കൊച്ചി: സോഷ്യൽ മീഡിയിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന വ്യക്തിയാണ് സ്വാമി സന്ദീപാനന്ദഗിരി. കടുത്ത സംഘപരിവാർ വിമർശകനായ ഇദ്ദേഹം, 2000ത്തിന്റെ നോട്ട് പിൻവലിച്ചത് അടക്കമുള്ള കിട്ടാവുന്ന എല്ലാ അവസരങ്ങളിലും അവരെ ട്രോളാറുണ്ട്. സംഘപരിവാർ ആവട്ടെ, ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന ഈ സ്വാമിയെ ഷിബു സ്വാമിയാക്കിയൊക്കെ പരമാവധി പരിഹസിക്കാറുമുണ്ട്. പക്ഷേ ഇപ്പോൾ സന്ദീപാനന്ദഗിരിയുടെ ചില വാക്കുകൾ സോഷ്യൽ മീഡിയിൽ വലിയ ട്രോൾ ആയിട്ടുണ്ട്. കമ്യൂണിസവും സന്യാസവും തുല്യമാണെന്നും, ഗീതാദർശനങ്ങളാണ് കമ്യൂണിസത്തിൽ ഉള്ളത് എന്നതും, 24 ന്യുസിന്റെ ജനകീയ കോടതിയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ട്രോൾ ആയത്.

ജനകീയ കോടതിയിൽ അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ചോദ്യങ്ങൾക്ക് മറുപടിപറയവെയാണ് കമ്യൂണിസത്തെയും ഗീതയേയും സ്വാമി താരതമ്യപ്പെടുത്തിയത്. 'യഥേഷ്ടമായിട്ടുള്ള പ്രകൃതി വിഭവങ്ങൾ തുല്യമായി പങ്കുവയ്ക്കാതെ ആരാണോ ഒറ്റയ്ക്ക് അനുഭവിക്കുന്നത്, അവൻ കള്ളനാണ്' ഗീതയിൽ പറയുന്നതിങ്ങനെയാണ്. ഇതുതന്നെയാണ് കമ്യൂണിസത്തിലും ഉള്ളത്''- സന്ദീപാനന്ദഗിരി ചൂണ്ടിക്കാട്ടുന്നു. മുൻപ് എസ്എഫ്‌ഐ പ്രവർത്തകനായിരുന്നുവെന്നും താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവമുള്ള സന്യാസിയാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ആർഎസ്എസിനെതിരെ തുടരെ പോസ്റ്റിടുന്നതിനെ കുറിച്ചും സ്വാമി സന്ദീപാനന്ദഗിരിയോട് ചോദിച്ചു. ആർഎസ്എസ് വിദ്വേഷം കൊണ്ടാണോ ഇതെന്ന ചോദ്യത്തിന് സന്ദീപാനന്ദഗിരിയുടെ ഉത്തരമിങ്ങനെ -'ഒരുഭാഗത്ത് ആർഎസ്എസ് ദേശീയതയെ കുറിച്ച് പറയുന്നു. പക്ഷേ അവരുടെ ഭാഗത്ത് നിന്ന് കടക വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നു.'കമ്യൂണിസം പോലെ തന്നെ ചില ആർഎസ്എസ് പ്രവർത്തകരുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങി നിരവധി പേർ തന്റെ സുഹൃത്തുക്കളാണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.

തന്റെ ആഡംബര വാഹന യാത്രയെ കുറിച്ചും സ്വാമി സന്ദീപാനന്ദഗിരി മറുപടി നൽകി.'എന്റെ ഗുരുവായ ചിന്മയാനന്ദ സ്വാമി തന്നെയാണ് മറുപടി. ചിന്മയാനന്ദ സ്വാമിയോട് ഒരിക്കൽ റോൾസ് റോയിസിൽ സഞ്ചരിക്കുന്നതിനെ കുറിച്ച് ഒരാൾ ചോദിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ഉത്തരം പറഞ്ഞത് 'ഐ ആം ഓൾവേയ്‌സ് ട്രാവലിങ് വിത്ത് ഓംകാർ' എന്നാണ്. അതുകൊണ്ട് തന്നെ ഗുരുവാണ് ഉത്തരം.'- സന്ദീപാനന്ദഗിരി പറഞ്ഞു.

ഗീതയുമായി ഒരു ബന്ധവുമില്ല

എന്നാൽ കമ്യൂണിസവും ഗീതയുമായി ഒരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്രചിന്തകരടക്കം നിരവധിപേർ പോസ്റ്റിടുന്നത്. സ്വകാര്യസ്വത്തിന്റെ നിഷേധം, തൊഴിലാളി വർധ സർവാധിപത്യം, തുടങ്ങിയ കമ്യൂണിസത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് ഗീതയുമായി യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല, അതിന് കടകവിരുദ്ധവുമാണ്. ഗീത പുർണ്ണമായും പരലോകമോക്ഷവും, ആധ്യാത്മികയും അടിസ്ഥാനമാക്കുകൾ, തികഞ്ഞ ഭൗതികവാദമാണ്, കമ്യൂണിസത്തിന്റെ അന്തസത്ത.

സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ അഭിലാഷ് കൃഷ്ണൻ എഴുതിയ ട്രോൾ ഇങ്ങനെ-'ഗീതയും കമ്യൂണിസവും. മാവോ രാവിലെ പാടത്തേക്ക് ഇറങ്ങി. അവിടെ അതാ കുറച്ചു സഖാക്കൾ വെറുതെ ഇരുന്നു ചീട്ട് കളിക്കുന്നു. ഇന്നെന്താടാ വിപ്ലവം ഒന്നുമില്ലേ മാവോ ചോദിച്ചു. 'ഓ എന്നാത്തിനാ, ഇതുകൊണ്ടൊക്കെ വല്ല കാര്യമുണ്ടോ' മൂത്ത സഖാവ് ചെവിയിലെ കുണുക്ക് നേരെ ഇട്ട് അലസമായി മറുപടി പറഞ്ഞു.ശെടാ, ഇവന്മാർ ഇങ്ങനെ ഇരുന്നാൽ എന്റെ കൾച്ചറൽ റവലൂഷൻ എങ്ങനെ നടക്കും. ചുവന്ന പുസ്തകം ഒന്നും പഴയ പോലെ ഏക്കുന്നില്ലേ. പെട്ടെന്ന് മാവോയ്ക്ക് ഐഡിയ വന്നു. ഗീത തുറന്നു, ഒരു ശ്ലോകം അങ് കാച്ചി, പിന്നെ നടന്നത് ചരിത്രം''.- ഇതുപോലെ നിരവധിപേർ സന്ദീപാനന്ദഗിരിയെ ട്രോളുന്നുണ്ട്. കമ്യൂണിസവും ഗീതയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അത്, അത് ഹിംസയുടെ പേരിൽ ആയിരിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. മാനവികത നോക്കാതെ, ബന്ധുക്കളേയോ, സുഹൃത്തുക്കളേയോ നോക്കാതെ കൊന്നാടുക്കാൻ ഇരുകൂട്ടരും ആഹ്വാനം ചെയ്യുന്നുണ്ടെന്നും ചില സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്