കോഴിക്കോട്: വീണ്ടുമൊരു ജീവനെടുത്ത് 'നിപ്പ'ക്കാലം പിന്‍വാങ്ങുകയാണ്. മറ്റാര്‍ക്കും നിപ്പയില്ലെന്ന ആശ്വാസ വാര്‍ത്ത എത്തുമ്പോഴും കഴിഞ്ഞ 'നിപ്പ'ക്കാലത്തിന്റെ ബാക്കിപത്രമായി ദുരിതക്കിടക്കയിലായ ഒരു ആരോഗ്യപ്രവര്‍ത്തകന്‍ ഇവിടെയുണ്ട്. മംഗളൂരു മര്‍ദാല സ്വദേശി ടിറ്റോ തോമസാണ് (24) ഏവര്‍ക്കും നൊമ്പരമാവുന്നത്. കോഴിക്കോട് നഗരത്തില സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു ടിറ്റോ. ഇതേ ആശുപത്രിയില്‍ ഏട്ടുമാസമായി കോമയില്‍ തുടരുകയാണ് ടിറ്റോ. നിപ്പയ്ക്കു ശേഷമുള്ള ലേറ്റന്റ് എന്‍സഫലൈറ്റിസാണ് (നിപ എന്‍സഫലൈറ്റിസ്) ടിറ്റോയെ കിടപ്പിലാക്കിയത്.

2023ലാണ് ടിറ്റോയ്ക്ക് ആശുപത്രിയിലെത്തിയ രോഗിയില്‍ നിന്നും നിപ്പ പിടിപെടുന്നത്. രോഗി പിന്നീട് മരിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തിലെ നഴ്‌സായിരുന്ന ടിറ്റോയ്ക്ക് രോഗം ഭേദമായി. രോഗം ഭേദമായി പഴയ ചുറുചുറുക്ക് വീണ്ടെടുത്തെങ്കിലും പിന്നീട് ടിറ്റോ വീണ്ടും ആശുപത്രി കിടക്കയിലായി. ശക്തമായ തലവേദനയാണ് ടിറ്റോയെ വലച്ചത്. തുടര്‍ന്നു പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധയിലാണ് ലേറ്റന്റ് എന്‍സഫലൈറ്റിസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. നിപ്പ രോഗം മാറിയശേഷം പില്‍ക്കാല അവസ്ഥയുടെ ഭാഗമായി ചിലരില്‍ മസ്തിഷ്‌കജ്വരമുണ്ടാകുന്നതാണ് നിപ്പ എന്‍സഫലൈറ്റിസ്.

ഇത് ചിലപ്പോള്‍ രോഗബാധിതനെ അബോധാവസ്ഥയിലേക്കു നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് ഈ രോഗത്തിനു നല്‍കുന്നത്. രോഗം ബാധിച്ചതിന് പിന്നാലെ ടിറ്റോയും അബോധാവസ്ഥയിലായി. ഇദ്ദേഹത്തിനു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ തുടരുന്നത്. ചികിത്സച്ചെലവുകള്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് ഏറ്റെടുത്തിട്ടുണ്ട്. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞു.ജോലിയുപേക്ഷിച്ച് ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണു സഹോദരന്‍ ഷിജോ തോമസും അമ്മ ലിസിയും. തുടര്‍ചികിത്സയ്ക്കായി സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം വേണമെന്നാണു കുടുംബം പറയുന്നത്.