കൊച്ചി: വരാപ്പുഴയിൽ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് വരാപ്പുഴ സ്‌റ്റേഷനിൽ റൂറൽ ടൈഗർ ഫോഴ്‌സ് എന്ന പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അതിക്രൂരമായ മർദ്ദനത്തിൽ കുടൽമാല മുറിഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ വൻ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്ക് സർക്കാരിന്റെ ശിക്ഷ വെറും താക്കീത് മാത്രം. ശ്രീജിത്തിന്റെ മരണം ആത്മഹത്യയാക്കാൻ പോലും ഡി വൈ എസ് പി ശ്രമിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നിട്ടാണ് സർക്കാരിന്റെ മൃദുശിക്ഷ.

ഡിവൈ.എസ്‌പിക്കെതിരായ നടപടികൾ അവസാനിപ്പിച്ച് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നതിങ്ങനെ:- കെ.ബി. പ്രഫുലചന്ദ്രൻ ആലുവ ഡിവൈ.എസ്‌പിയായിരിക്കെ, വരാപ്പുഴ സ്റ്റേഷൻ പരിധിയിലെ ദേവസ്വം പാടത്തും പരിസരത്തുമായി അക്രമസംഭവങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിൽ വരാപ്പുഴ സ്റ്റേഷനിൽ കേസുകളെടുത്തു. ഈ കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ട ശ്രീജിത്തിനെ രാത്രി പത്തരയ്ക്ക് റൂറൽ ടൈഗർ ഫോഴ്‌സ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് പിടികൂടി മർദ്ദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും വരാപ്പുഴ സ്റ്റേഷനിൽ അന്യായമായി തടവിൽ പാർപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ആശുപത്രിയിൽ മരിച്ചു.

വരാപ്പുഴ സ്റ്റേഷന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന പ്രഫുലചന്ദ്രന് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയുമുണ്ടായതായി സി.ബി.സിഐ.ഡി ഇൻസ്‌പെക്ടർ ജനറലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വരാപ്പുഴ സ്റ്റേഷന്റെ ചുമതലയുണ്ടായിട്ടും പ്രദേശത്ത് 5 അക്രമസംഭവങ്ങളുണ്ടായിട്ടും ഡിവൈ.എസ്‌പി സ്റ്റേഷനിൽ പോവുകയോ കൃത്യമായി വിവരം തിരക്കുകയോ ചെയ്തില്ല. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ക്രിയാത്മകമായ നടപടികളെടുത്തില്ല. നോർത്ത് പറവൂർ, വടക്കേക്കര സ്റ്റേഷനുകളുടേതടക്കം വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തപ്പോഴും എന്തൊക്കെയാണ് അവിടെ നടന്നതെന്നോ ആരെയൊക്കെ പിടികൂടിയെന്നോ അന്വേഷിച്ചില്ല. പിടികൂടിയത് യഥാർത്ഥ പ്രതികളെയോണോയെന്ന് അന്വേഷിച്ചില്ല.

വരാപ്പുഴ എസ്.എച്ച്.ഒ ആയിരുന്ന ജി.എസ്.ദീപക്കിന് പ്രഫുലചന്ദ്രൻ രണ്ടു ദിവസത്തെ അവധി നൽകിയിരുന്നു. സ്റ്റേഷനിൽ ഇൻസ്‌പെക്ടറില്ലെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിട്ടും ക്രമസമാധാന പാലനത്തിനോ കേസന്വേഷണത്തിനോ നടപടിയെടുത്തില്ല. സംഭവദിവസം വൈകിട്ട് പ്രഫുലചന്ദ്രൻ സ്ഥലത്ത് പോയെങ്കിലും ശക്തമായ ബന്തവസ് സ്‌കീം ഉണ്ടാക്കുകയോ പൊലീസുകാരെ പ്രത്യേകം നിർദ്ദേശിച്ച് ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുകയോ ചെയ്തില്ല. പ്രതികളെ പിടികാനാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ല.

ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ ശ്രീജിത്തിന് മതിയായ ചിക്തിസയോ സുരക്ഷയോ ഉറപ്പാക്കാൻ നടപടിയെടുത്തില്ല. ശ്രീജിത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന ആസ്റ്റർ മെഡിസിറ്റിയിൽ പോവുകയോ ഡോക്ടർമാരെ കാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്തില്ല. ശ്രീജിത്തിന്റെ ഗുരുതരാവസ്ഥയെ സംബന്ധിച്ച് മേലുദ്യോഗസ്ഥരെ വിവരമറിയിച്ചില്ല. കേസിലെ സി.ആർ.പി.സി 174 സെക്ഷൻ മാറ്റി 306 ഐ.പി.സി കൂട്ടിച്ചേർക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് തെറ്റായ നിർദ്ദേശം നൽകി. ഇത് മറച്ചുവയ്ക്കുന്ന രീതിയിൽ കേസ് റഫർ ചെയ്യാൻ നിർദ്ദേശം നൽകി.

ശ്രീജിത്ത് മരിക്കുന്നതു വരെ പ്രഫുലചന്ദ്രൻ വരാപ്പുഴ സ്‌റ്രേഷനിലെത്തി കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിട്ടില്ല. ഉത്തരവാദിത്തത്തിൽ നിന്ന് മനഃപൂർവ്വം വിട്ടുനിന്നു. പരാതിക്കാരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോഴുണ്ടായ സംഘർഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്നും പൊലീസുദ്യോഗസ്ഥർക്ക് വീഴ്ചയോ ഉപേക്ഷയോ സംഭവിച്ചിട്ടില്ലെന്നും തെറ്റായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകി.

വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഡി.ജി.പി ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് സർക്കാരിന് കൈമാറി. പ്രഫുലചന്ദ്രന് സെൻഷ്വർ എന്ന ശിക്ഷ നൽകി അച്ചടക്ക നടപടി അവസാനിപ്പിക്കാൻ താത്കാലികമായി തീരുമാനിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രഫുലചന്ദ്രൻ മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് താത്കാലികമായി നൽകിയ സെൻഷ്വർ എന്ന ശിക്ഷ സ്ഥിരപ്പെടുത്തി അച്ചടക്കനടപടി തീർപ്പാക്കിയത്.