തിരുവനന്തപുരം:ഇവൻ അസുരൻ; പക്ഷേ കൂടെ നിന്നവർക്കും ആരാധിച്ചവർക്കും ഇവൻ ദേവനായിരുന്നു. കാത്തിരിക്കാം, ഇവന്റെ ദേവാസുര കഥകൾക്കായി.' വടക്കാഞ്ചേരിയിൽ അപകടത്തിൽപെട്ട ലൂമിനസ് ബസിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ നിറഞ്ഞുനിനിന്നരുന്ന കുറിപ്പാണിത്.ഇത്തരത്തിൽഅസുരനെന്നും,ആടുതോമയെന്നും,മന്നാടിയാരെന്നും,കൊമ്പനെന്നുമൊക്കെ പേരുകളിൽ രൂപമാറ്റം വരുത്തി നിരത്തുകളിൽ ആർത്തുല്ലസിച്ച് ചീറിപ്പാഞ്ഞിരുന്ന ടൂറിസ്റ്റ് ബസുകളോടായിരുന്നു പഠന വിനോദ യാത്രകൾക്കു പോകുന്ന പുതുതലമുറയ്ക്കു പ്രിയം. അത്തരത്തിൽ നിയമലംഘനം നടത്തിയവരെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായിരുന്നു ഏറ്റവുമൊടുവിൽ വടക്കഞ്ചേരിയിൽ പൊലിഞ്ഞ 9 ജീവനുകൾ.

ബസ്സുകൾ ഇത്തരത്തിൽ രൂപമാറ്റം വരുത്തി അനുവദിനീയമായതിൽ കവിഞ്ഞ് ലൈറ്റുകളും മറ്റും ഉപയോഗിച്ച് യാത്ര ചെയ്യാൻ പാടില്ല എന്ന നിയമവശങ്ങൾ നിലനിൽക്കേയായിരുന്നു നമ്മുടെ നിരത്തുകളിൽ ഇവ യഥേഷ്ടം സർവ്വീസ് നടത്തിയിരുന്നതെന്ന് ഓർക്കണം.ഇതിന് കടിഞ്ഞാണിടാൻ നേരത്തേ തന്നെ മോട്ടോർ വാഹന വകുപ്പ് ചില നിയമങ്ങൾ കൊണ്ടുവന്നിരുന്നു.ജൂൺ മുതൽ തന്നെ ടൂറിസ്റ്റ് ബസുകളുടെ നിറങ്ങളുടെ കാര്യത്തിൽ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. വെള്ള നിറത്തിൽ വയലറ്റും ഗോൾഡനും കലർന്ന വരയ്ക്കു മാത്രമേ അനുവാദമുള്ളു. മറ്റു നിറങ്ങളിലുള്ള ബസ് അടുത്ത ഫിറ്റ്‌നസ് പരിശോധനയുടെ സമയം മുതൽ പുതിയ കളർ കോഡിലേക്കു വരണമെന്നുമാണ് നിയമം.

ടൂർ പോകുന്നതിനു മുൻപ് സ്‌കൂളിന്റെ പരിധിയിലുള്ള ആർടിഒ ഓഫിസിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ പരിശോധന നടത്തി അനുമതി നൽകുകയും വേണമെന്നാണു നിയമം.എന്നാൽ പലരും ഇങ്ങനെ ചെയ്യാറില്ല.ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്നതൊന്നും ബസിൽ പാടില്ലെന്നാണ് നിയമം. എന്നാൽ ബസുകളിൽ ഡാൻസ് ഫ്‌ളോറുകൾ മുഴുവൻ സമയവും ഓൺ ആണ്. ബസിനുള്ളിൽ മാത്രമുണ്ടായിരുന്ന ലേസർ ലൈറ്റുകൾ പുറത്തേക്കു കൂടി പായുന്നതോടെ നിയമം അടിമുടി മാറുന്നു.

ടൂറിസ്റ്റ് ബസുകളിൽ ഉപയോഗിക്കുന്ന അതിതീവ്രശേഷിയുള്ള ലൈറ്റുകൾ അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്ന് കണ്ടെത്തലുണ്ട്. അരക്കിലോ മീറ്ററിലേറെ പ്രകാശം നൽകുന്ന എച്ച്ഐഡി ലൈറ്റുകൾ എതിർദിശയിൽ എത്തുന്നവരുടെ കാഴ്ചയെ തന്നെ മറയ്ക്കുന്നതാണ്. അതിരൂക്ഷ ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകളും അതീവ രഹസ്യമായാണ് ബസ്സുകളിൽ ഘടിപ്പിക്കുന്നത്.

എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കുന്ന രീതിയിലുള്ള എക്‌സ്ട്രാ ലൈറ്റിങ്ങും,അനുവദനീയമായതിലും കൂടുതൽ ശബ്ദ സംവിധാനങ്ങളും കൂടിയാകുന്നതോടെ ടൂറിസ്റ്റ് ബസുകൾ അപായവണ്ടികളാവും.
ഇതിൽത്തന്നെ പാനൽ ഘടിപ്പിച്ചുള്ള ലൈറ്റിങ്ങാണ പുതുതലമുറയ്ക്കിടയിൽ ട്രെൻഡ്.സമൂഹമാധ്യമങ്ങളിലടക്കം ഇത്തരത്തിലുള്ള യാത്രാ വീഡിയോകൾ പരക്കുന്നതോടെ ട്രൻഡിനൊപ്പമെത്തി തങ്ങളുടെ ഓട്ടം കൂട്ടുവാൻ കൂടുതൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുകയും ചെയ്യും.

വിനോദയാത്രകൾക്ക് പുതുതലമുറക്ക് ആവശ്യം ട്രൻഡിങ് ബസ്സുകൾ

ബസിന്റെ പുതുമ, മ്യൂസിക് സിസ്റ്റം, ലേസർ, ബസിന്റെ തലയെടുപ്പും എന്നിവയെല്ലാം ചോദിച്ചറിഞ്ഞശേഷം മാത്രമേ പുതുതലമുറ വിനോദയാത്രകൾക്ക് ബസുകൾ തിരഞ്ഞെടുക്കൂ. മറ്റു വിവരങ്ങളൊന്നും തന്നെ അവർക്കൊരു പ്രശ്‌നമല്ല. അസുരനെന്നും കൊമ്പനെന്നും ആടുതോമയെന്നും കിരാതനെന്നുമൊക്കെയുള്ള പേരുകളോടാണ ഇവർക്ക് പ്രിയം. ഇൻസ്റ്റഗ്രാം, ഫേസ്‌ബുക് പേജുകളിൽ ട്രെൻഡിങ് ആകുന്ന വാഹനങ്ങളാണ് കുട്ടികൾ പലപ്പോഴും തിരഞ്ഞെടുക്കുക.

കുറ്റക്കാരെ കണ്ടെത്താൻ ഓപ്പറേഷൻ ഫോക്കസ്

ടൂറിസ്റ്റ് ബസ്സുകളിലെ നിയമലംഘനം തടയുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന ഓപ്പറേഷൻ ഫോക്കസിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി രജിസ്റ്റർ ചെയ്തത് 1279 കേസുകളാണ്. എട്ട് ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. 2 ബസുകളുടെ രജിസ്റ്റ്രേഷൻ സസ്പെൻഡ് ചെയ്തു. 85 വാഹനങ്ങളിൽ വേഗപ്പൂട്ട് ക്രമക്കേട് കണ്ടെത്തി. ഓപറേഷൻ ഫോക്കസ് ത്രീയിൽ നിയമലംഘനങ്ങൾക്ക് 26,15,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.സൗണ്ട, ലൈറ്റ് ഫിറ്റിങ്, ഡാൻസിങ് ഫ്‌ളോർ, അമിതവേഗം തുടങ്ങിയവയ്‌ക്കെതിരെയാണ് നടപടി. രാത്രി പരിശോധന ശക്തമാക്കും. വേഗപ്പൂട്ട് വിഛേദനം, രൂപമാറ്റം എന്നിവയ്‌ക്കെതിരെയും കേസെടുക്കും.

പിഴ ഇങ്ങനെ

അനധികൃത രൂപമാറ്റം (ലൈറ്റ്, ശബ്ദം തുടങ്ങിയവയ്ക്ക് ഓരോന്നിനും- 5,000.
വേഗപ്പൂട്ട് വിഛേദിച്ചാൽ - 7500
എയർഹോൺ - 2000
അമിതമായി ആളെ കയറ്റുക, ബസിന്റെ മുകളിൽ കയറിയുള്ള ആഘോഷങ്ങൾ എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും.
ബസ്സുകളിലെ നിയമലംഘനങ്ങൾക്കെതിരെ പെർമിറ്റ് റദ്ദാക്കൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയനടപടികളടക്കം സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം.