോകം. ഒരു നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പൽ സന്ദർശിക്കാനായി പോയ അഞ്ച് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെറ്റൻ അന്തർവാഹിനിയിൽ, ശതകോടീശ്വരന്മാർ അടക്കം അഞ്ചുപേരാണ് ഉള്ളത്. യുഎസ് കമ്പനിയായ ഓഷ്യൻ ഗേറ്റ് ടൈറ്റൻ പേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30 നാണ് പേരന്റ് ഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. ഇപ്പോഴും ഇത് എവിടെയാണെന്ന് അറിയാനായിട്ടില്ല. പേടകത്തിലെ ഓക്സിജൻ തീർന്നുവരികയുമാണ്.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെന്റി നാർസലേ, ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുള്ളത്.

ടൈറ്റന് കടലിൽ 4000 മീറ്റർ ആഴംവരെ പോകാൻ കഴിയും. നീളം ആറര മീറ്റർ. അഞ്ചുപേർക്ക് 96 മണിക്കൂർ കഴിയാൻ വേണ്ട ഓക്സിജൻ ഇതിലുണ്ട്. മണിക്കൂറിൽ 5.6 കിലോമീറ്റർ വേഗം. സാഹസികയാത്രികരെ ടൈറ്റാനിക് അവശിഷ്ടം കാണാൻ കൊണ്ടുപോകാനും, കടലിനടിയിലെ സർവേകൾക്കും, ഗവേഷണത്തിനും വിവരശേഖരണത്തിനും സിനിമാചിത്രീകരണത്തിനുമെല്ലാം ഇത് ഉപയോഗിക്കാം. എട്ടുദിവസത്തെ ടൈറ്റാനിക് പര്യടനത്തിന് ഒരാളിൽ നിന്ന് രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) ഓഷ്യൻഗേറ്റ് ഈടാക്കുന്നത്. ഇപ്പോൾ ടൈറ്റനിൽ കടുങ്ങിക്കിടക്കുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് ആയിരുന്നു ഈ പദ്ധതിയുടെ സൂത്രധാരൻ. പക്ഷേ ഇപ്പോൾ അപകടത്തിന്റെ വാർത്തകൾ വന്നതോടെ, ഓഷ്യൻ ഗേറ്റിനെതിരെയും മാധ്യമങ്ങൾ വിമർശനം ഉയർത്തുന്നുണ്ട്.

ഉണ്ടായത് സുരക്ഷാവീഴ്ച?

ടൈറ്റനകത്തിരുന്ന് അത് നിയന്ത്രിക്കുന്ന വീഡിയോ ഗെയിം കൺട്രോളർ പരിചയപ്പെടുത്തുന്ന സ്റ്റോക്ടൻ റഷിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പക്ഷേ ഇത് ആമസോണിൽ നിന്നും വാങ്ങാൻ കഴിയുന്ന വില കുറഞ്ഞ വീഡിയോ ഗെയിം കൺട്രോളർ ആണെന്ന് റിപ്പോർട്ട്. ആമസോണിൽ വെറും 42 പൗണ്ടിന് ( ഏതാണ്ട് 3761 ഇന്ത്യൻ രൂപ) ലഭ്യമായ വീഡിയോ ഗെയിം കൺട്രോളറാണ് കാണാതായ ഓഷ്യൻ ഗേറ്റ് ടൈറ്റൻ സബ്‌മെർസിബിൾ പ്രവർത്തിപ്പിക്കുന്നതെന്ന് ദ മിറർ പത്രമാണ് റിപ്പോർട്ട് ചെയ്തത്.വിഡിയോ ഗെയിം നിയന്ത്രിക്കുന്ന ഉപകരണംകൊണ്ട്, സമുദ്രത്തിന്റെ 4000 മീറ്റർ താഴ്ചയിൽ പോകുന്ന സമുദ്രപേടകം നിയന്ത്രിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

മദർഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായി, ടൈറ്റനെ ബന്ധിപ്പിച്ചിരുന്നത് ഈ കൺട്രോളർ വഴിയായിരുന്നു.കപ്പലിൽ നിന്നും പങ്കുവച്ച ഒരു ഓൺബോർഡ് വീഡിയോയിൽ നിന്നുള്ള സൂചനകളിൽ നിന്നാണ് ഇത് വില കുറഞ്ഞ കൺട്രോളറാണെന്ന് മിറർ റിപ്പോർട്ട് ചെയ്തത്. ചില അറ്റാച്ച്‌മെന്റുകൾക്കൊപ്പം അപ്‌ഗ്രേഡ് ചെയ്ത ഒരു ലോജിടെക് എ710 ആണ് ഇത് നിയന്ത്രിക്കുന്നതെന്നും മിറർ ചൂണ്ടിക്കാട്ടുന്നു. ആമസോണിൽ ഈ ഉപകരണത്തെ കുറിച്ച് ഭൂരിഭാഗം പേരും മികച്ച അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും ചിലർ വയർലെൻസ്, കണക്റ്റിവിറ്റി പ്രശ്നങ്ങളെ കുറിച്ചും പരാതിപ്പെട്ടതായി മിറർ ചൂണ്ടിക്കാട്ടുന്നു.

2009ൽ റഷ് സ്ഥാപിച്ച ഓഷ്യൻഗേറ്റ് എക്സ്പഡീഷൻസ് കമ്പനി 2021 മുതൽ ടൈറ്റാനിക് പര്യവേക്ഷണം നടത്തുന്നുണ്ട്. 6000 മീറ്റർ വരെ താഴ്ചയിൽ പോകാവുന്ന സമുദ്രപേടകം നിർമ്മിച്ച് ഈ മേഖലയിൽ ഏറ്റവും മികച്ച കമ്പനിയാവാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സിഇഒയായ റഷായിരുന്നു. ഈ യാത്രയിൽ കോടീശ്വരന്മാരെ അനുഗമിച്ച അഞ്ചാമനും ഇദ്ദേഹം തന്നെ.

പരാതികൾ അവഗണിച്ചു

യുഎസ്. ടെലിവിഷൻ തിരക്കഥാകൃത്ത് മൈക്ക് റീസ് കഴിഞ്ഞ വർഷം ടൈറ്റനിൽ ടൈറ്റാനിക് കാണാൻ പോയിരുന്നു. അപ്പോൾ താൻ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെ ആയിരുന്നെന്ന് അദ്ദേഹം എഴുതിയിരുന്നു. അന്തരീക്ഷമർദത്തെക്കാൾ 400 ഇരട്ടിമർദ്ദമാണ് കടലാഴത്തിലുണ്ടായത്. ദിശയറിയാനുള്ള യന്ത്രത്തിന്റെ പ്രവർത്തനം അതോടെ നിലച്ചു. ടൈറ്റാനിക് എവിടെയെന്നുകാണാനാകാതെ ചുറ്റിക്കറങ്ങി. 500 അടിമാത്രം അകലെയുണ്ടായിരുന്ന ടൈറ്റാനിക്കിനായി 90 മിനിറ്റ് പരതി. ഇത് വലിയ പാളിച്ചയായാണ് മൈക്ക് റീസ് എഴുതിയത്. പക്ഷേ യാത്രപുറപ്പെടുംമുമ്പ് അപകടങ്ങളെക്കുറിച്ച് വിവരിക്കുന്ന സമ്മതപത്രത്തിൽ ഒപ്പിട്ടുകൊടുക്കണമെന്നുണ്ട്. ഇതിൽ എല്ലാ അപകടവും സംഭവിക്കാമെന്ന് റിസ്‌ക്ക് ഫാക്ടർ വിശദീകരിക്കുന്നുണ്ടെന്നാണ്, ടൈറ്റൻ കമ്പനി അധികൃതർ പറയുന്നത്.

