തിരുവനന്തപുരം: വന്ദേമെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനില്‍ നടത്തുമ്പോള്‍ കേരളത്തിനും പ്രതീക്ഷ. അതിവേഗ തീവണ്ടിയാത്ര കുറഞ്ഞ ചിലവില്‍ സാധ്യമാക്കുന്നതാണ് വന്ദേമെട്രോ. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകള്‍ കേരളത്തിലും വരുമെന്നാണ് പ്രതീക്ഷ.

ചെന്നൈ ബീച്ചിനും കാട്പാടിക്കുമിടയിലാണു പരീക്ഷണയോട്ടം നടക്കുന്നത്. 130 കിമീ വേഗത്തില്‍ സഞ്ചരിക്കാവുന്ന വന്ദേമെട്രോ ട്രെയിനുകള്‍ ഭാവിയില്‍ മെമു ട്രെയിനുകള്‍ക്ക് പകരം ഉപയോഗിക്കാനാണു സാധ്യത. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ് വന്ദേമെട്രോ. ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കാം. ഒരു കോച്ചില്‍ 100 പേര്‍ക്ക് ഇരുന്നും 200 പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. സൂപ്പര്‍ ഫാസ്റ്റിന്റെ നിരക്കാവാനാണ് സാദ്ധ്യത. അതുകൊണ്ട് തന്നെ വലിയ നിരക്കില്ലാതെ എസി യാത്ര സാധ്യമാകും.

200 മുതല്‍ 220 കിമീ വരെ ദൂരമുള്ള ഇന്റര്‍സിറ്റി റൂട്ടുകളിലാണു മെട്രോ മാതൃകയിലുള്ള വന്ദേമെട്രോ ട്രെയിനുകള്‍ ഉപയോഗിക്കുക. തിരുവനന്തപുരം-എറണാകുളം ( കോട്ടയം വഴി220 കിമീ, ആലപ്പുഴ വഴി206കിമീ ) എറണാകുളം-കോഴിക്കോട് (194 കിമീ), എറണാകുളം-കോയമ്പത്തൂര്‍ (205 കിമീ), പാലക്കാട്-കണ്ണൂര്‍ (220 കിമീ), കോഴിക്കോട്-മംഗളൂരു (221 കിമീ), കൊല്ലം-തിരുനെല്‍വേലി (തിരുവനന്തപുരം വഴി208 കിമീ) തുടങ്ങിയ റൂട്ടുകളില്‍ വന്ദേമട്രോ സര്‍വീസുകള്‍ക്കു സാധ്യതയുണ്ട്.

എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സര്‍വ്വീസ് തുടങ്ങുക എന്നും സൂചനയുണ്ട്. കേരളത്തില്‍ ഇപ്പോഴുള്ള രണ്ട് വന്ദേഭാരത് സര്‍വ്വീസുകളും വന്‍ ലാഭത്തിലാണ്. വന്ദേമെട്രോയ്ക്ക് കേരളത്തെ ആദ്യ ലിസ്റ്റിലുള്‍പ്പെടുത്താന്‍ കാരണവുമിതാണ്. 10 കോടിയാണ് ഒരു കോച്ചിന് നിര്‍മ്മാണച്ചെലവ്. കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയിലും പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലുമായി 400 ട്രെയിനുകളാണ് ഈ വര്‍ഷം പുറത്തിറക്കുക.

പരമാവധി 250 കിലോമീറ്റര്‍ ദൂരം കണക്കാക്കിയാണ് സര്‍വ്വീസ്. മെമുവിനെ വന്ദേഭാരത് മോഡലില്‍ പരിഷ്‌കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ. ഭക്ഷണമൊഴിച്ച് വന്ദേഭാരതിലെ സൗകര്യങ്ങള്‍ മെട്രോയിലുണ്ടാകും. ദക്ഷിണ റെയില്‍വേ നല്‍കുന്ന ശുപാര്‍ശയില്‍ നിന്ന് റെയില്‍വേ ബോര്‍ഡാണ് വന്ദേ മെട്രോ സര്‍വീസ് നടത്തുന്നതിനുള്ള അന്തിമ റൂട്ടുകള്‍ തീരുമാനിക്കുക.

ശീതീകരിച്ച മെട്രോ തീവണ്ടിയുടെ വാതിലുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നവയായിരിക്കും. വലിയ ചില്ലുകളുള്ള ജനലുകളും തീവണ്ടിയുടെ ആകര്‍ഷണങ്ങളായിരിക്കും. ഒരു കോച്ചില്‍നിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാന്‍ കഴിയും. റൂട്ട് ഇന്‍ഡിക്കേറ്റര്‍ ഡിസ്പ്ലേയും മൊബൈല്‍ ചാര്‍ജിങ് പ്ലഗുകളുമുണ്ടാകും. തീവണ്ടികള്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി.ക്യാമറകള്‍, എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റുകള്‍, മികച്ച ശൗചാലയങ്ങള്‍ എന്നിവയും പ്രത്യേകതകളാണ്.