കോഴിക്കോട്: വാഗൺ ട്രാജഡിക്ക് സമാനമായ അനുഭവമായി മലബാറിലെ ജനറൽ കോച്ചുകളിലെ തീവണ്ടിയാത്ര. മലബാറും, പരശുറാമും ഉൾപ്പെടയുള്ള വണ്ടികളിൽ തിരക്കിൽ ശ്വാസംമുട്ടി യാത്രക്കാർ കുഴഞ്ഞുവീഴുന്നത് ഇപ്പോൾ പതിവായിരിക്കയാണ്. കഴിഞ്ഞ രണ്ടുദിവസവും വൈകുന്നേരത്തെ പരശുറാമിൽ തിരക്ക് താങ്ങാനാവരെ ഒരു വിദ്യാർത്ഥിയടക്കം രണ്ടുപേർ കുഴഞ്ഞുവീണിരുന്നു. വന്ദേ ഭാരതിനായി പതുവു ട്രെയിനുകൾ പലയിടത്തും പിടിച്ചിടുന്നതും ദുരിതം കൂട്ടുന്നു. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതോടെ കോഴിക്കോട്- മംഗളൂരു യാത്ര അക്ഷരാർത്ഥത്തിൽ ദുരിതമാണ്. കയറാൻ പറ്റുന്നതിന്റെ അഞ്ചിരട്ടിയിലധികം യാത്രക്കാരാണ് രാവിലത്തെയും വൈകിട്ടത്തെയും ട്രെയിനിൽ ഉള്ളത്.

പരശുറാം അടക്കമുള്ള ജനപ്രിയ ട്രെയിനുകളിൽ യുദ്ധസമാനമാണ് അവസ്ഥ. ഗുസ്തി പിടിച്ചും ആൾക്കാരെ ചവുട്ടിയൊതുക്കിയും മാത്രമെ കംപാർട്ടുമെന്റിൽ കയറാനാകൂ. ട്രെയിൻ സമയം അൽപം മുന്നോട്ടോ പിറകോട്ടേ മാറ്റിയാൽ ഈ അവസ്ഥ മാറ്റാമെന്നാണ് യാത്രക്കാർ പറയുന്നത്. നാഗർകോവിലിൽ നിന്നും വരുന്ന പരശുറാം എക്സ്‌പ്രസ് വൈകിട്ട് നാലിന് കോഴിക്കോട്ടെത്തി അഞ്ചിനാണ് മംഗളൂരുവിലേക്ക് പുറപ്പെടുന്നത്. ഈ പിടിച്ചിടൽ ഒഴിവാക്കിയാൽ തലസ്ഥാനത്തുനിന്നും വരുന്ന രോഗികൾ അടക്കമുള്ളവർക്ക് ആശ്വാസമാകും. നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന സമയം മാത്രം ക്രമീകരിച്ചാൽ മതി.

കൂടുതൽ ജനറൽ കോച്ചുള്ള ഒരു ട്രെയിനെങ്കിലും തിരക്കുള്ള സമയത്ത് ഓടിക്കണമെന്ന ആവശ്യവും ശക്തമാണ്. വൈകിട്ട് മലബാറിൽ എത്തുന്ന രീതിയിൽ ഷൊർണൂർ- മംഗളൂരു മെമു വന്നാൽ ആശ്വാസമാകും. വൈകിട്ട് അഞ്ചരക്ക് ശേഷം കോഴിക്കോട് വിട്ടാൽ ഗുണം ചെയ്യും. ഇതേ ട്രെയിൻ രാവിലെ കാസർകോട് എത്തുന്നരീതിയിൽ തിരിച്ചോടിച്ചാൽ പരശുറാമിനും കോയമ്പത്തൂരിനും തിരക്കും കുറയുമെന്നും പാസഞ്ചേഴസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

ജനറൽ കോച്ചുകൾ കൂട്ടിയാലേ തിരക്ക് ഒരുപരിധി വരെ കുറക്കാനാകൂ. അഞ്ചുവർഷം മുമ്പ് പരശുറാമിലെ കൊച്ചുകൾ കുറച്ചതിനെതിരെ കോടതിയിൽ പരാതി വന്നിരുന്നു. അന്ന് 22 കോച്ചുകൾ വച്ച് പരാതി പരിഹരിച്ചു. പിന്നീടിത് 21 ആക്കി. നാഗർകോവിലിൽ പ്ലാറ്റ്‌ഫോം സൗകര്യമില്ലാ എന്നു പറഞ്ഞാണിത്. നിലവിൽ ബ്രേക്കുവാൻ ഉൾപ്പെടെ 21 കോച്ചണുള്ളത്. ഇത് 22 ആക്കണമെന്നാണ് ആവശ്യം.

