പത്തനംതിട്ട: മനുഷ്യ ജീവൻ കൊണ്ട് കളിക്കുകയാണോ ആരോഗ്യ വകുപ്പ്? പേ വിഷബാധ വാക്സീൻ വിതരണത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി മെഡിക്കൽ സർവീസസ് കോർപറേഷൻ എത്തിയതിന് പിന്നാലെ മറ്റൊരു ദുരന്ത വാർത്ത. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെ വാക്സീൻ എത്തിച്ചതായി മെഡിക്കൽ സർവീസസ് കോപറേഷൻ വ്യക്തമാക്കിയിരുന്നു മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് എം.ഡി.എസ് ചിത്രയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ എന്ന വാർത്ത വരുന്നത്.

പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ (12) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനൊപ്പമാണ് ഗുണനിലവാര പരിശോധനയിലെ വെളിപ്പെടുത്തൽ ചർച്ചയാകുന്നത്. വിതരണം ചെയ്യുന്ന വിൻസ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിൻ ആന്റിറാബീസ് വാക്സീൻ ഇതുവരെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ല. പേ വിഷബാധ വാക്സീന്റെ ആവശ്യകത കൂടി വരുന്നതും കോവിഡ് കാലത്ത് പരിശോധനാഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല മുൻവർഷങ്ങളിലും പരിശോധനയിൽ ഇത്തരത്തിലുള്ള ഇളവുകൾ നൽകിയതായും എം.ഡി വിശദീകരിക്കുന്നു.

ഗുണനിലവാര പരിശോധന നടത്തിയാണ് വാക്സീൻ എത്തിച്ചശതന്നായിരുന്നു നിയമസഭയിൽ ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇതിനെ മുഖ്യമന്ത്രി തിരുത്തുകയും വിദഗ്ധ സമിതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മറ്റൊരു കുട്ടി കൂടി വാക്‌സിൻ കുത്തി വച്ച് ആരോഗ്യ പ്രതിസന്ധിയിലാകുന്നത്. അഭിരാമി പാൽ വാങ്ങാൻ പോകവേ കഴിഞ്ഞ 14ന് പെരുനാട് കാർമൽ എൻജിനീയറിങ് കോളജ് റോഡിലായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കാലിനുമായി ആറിടത്തും മുഖത്ത് കണ്ണിനോടു ചേർന്നും നായ കടിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആദ്യത്തെ വാക്‌സീൻ എടുത്തു. രണ്ട് വാക്‌സീൻ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് സ്വീകരിച്ചത്.

നാലാമത്തെ വാക്‌സീൻ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചിരുന്നു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി. എക്‌സ്‌റേ എടുത്ത ശേഷം കുഴപ്പമില്ലെന്നു പറഞ്ഞ് വീട്ടിൽ വിട്ടു. ഇന്നലെ വൈകിട്ട് കുട്ടിയുടെ നില കൂടുതൽ വഷളായി. വായിൽ നിന്നു പത വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തു. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ടതിനെ തുടർന്ന് രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മൈലപ്ര എസ്എച്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഭിരാമി.

നായയുടെ കടിയേറ്റ് ചികിത്സ തേടുന്ന കേസുകൾ ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. സംസ്ഥാനത്ത് ഇതുവരെയുണ്ടായ 19 പേ വിഷബാധ മരണങ്ങളിൽ നാലും പാലക്കാടാണ്. മരണം കൂടിവരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കുത്തിവെപ്പ് നൽകാതെ വീട്ടിൽ വളർത്തുന്ന നാടൻ പട്ടികളിൽ നിന്നാണ് പേ വിഷബാധ ഉണ്ടായതെന്ന് കണ്ടെത്തിയത്. സംസ്ഥാനത്ത് ഈ വർഷം 1.5 ലക്ഷത്തോളം പേർക്കാണ് നായയുടെ കടിയേറ്റത്. 19 പേർ പേ വിഷബാധ മൂലം മരണപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ചു മുതൽ ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളിയും മൂന്ന് സ്ത്രീകളുമടക്കം നാലു പേർ മരണപ്പെട്ടത്. ഇതിൽ കഴിഞ്ഞ ജൂൺ 30ന് മങ്കരയിൽ മരണപ്പെട്ട 19കാരി നായയുടെ കടിയേറ്റതിന് ശേഷം കുത്തിവെപ്പെടുത്തെങ്കിലും മരണപ്പെടുകയായിരുന്നു. ഇതിന് സമാന സംഭവം കോഴിക്കോടും ഉണ്ടായി. ഇതിനിടെയാണ് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ തന്നെ വെളിപ്പെടുത്തലുമായി വന്നത്. ഈ സാഹചര്യത്തിൽ ഗുണനിലവാര പരിശോധന നടത്തിയ വാക്‌സിനുകൾ അടിയന്തരമായി ലഭ്യമാക്കുകയാണ് വേണ്ടത്. എന്നാൽ ഇത് ആരോഗ്യ വകുപ്പ് അതിവേഗം ചെയ്യുന്നുമില്ല.