തിരുവനന്തപുരം: കേരളം കണ്ടെ ഏറ്റവും ശ്രദ്ധേയമായ വിലാപയാത്രയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേത്. ജനലക്ഷങ്ങൾ പങ്കാളികളായ അന്ത്യയാത്ര. ഒരുപക്ഷേ ഉമ്മൻ ചാണ്ടിയാകും എം സി റോഡ് വഴി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും അധികം യാത്ര ചെയ്ത രാഷ്ട്രീയ നേതാവും. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മൻ ചാണ്ടി റോഡ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കയാണ് കോൺഗ്രസ് നേതാവ് വി എം. സുധീരൻ.

അദ്ദേഹത്തിന്റെ വിലാപയാത്ര സമാനകളില്ലാത്തതായിരുന്നുവെന്നും എം.സി. റോഡ് യഥാർഥത്തിൽ ഉമ്മൻ ചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും വി എം. സുധീരൻ കത്തിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ റോഡ് പുനർനാമകരണം ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും എം.സി. റോഡ് ഭാവിയിൽ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ എന്നും വി എം. സുധീരൻ കൂട്ടിച്ചേർത്തു.

വി എം സുധീരന്റെ കത്തിന്റെ പൂർണ രൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാൽ സ്‌നേഹിക്കപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അർപ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ എം.സി. റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനകളില്ലാത്തതാണ്.

എം.സി റോഡ് യഥാർഥത്തിൽ ഉമ്മൻ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തിൽ തട്ടിയുള്ള പ്രതികരണം. എം.സി. റോഡിന് ഉമ്മൻ ചാണ്ടി റോഡ് എന്ന് പുനർനാമകരണം ചെയ്യുന്നത് ഇത്തരുണത്തിൽ തികച്ചും ഉചിതമായിരിക്കും. എം.സി. റോഡ് ഭാവിയിൽ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നാണ് എന്റെ അഭ്യർത്ഥന.

സ്‌നേഹപൂർവ്വം
വി എം. സുധീരൻ

സുധീരന്റെ ആവശ്യത്തെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിലും രംഗത്തുവന്നു. രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

'കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും അധികം യാത്ര ചെയ്ത വ്യക്തി ഉമ്മൻ ചാണ്ടിയാണ്' ഒരിക്കൽ KM മാണി പറഞ്ഞ വാക്കുളാണിത്. ഒരു വലിയ അളവ് വരെ സത്യവുമാണത്. ആ യാത്രയിൽ എത്ര മനുഷ്യരുടെ ആവലാതികൾക്കാണ് ആ മനുഷ്യൻ പരിഹാരം കണ്ടിരിക്കുന്നത്. അതുകൊണ്ട് കൂടിയാണല്ലോ അദ്ദേഹത്തിന്റെ അവസാന യാത്രയിൽ റോഡ് കാണാനാകാത്ത വിധം ജനം നിറഞ്ഞത്.

അദ്ദേഹം നിത്യേനയെന്ന പോലെ യാത്ര ചെയ്തിരുന്ന MC റോഡിന്റെ പേര് അദ്ദേഹത്തോടുള്ള ആദര സൂചകമായി 'OC റോഡ്' എന്ന് പുനർനാമകരണം ചെയ്യാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

#OCRoad See less