കണ്ണൂരിലും ദുരിതം

ഇന്നലെ വൈകിട്ട് 4.55നാണ് മംഗളൂരു ട്രിവാൻഡ്രം എക്സ്പ്രസ്(16348) കണ്ണൂരിലെത്തിയത്. നിയാഴ്ച ആയതിനാൽ പ്ലാറ്റ്ഫോം നിറയെ യാത്രക്കാർ ആയിരുന്നു.കോളജ് വിദ്യാർത്ഥികളായിരുന്നു ഏറെയും. ട്രെയിൻ കണ്ണൂരിലെത്തുമ്പോൾ തന്നെ എല്ലാ കോച്ചിലും നല്ല തിരക്ക്. ഇറങ്ങുന്നതിലേറെ യാത്രക്കാർ കയറിപ്പറ്റാനുണ്ട്. ലേഡീസ് കോച്ചിലെ അവസ്ഥയാണെങ്കിൽ പറയുകയും വേണ്ട. കാലു കുത്താനിടമില്ല. കണ്ണൂരിൽ ഇറങ്ങേണ്ടവർ ഇറങ്ങാനാവാതെയും കയറേണ്ടവർ കയറാനാവാതെയും പാടുപെട്ടു. ട്രെയിനിൽ നിന്നു തിരക്കിട്ട് ഇറങ്ങുന്നതിനിടെ ഒരു വിദ്യാർത്ഥി വീഴേണ്ടതായിരുന്നു.

ആരോഗ്യമുള്ളവർ ട്രെയിനിലേക്ക് ഇടിച്ചുകയറിയപ്പോൾ അതിനു സാധിക്കാത്തവർ പുറത്തായി. രാവിലെയും വൈകിട്ടും കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ യാത്ര പെടാപ്പാടാണെന്നു യാത്രക്കാർ പറയുന്നു. ജോലിയെക്കാൾ കൂടുതൽ സമ്മർദമാണ് ഓരോ ജനറൽ കോച്ചിലെയും യാത്ര. കയ്യിലെ ബാഗ് നഷ്ടപ്പെടാതിരുന്നാൽ ഭാഗ്യം. ഫിഷ് ടാങ്കിലെ മീനുകൾ ഓക്സിജനെടുക്കാൻ ജലനിരപ്പിനു മുകളിലേക്കു തല പൊക്കുന്നതു പോലെയാണ് ജനറൽ കോച്ചിൽ ഇടിച്ചുകുത്തി യാത്രചെയ്യുന്ന യാത്രക്കാർ തിരക്കിൽ നിന്നു തലനീട്ടി ശ്വാസമെടുക്കുന്നത്. ഈ മാസം നാലുതവണയാണു ട്രെയിനിലെ ജനറൽ കംപാർട്മെന്റിലെ തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ കുഴഞ്ഞുവീണത്.

യാത്രയിൽ ഓക്സിജൻ സിലിണ്ടറും കൂടെ കരുതേണ്ടി വരുന്ന സ്ഥിതിയാണെന്നാണ് ഒരു യാത്രക്കാരൻ പറഞ്ഞത്. വിദ്യാർത്ഥികളുടെ അവസ്ഥയും സമാനമാണ്. വീട്ടിലെത്തുന്നതു യാത്രാക്ഷീണം കൊണ്ടാണ്. ചിലപ്പോൾ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നിട്ടുമുണ്ടാകും. ഈ ക്ഷീണമെല്ലാം മാറ്റിയിട്ടു വേണം പഠിക്കാനിരിക്കാൻ. തലശ്ശേരിയിലേക്ക് ട്രെയിനെത്താൻ ഏകദേശം 20 മിനിറ്റെടുത്തു.

ആ സമയം കൊണ്ടു തന്നെ ട്രെയിൻ യാത്ര മടുത്തിരുന്നു. തലശ്ശേരിയിലിലുമുണ്ട് ഇറങ്ങാനുള്ളതിനേക്കാൾ ഇരട്ടിയിലേറെ ആളുകൾ കയറാൻ. യാത്രക്കാരെ കഠിനദുരിതത്തിലാക്കി നീങ്ങുകയാണു ട്രെയിനുകൾ. ഇതിനൊരു പരിഹാരം വേണ്ടേയെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്.

വന്ദേ ഭാരതിനായി പിടിച്ചിടുന്നു

വന്ദേ ഭാരത് ട്രെയിനിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതും പ്രശ്നമാവുന്നുണ്ട്. ഇതിനെതിരെയും യാത്രക്കാർ പ്രതിഷേധിക്കയാണ്. ആലപ്പുഴ- എറണാകുളം പാസഞ്ചറിലെ യാത്രക്കാരാണ് 'ദുരിതമീ യാത്ര' എന്നെഴുതിയ കറുത്ത ബാഡ്ജ് ധരിച്ച്, യാത്ര ചെയ്തു പ്രതിഷേധിച്ചത്. വന്ദേ ഭാരതിനു കടന്നുപോകാനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് പതിവായതോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിൽ ആയത്. പലരും ഓഫീസുകളിൽ എത്താൻ വൈകുന്നതും വീടുകളിൽ തിരിച്ചെത്താൻ വൈകുന്നതും പതിവായി.

പ്രശ്നപരിഹാരം ഇല്ലാത്തതിനാലാണ് യാത്രക്കാർ ബാഡ്ജ് ധരിച്ച് യാത്ര ചെയ്ത് പ്രതിഷേധിച്ചത്. ആലപ്പുഴ മുതൽ എറണാകുളം വരെ ഓരോ സ്റ്റേഷനിൽ നിന്ന് കയറിയ യാത്രക്കാരും പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് യാത്ര ചെയ്തത്. വന്ദേ ഭാരതത്തിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജംഗ്ഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക് ഇവർ പരാതി നൽകി. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് തീരുമാനം. ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.