തിരുവനന്തപുരം:ആർ.എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ പുറത്തിറങ്ങിയ പലരും വിവിധ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

2016 മുതൽ നാളിതുവരെ ടി.പി കേസ് പ്രതികൾക്ക് എത്ര ദിവസം പരോൾ അനുവദിച്ചു ? പരോൾ കാലയളവിൽ ഇവർ മറ്റ് കേസുകളിൽ ഏർപ്പെട്ടോ? എന്നിങ്ങനെ ചോദ്യമുന്നയിച്ചത് ടി.പി ചന്ദ്രശേഖരന്റെ വിധവ വടകര എം എൽ എ കെ.കെ.രമയാണ്. ഈ മാസം 23 നാണ് പിണറായിയോട് നിയമസഭയിൽ കെ.കെ. രമ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.

പരോളിലിറങ്ങിയ കാലയളവിൽ കൊടി സുനിയും മനോജ് കുമാറും മറ്റ് കേസുകളിൽ പ്രതികളായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരോളിലിറങ്ങിയ കൊടി സുനി വിവിധ ക്വട്ടേഷൻ പരിപാടികൾ എടുത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇയാൾക്കെതിരെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കിർമാണി മനോജ് എന്ന മനോജ് കുമാർ ലഹരിപ്പാർട്ടിയുടെ പേരിൽ പൊലീസ് പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

സുപ്രീംകോടതി വ്യക്തമാക്കിയതനുസരിച്ച് ജീവപര്യന്തം തടവെന്നാൽ ജീവിതാവസാനം വരെ ജയിലിൽ കഴിയുക എന്നാണ്. എന്നാൽ പലപേരുകളിലായി വിവിധതരത്തിലുള്ള പ്രത്യേക അവധികൾ നൽകി ശിക്ഷാ ഇളവിന് സമാനമായ അവധികളാണ് ഈ പ്രതികൾക്ക് സർക്കാർ നൽകുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ടി പി കേസ് പ്രതികൾ വിവിധ അവധികളുടെ പേരിൽ പുറത്തു കഴിഞ്ഞത് വർഷങ്ങളോളം. കോവിഡ് സാഹചര്യത്തിൽ ഇവർ 674 ദിവസമാണ് പരോളിൽ കഴിഞ്ഞത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തടവുകാരുടെ സുരക്ഷയുടെ പേരിലാണ് ഇവർക്ക് ഇത്രയും ദിവസം പരോൾ അനുവദിച്ചത്. അപേക്ഷ ഇല്ലാതെയാണ് ഇവർക്ക് പ്രത്യേകാവധി ലഭിച്ചത്. കോവിഡിന്റെ അവധി കൂടാതെ സാധാരണ അവധിയും അടിയന്തര അവധിയും ആയി ടി.പി കേസ് പ്രതികൾക്ക് അനുവദിച്ച പരോൾ:

1. കുഞ്ഞനന്തൻ - 255 ദിവസം (2020 ൽ മരണപ്പെട്ടു)
2. കെ.സി.രാമചന്ദ്രൻ - 280 ദിവസം
3. ടി.കെ.രജീഷ് - 175 ദിവസം
4. മനോജൻ-257 ദിവസം
5. സിജിത്ത് -270 ദിവസം
6. മുഹമ്മദ് ഷാഫി - 105 ദിവസം
7. ഷിനോജ് - 155 ദിവസം
8. കൊടി സുനി - 60 ദിവസം
9. മനോജ് കുമാർ - 180 ദിവസം
10. അനൂപ് - 175 ദിവസം
11. റഫീഖ് - 189 ദിവസം .

2016ൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയനുസരിച്ച് പല പ്രതികൾക്കും മാസത്തിൽ 15 ദിവസം അകത്തും 15 ദിവസം പുറത്തും എന്ന നിലയിലായിരുന്നു പരോൾ അനുവദിച്ചിരുന്നത്. പുറത്തിറങ്ങി പല കേസുകളിൽ പിടിയിലായിട്ടും ഇവർക്കു വീണ്ടും പരോൾ ലഭിക്കുന്ന തരത്തിൽ വിഐപികളാണ് ഇവർ. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് തടവുകാർക്ക് പരോൾ ലഭിക്കുക. പുറത്തിറങ്ങി കുറ്റകൃത്യം നടത്തുന്ന തടവുകാർക്ക് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകുന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല.

കൊടി സുനി ജയിലിലാണെങ്കിലും നാട്ടിൽ ആഡംബര വീട് പണിയുന്നതും മുഹമ്മദ് ഷാഫി ആഡംബര വാഹനം വാങ്ങുന്നതും നേരത്തെ തന്നെ ചർച്ചയായിരുന്നു. ജീവപര്യന്തം തടവാണെങ്കിലും സുഖവാസത്തിലാണ് ടി.പി കേസിലെ പ്രതികൾ .