ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയ 41തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുന്നു. ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിച്ചത് പ്രതിസന്ധിയാണ്. ഇത് ഉടൻ പരിഹരിക്കും. ഇരുമ്പ് പാളി മുറിച്ചുമാറ്റും. 11 ദിവസം മുമ്പ് നവംബർ 12-നായിരുന്നു ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നുവീണത്. ഉള്ളിൽ കുടുങ്ങിയ 41 രക്ഷാപ്രവർത്തകരെയും പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം അന്ന് മുതൽ ആരംഭിച്ചതാണ്.

ഡ്രില്ലിങ്ങ് യന്ത്രത്തിന്റെ ബ്ലേഡ് തകരാറിലായതാണ് നേരിയ പ്രതിസന്ധിയായത്. ഇരുമ്പ് പാളിയിൽ ഇടിച്ച് ചളുങ്ങിയ 800 മില്ലീ മീറ്റർ പൈപ്പ് മുറിച്ചുനീക്കേണ്ടതുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ ആറു മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളത്. തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.

തടസ്സങ്ങൾ നീക്കി വ്യാഴാഴ്ച രാവിലെയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. നിർമ്മാണത്തിന്റെ ഭാഗമായ ലോഹാവശിഷ്ടങ്ങളിൽ ഇരുമ്പുപൈപ്പ് തട്ടിയത് മുറിച്ച് നീക്കി ഡ്രില്ലിങ് പുനരാരംഭിക്കാനുള്ള ശ്രമം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അതേസമയം എല്ലാ തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു പറഞ്ഞു. ഹിമാചൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെല്ലാം സുരക്ഷിതരായി വീടുകളിലെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹം. അതിനായുള്ള എല്ലാ പരിശ്രമങ്ങളും പുരോഗമിക്കുകയാണെന്നും തൊഴിലാളികൾ സുരക്ഷിതരായി പുറത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തുരങ്കത്തിൽ കുടുങ്ങിയവരുടെ ആദ്യദൃശ്യങ്ങൾ പുറംലോകത്തിന് ലഭിച്ചത്. എൻഡോസ്‌കോപ്പിക് ഫ്ളക്സി ക്യാമറ എത്തിച്ചാണ് തൊഴിലാളികളുടെ ദൃശ്യം ലഭ്യമാക്കിയത്. തുരങ്കത്തിൽ കുടുങ്ങിയവരുമായി വിജയകരമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞത് രക്ഷാദൗത്യത്തിലെ നിർണ്ണായകമായ നാഴികക്കല്ലായിരുന്നു.

ടണലിനുള്ളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീൽ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനും ആദ്യശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടയിൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്ക പരത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ എല്ലാ വശവും പരിശോധിച്ചാണ് ദൗത്യം തുടരുന്നത്.

അതിനിടെ രാജ്യത്ത് നിർമ്മാണത്തിലിരിക്കുന്ന എല്ലാ തുരങ്കങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട് കേന്ദ്ര സർക്കാർ. രാജ്യത്തുടനീളം 29 തുരങ്കങ്ങളാണ് നിർമ്മാണത്തിലിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് സുരക്ഷാപരിശോധന. എൻ.എച്ച്.എ.ഐ. അധികൃതരും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ (ഡി.എം.ആർ.സി) നിന്നുള്ള വിദഗ്ധരും സംയുക്തമായാണ് നിർമ്മാണത്തിലിരിക്കുന്ന തുരങ്കങ്ങളിൽ സുരക്ഷാപരിശോധന നടത്തുകയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.

ഇതിന് പുറമെ എൻ.എച്ച്.എ.ഐ. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡുമായി (കെ.ആർ.സി.എൽ) ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇത് പ്രകാരം എൻ.എച്ച്.എ.ഐക്ക് കീഴിലുള്ള നിർമ്മാണത്തിലിരിക്കുന്ന തുരങ്കങ്ങളുടെ ഡിസൈൻ, ഡ്രോയിങ്, സുരക്ഷയുടെ വിവിധ വശങ്ങൾ എന്നീ കാര്യങ്ങൾ കെ.ആർ.സി.എൽ. പുനഃപരിശോധിക്കും.

നിർമ്മാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളിൽ 12 എണ്ണം ഹിമാചൽപ്രദേശിലാണ്. ആറെണ്ണം ജമ്മു കശ്മീരിലും രണ്ടെണ്ണം വീതം മഹാരാഷ്ട്രയിലും ഒഡിഷയിലും രാജസ്ഥാനിലും സ്ഥിതി ചെയ്യുന്നു. മധ്യപ്രദേശ്, കർണ്ണാടക, ഛത്തീസ്‌ഗഢ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഓരോ തുരങ്കം വീതമാണുള്ളത്.