കൊച്ചി: സംസ്ഥാനത്തെ നടുക്കിയ വൈപ്പിൻ വിഷമദ്യ ദുരന്തത്തിന് ഇന്ന് 40 വയസ്സ്. 1982 സെപ്റ്റംബർ രണ്ടിനുണ്ടായ മദ്യദുരന്തത്തിൽ മരിച്ചത് 77 പേരായിരുന്നു. 66 പേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. ചലനശേഷിയടക്കം നഷ്ടപ്പെട്ട് ശാരീരിക തളർച്ചയിലായത് 150 പേരാണ്. ദുരന്തത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങൾ 650 ലേറെ വരും. വിഷമദ്യ ദുരന്തത്തെ വൈപ്പിൻകാർ വിശേഷിപ്പിച്ചത് കൂട്ടക്കൊലയെന്നാണ്. വൈപ്പിൻ കരയിൽ മനുഷ്യർ പിടഞ്ഞു മരിക്കുന്ന കാഴ്ച ഭീതിയിലാഴ്‌ത്തിയ ദിനങ്ങളായിരുന്നു അത്. പൂനലൂരിലും( 34), കല്ലുവാതുക്കലും (32), മട്ടാഞ്ചേരിയിലും (16) ഇത് ആവർത്തിക്കപ്പെട്ടു. നാല് പതിറ്റാണ്ടിനകം ചെറുതും വലുതുമായ വിഷമദ്യ ദുരന്തത്തിൽ കേരളത്തിൽ 300 ഓളം പേർ മരിച്ചു.

വൈപ്പിനിലെ അംഗീകൃത ചാരായ ഷാപ്പുകളിൽനിന്ന് മദ്യപിച്ചവരാണ് മരണപ്പെട്ടതെന്നത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാരായ ഷാപ്പുകളിൽ നിന്ന് മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. ഓണക്കാലത്തെ വൻ വിൽപന കണക്കിലെടുത്ത് ഷാപ്പ് നടത്തിപ്പുകാർ ചാരായത്തിൽ ചേർത്ത സ്പിരിറ്റാണ് നാട്ടുകാരുടെ ജീവനെടുത്തത്. മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവർക്ക് എന്നെന്നേക്കുമായി കാഴ്ചശക്തി നഷ്ടപ്പെട്ടു.

തിരുവോണ നാളായിരുന്ന സെപ്റ്റംബർ രണ്ടിന് മദ്യപിച്ചവരാണ് കൊല്ലപ്പെട്ടവരിൽ ഏറെ. എളങ്കുന്നപ്പുഴയിൽ മദ്യം കഴിച്ചവർ തളർന്നു വീണു തുടങ്ങിയതോടെ ഓട്ടോറിക്ഷകളിൽ അധികൃതർ മുന്നറിയിപ്പു പ്രചാരണം നടത്തുകയും, ഇതേതുടർന്ന് ജനങ്ങൾ ഉണർന്ന് മദ്യപിച്ചവരെ ഞാറക്കൽ ആശുപത്രി, ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രി, എറണാകുളം ജില്ല ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കും എത്തിച്ചതിനാലാണ് മരണനിരക്ക് അൽപം കുറക്കാനായത്. 3000 ത്തോളം പേരെയാണ് ആശുപത്രിയിലെത്തിച്ചത് ഇവരിൽ 700 പേരെ സംശയ നിരീക്ഷണത്തിലുമാക്കി.

ഗോശ്രീ പാലങ്ങൾപ്പോലും ഇല്ലാത്ത വേളയിൽ മത്സ്യബന്ധനയാനങ്ങളടക്കമുള്ളവയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. മദ്യഷാപ്പുകളും മുതലാളിമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഞാറക്കൽ, മാലിപ്പുറം എളങ്കുന്നപ്പുഴ ,പുതുവെപ്പ് ,നായരമ്പലം ,എടവനക്കാട് , അയ്യമ്പള്ളി അടക്കം 18 കി.മീ. ചുറ്റളവിൽ വിഷമദ്യ ദുരന്ത മേഖലയായി മാറിയിരുന്നു. തുടർന്ന് 22 അംഗീകൃത മദ്യഷാപ്പുകളും 15 ഉപഷാപ്പും അടച്ചുപൂട്ടി. വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റായ മീഥൈൽആൽക്കഹോൾ ചാരായത്തോട് ചേർത്തതാണ് മദ്യ ദുരന്തത്തിനിടയാക്കിയതെന്ന് കണ്ടെത്തി. രണ്ട് റവന്യൂ ഉദ്യോഗസ്ഥരടക്കം എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെപെൻഡ് ചെയ്തു. ജ്യൂഡീഷൻ അന്വേഷണവും പ്രഖ്യാപിച്ചു.

തുടർന്ന് കെ.കെ. വിജയൻ , കൊച്ചഗസ്തി , ചന്ദ്രസേനൻ , തിരുമുൽപ്പാട് എന്നിവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് ശിക്ഷിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപയും ചികിത്സക്ക് 4000 രൂപയുമാണ് സർക്കാർ നൽകിയത്. ഞാറയ്ക്കലിലെ പഞ്ചമി നാരായണനും, എളങ്കുന്നപ്പുഴയിലെ ആന്റണിയും പുതുവൈപ്പിലെ ശിൽപിയായ ചിരട്ട വർഗീസും മാലിപ്പുറത്തെ ഫൊട്ടോഗ്രഫറും ചിത്രകാരനുമായിരുന്ന റെയിൻബോ ഭാസ്‌കരനുമെല്ലാം ജീവിക്കുന്ന രക്തസാക്ഷികളായി മാറി. അയ്യമ്പിള്ളി സ്വദേശി കർത്തേരി നടേശൻ മാത്രമാണ് അക്കൂട്ടത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്. അർഹമായ നഷ്ടപരിഹാരം പോലും നൽകാതെ സർക്കാർ കൈകഴുകിയപ്പോൾ ഇവരിൽ പലരുടെയും ജീവിതം ദുരിതമയമായി.

3.50 രൂപയ്ക്കാണ് വൈപ്പിനിലെ ജീവിക്കുന്ന രക്തസാക്ഷി ജീവിതത്തിൽ കൂട്ടായ കൂരിരുട്ടിനു നടേശൻ കൊടുത്ത വില. ഓണം പ്രമാണിച്ച് അകത്താക്കിയ രണ്ടു ഗ്ലാസ് ചാരായത്തിനു ശേഷമുള്ള കാഴ്‌ച്ചകളൊന്നും പിന്നീട് ഈ അയ്യമ്പിള്ളി സ്വദേശി കണ്ടിട്ടില്ല. കുഴുപ്പിള്ളി പാലത്തിനു സമീപം തുടങ്ങിയ ചെറിയ കടയിൽ നടേശൻ ഇപ്പോഴുമുണ്ട്. കുറ്റിപ്പുറം ദുരന്തത്തിന് മാത്രമാണ് വൈപ്പിൻ ദുരന്തത്തോട് സമാനതയുള്ളത്. വൈപ്പിനിൽ വില്ലനായത് വിഷാംശമുള്ള ചാരായമായിരുന്നുവെങ്കിൽ കുറ്റിപ്പുറത്ത് വ്യാജകള്ളായിരുന്നെന്ന വ്യത്യാസം മാത്രം. കുറ്റിപ്പുറത്തും ഓണക്കാലത്തായിരുന്നു ദുരന്തം.