കോഴിക്കോട്: ഭൗതികവാദികൾ എന്ന് അവകാശപ്പെടുന്ന, ദൈവനാമത്തിലല്ലാതെ ദൃഢപ്രതിജ്ഞ ചെയ്യുന്ന കമ്യുണിസ്റ്റുകാർ പോലും ഭയക്കുന്നത് ആരെയാണ്? ഗണപതിവിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റുടെ വാർത്ത സമ്മേളനത്തിൽ നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. ഗണപതിയും, പരശുരാമനുമൊക്കെ മിത്താണെന്ന് പറയുന്ന, എം വി ഗോവിന്ദൻ അള്ളാഹു മിത്താണോ എന്ന ചോദ്യം വന്നപ്പോൾ ബബ്ബബ അടിക്കയാണ് ചെയ്തത്.

അള്ളാഹു മിത്താണോ എന്നുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എല്ലാ വിശ്വാസവും മിത്തല്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. 'ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും മിത്തല്ല. അങ്ങനെ എല്ലാ വിശ്വാസങ്ങളേയും മിത്തായി കാണണം എന്നല്ല ഞാൻ പറഞ്ഞത്. മിത്തായിട്ടുള്ള കാര്യങ്ങൾ വേറെയുണ്ട്, അതാണ് ഞാൻ ആദ്യം പറഞ്ഞത്. ദൈവീകമായി അവതരിപ്പിക്കപ്പെട്ടത് എന്ന് അവർ പറയുന്ന കാര്യം എന്തിനാണ് നമ്മൾ മിത്ത് ആണെന്ന് പറയുന്നത്? ഇത് അവരുടെ വിശ്വാസപ്രമാണങ്ങളിൽ ഉള്ള കാര്യമാണ്. വിശ്വാസത്തിന്റെ ഭാഗമായി അവര് കാണുന്നു എന്നു മാത്രം നമ്മൾ കണ്ടാൽ മതി. ഞങ്ങൾക്ക് അതിൽ ഒരു തർക്കവും ഇല്ല''- ഇങ്ങനെയായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.

എന്നാൽ പരുരാമനും ഗണപതിയുമൊക്കെ മിത്താണെന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. 'മിത്തുകളെ മിത്തുകളായി കാണണം. അത് അങ്ങനെ മാത്രം കണ്ടാൽ മതി. മിത്തുകളെ ശാസ്ത്രമാണെന്ന് പറഞ്ഞാൽ അത് സിപിഎം അംഗീകരിച്ച് തരില്ല. ഗണപതി മിത്തു തന്നെയാണ്, അല്ലാതെ ശാസ്ത്രമല്ല. അത് പറയാൻ ഒരു മടിയുമില്ല. മിത്ത് മിത്തായിട്ട് തന്നെ കാണും. അതുപോലെ തന്നെ പരശുരാമനും മിത്താണ്'- എംവി ഗോവിന്ദൻ പറഞ്ഞു.

ഗണപതി മിത്താണെന്ന പ്രസ്താവനയിൽ സ്പീക്കർ എ.എൻ.ഷംസീർ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പറഞ്ഞു. ഗണപതിയെ പറ്റി ഷംസീർ പറഞ്ഞതിൽ തെറ്റു കാണുന്നില്ല, അതിനാൽ അതു തിരുത്തി പറയേണ്ടതില്ലെന്നും ഗോവിന്ദൻ. ഗണപതി മിത്താണെന്നതിൽ എന്താണ് പുതിയ കാര്യം. ഗണപതി മിത്ത് അല്ലാതെ ശാസ്ത്രമാണോ എന്നും ഗോവിന്ദൻ മാധ്യമ പ്രവർത്തകരോട് തിരച്ചു ചോദിച്ചു.

സിപിഎം മതവിശ്വാസത്തിന് എതിരല്ല. എന്നാൽ, ശാസ്ത്രത്തേയും വിശ്വാസത്തേയും രണ്ടായി കാണാനാണ് പാർട്ടി ശ്രമിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേൽ കുതിര കയറാൻ അനുവദിക്കില്ല. സ്പീക്കർക്ക് ശാസ്ത്രത്തെ പറ്റി സംസാരിക്കാം. ഗണപതി രൂപം പ്ലാസ്റ്റിക് സർജറി ചെയ്തതാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അന്നൊന്നും മിണ്ടാത്തവർ ഇപ്പോൾ ഷംസീറിനെതിരേ പറയുന്നതിന് പിന്നിൽ വർഗീയതയാണ്. പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്നും ആ കേരളം ബ്രാഹ്‌മണർക്ക് നൽകിയെന്നുമാണ് ഐതിഹ്യം. എന്നാൽ, ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല, വെറും വിശ്വാസവും മിത്തും ആണെന്നും ഗോവിന്ദൻ. കൗരവപ്പട, പുഷ്പകവിമാനം, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി എന്നിവയെല്ലാം മിത്തുകളാണ്.

എന്നാൽ, അള്ളാഹു മിത്താണെന്ന് ഷംസീറിന് പറയാൻ സാധിക്കുമോ എന്ന ചോദ്യത്തിൽ വിശ്വാസങ്ങളെല്ലാം മിത്തുകൾ അല്ലെന്നും പലരും പല ദൈവങ്ങളെ അവതാരങ്ങളായി കണക്കാക്കുന്നുണ്ടെന്നും അതിനൊന്നും സിപിഎം എതിരല്ലെന്നും ഗോവിന്ദൻ പറഞ്ഞു. അള്ളാഹു ഇസ്ലാമിന്റെ ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. ഹിന്ദുമത്തിൽ ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്, അതിൽ ഒരോന്നും എടുത്ത് മിത്തുകളാണോ എന്ന് ചോദിച്ചാൽ മറുപടി പറയാൻ സാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ഗോവിന്ദന്റെ ഈ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയിലും ട്രോൾ ആയിട്ടുണ്ട്. എല്ലാമതങ്ങളും മിത്തുകൾ ആണെന്നും ശാസ്ത്രമാണ് സമൂഹ പുരോഗതിക്കുള്ള ഏറ്റവും നല്ല കാര്യം എന്നും ഒരു ഒറ്റവാക്ക് സിപിഎം പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇത് പല സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റകളും ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ അത് പറഞ്ഞാൽ ന്യൂനപക്ഷ വോട്ടുപോവും. ഈ ഇരട്ടത്താപ്പാണ് കേരളം നേരിടുന്ന എറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ വിമർശിക്കുന്നുണ്ട്.

മതവിശ്വാസിയല്ലെന്ന് പറയാൻ മടിച്ച് ഷംസീറും

അതേസമയം കമ്യുണിസ്റ്റും, എംഎൽഎയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാതിരിക്കുകയും ചെയ്ത സ്പീക്കർ ഷംസീറും താങ്കൾ മതവിശ്വാസിയാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ ഷംസീർ ഒഴിഞ്ഞു മാറി. താൻ സ്‌കൂളിൽ പഠിക്കുമ്പോൾ ആവറേജ് വിദ്യാർത്ഥി മാത്രമായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും താൻ ഉത്തരം എഴുതാറില്ലായിരുന്നെന്നും ഷംസീർ മറുപടി നൽകി. ഗണപതിക്കെതിരായ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് വ്യക്തമാക്കിയാണ് ഷംസീർ വാർത്തസമ്മേളനം അവസാനിപ്പിച്ചത്.

ഗണപതി മിത്താണെന്ന പരാമർശത്തിൽ വിശദീകരണവുമായി സ്പീക്കർ രംഗത്തെത്തി. താൻ ആരുടേയും മതവിശ്വാസം വ്രണപ്പെടുത്തിയിട്ടില്ല. താനല്ല, ആദ്യമായി ഇക്കാര്യം പറയുന്നത്. ശാസ്ത്രത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെ വിശ്വാസികൾക്ക് എതിരാകും. മതവിശ്വാസത്തിന് അവകാശം നൽകുന്ന അതേ ഭരണഘടനയിൽ ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഇക്കാര്യം മാത്രമാണ് താൻ ചെയ്തത്. തന്റെ പരാമർശം കൊണ്ട് ഒരുമതവിശ്വാസിക്കും മുറിവേൽക്കില്ല. തന്റെ മതനിരപേക്ഷത അളക്കാൻ ആർക്കും സാധിക്കില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സ്പീക്കർ പദവിയിൽ എത്തിയ ആളാണ് താൻ. തന്റെ പരാമർശത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും എൻഎസ്എസിന് അവകാശമുണ്ടെന്നും ഷംസീർ പറഞ്ഞു.