ടൈറ്റൻ അങ്ങേയറ്റം അപകടം പിടിച്ചതാണെന്നും 4000 മീറ്റർ താഴ്ചയിൽ എത്തുമ്പോൾ 'ഹൾ' അവിടുത്തെ സമ്മർദ്ദത്തെ അതിജീവിക്കുമോ എന്ന് സംശയമുണ്ടെന്നും, അതിനാൽ പുറത്തുനിന്നുള്ള കമ്പനിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ഓഷ്യൻ ഗേറ്റിന്റെ മുൻ ഡയറക്ടർ ഡേവിഡ് ലോക്ഡ്രിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തെ കമ്പനിയിൽ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയുമായിരുന്നു റഷ് ചെയ്തത്. റഷിനും കമ്പനിക്കുമെതിരെ ലോക്ഡ്രിച്ചും കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഇത് ഒത്തുതീർപ്പായി. പുതിയ സംഭവവികാസങ്ങളോടെ, യാത്രികരുടെ ജീവൻ പണയം വയ്ക്കുന്നതായിരുന്നു റഷിന്റെ നടപടികൾ എന്ന ആരോപണവും ശക്തമാണ്.

കാണാതായ ടൈറ്റൻ അന്തർവാഹിനി പൂർണ്ണമായും പ്രവർത്തന സജ്ജമായിരുന്നില്ല എന്ന ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 2018ലാണ് ടൈറ്റൻ ടെറ്റാനിക് യാത്ര ആദ്യമായി ആസൂത്രണം ചെയ്തത്. എന്നാൽ, അന്ന് ഇടിമിന്നൽ മൂലം ചില ഇലക്ട്രോണിക് സംവിധാനങ്ങൾക്ക് തകരാറുകൾ സംഭവിച്ചതിനാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് 2019 ൽ കനേഡീയ മറൈൻ നിയമങ്ങൾ പാലിക്കില്ലെന്ന് കണ്ട് വീണ്ടും യാത്ര നിർത്തിവയ്ക്കേണ്ടതായി വന്നു. പിന്നീട് 2020ൽ കാര്യമായ തകരാറുകൾ സംഭവച്ചതിനെ തുടർന്ന് അത് പൂർണ്ണമായും പുനർനിർമ്മാണം നടത്തേണ്ടതായി വന്നു.

യഥാർത്ഥത്തിൽ കാർബൺ ഫൈബറും ടൈറ്റാനിയവും ഉപയോഗിച്ച് നിർമ്മിച്ച അന്തർവാഹിനി 4000 മീറ്റർ ആഴത്തിൽ(13,123 അടി) വരെ പോകുവാൻ കഴിവുള്ളതായിരുന്നു. എന്നാൽ, പുനർനിർമ്മാണത്തിനു ശേഷം നടത്തിയ പരീക്ഷണങ്ങളിൽ ഡെപ്ത് റേറ്റിങ് 3000 മീറ്റർ ആയി കുറഞ്ഞിരുന്നു. ഈ ആഴത്തിൽ പോയാൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപമെത്താൻ കഴിയില്ലെന്നതാണ് വാസ്തവം. ഈ പോരായ്മ തിരിച്ചറിഞ്ഞ ഓഷ്യൻ ഗെയ്റ്റ് അന്ന് നാസയുമായി യോജിച്ച് പ്രവർത്തിച്ച് കപ്പൽ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുമെന്ന് പറഞ്ഞിരുന്നു. ഈ ദുരന്ത യാത്രക്ക് മുമ്പായി പ്രശ്നങ്ങൾ പരിഹരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പക്ഷേ പരിഹരിച്ചുവെന്ന് പറഞ്ഞത് എത്രമാത്രം ശരിയായിരുന്നെന്നാണ്് ഇപ്പോൾ വിമർശകർ ഉയർത്തുന്ന ചോദ്യം.