കോട്ടയം: തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പിൽ ബസിന് മുന്നിൽ കൊടികുത്തി ബസ് ഉടമക്കെതിരെ നടത്തിയ സമരം സിഐടിയു പിൻവലിച്ചു. തൊഴിൽ മന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊടിതോരണങ്ങളും സമര പന്തലും അഴിച്ചുമാറ്റുകയും ചെയ്തു. ബസ് ഉടമ രാജ്‌മോഹൻ പ്രതിഷേധ സമരം അവസാനിപ്പിച്ചിട്ടുണ്ട്. കൂലി വർദ്ധനവ് ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ നടത്തി വന്ന സമരം പൊലീസും സിഐടിയു സംഘടനയുമായി നടന്ന ചർച്ചയോടെയാണ് അവസാനിപ്പിച്ചത്. അതേസമയം, ചർച്ചയെക്കുറിച്ച് അറിയില്ലെന്ന് ഉടമ രാജ്‌മോഹൻ വ്യക്തമാക്കി.

തിരുവാർപ്പ് കൊല്ലാട് റൂട്ടിലാണു സർവീസ് നടത്തുന്നത്. രാവിലെ കൊടിയും തോരണങ്ങളും എടുത്തുമാറ്റി ബസ് സർവീസ് പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കിടെ പൊലീസിന്റെ സാന്നിധ്യത്തിൽ രാജ് മോഹനെ പഞ്ചായത്തംഗമായ സിപിഎം നേതാവ് കെ.ആർ. അജയ് കയ്യേറ്റം ചെയ്തിരുന്നു. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പൊലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.

തന്റെ ബസിനോട് ചേർത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് വെട്ടിക്കുളങ്ങര ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലിയത്. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കൺമുന്നിൽ അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല.

പിന്നീട് നേതാവ് സ്വന്തം വാഹനത്തിൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയ്യാണ് മർദ്ദിച്ചത്. പ്രാദേശിക ബിജെപി നേതാവു കൂടിയായ രാജ്‌മോഹൻ ബിജെപി പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

അനാവശ്യ കൂലി വർധന ആവശ്യപ്പെട്ട് സി ഐ ടി യു ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചാണ് ഒരാഴ്ചയായി രാജ്‌മോഹൻ ബസിന് മുന്നിൽ ലോട്ടറി വിറ്റ് പ്രതിഷേധം നടത്തിയത്. കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും.

ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടത്. ഇന്ന് പൊലീസുകാരോട് ചോദിച്ച ശേഷമാണ് താൻ കൊടി അഴിക്കാൻ പോയത്. തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകും. കോടതി ഞങ്ങൾക്ക് പുല്ലാണെന്നാണ് അവർ പറഞ്ഞത്. ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നതിനാൽ പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റുകയും ബസ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിൽ എടുത്ത ബസ് ഉടമയുടെ യാർഡിലേക്ക് മാറ്റി. നാളെ തൊഴിൽ മന്ത്രിയുമായി വിഷയത്തിൽ ഇരു കൂട്ടരും ചർച്ച നടത്തും. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകൻ എസ് ഡി റാമിന് മർദ്ദനമേറ്റിരുന്നു. മാതൃഭൂമിയുടെ കുമരകം ലേഖകനായ എസ് ഡി റാമിനെ സിഐടിയു പ്രവർത്തകരാണ് മർദ്ദിച്ചത്.

തൊഴിൽ തർക്കത്തേത്തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച തിരുവാർപ്പ്- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സിഐ.ടി.യു. കൊടി കുത്തിയത്. ഇതേത്തുടർന്ന് ബസുടമയും വിമുക്തഭടനുമായ രാജ് മോഹൻ ബസിന് മുന്നിൽ ലോട്ടറി വിൽപ്പന ആരംഭിച്ചിരുന്നു. രാജ് മോഹൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പൊലീസ് സംരക്ഷണത്തോടെ സർവീസ് നടത്താൻ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

എന്നാൽ, ഇത് വെല്ലുവിളിച്ച് സിഐ.ടി.യു- സിപിഎം. നേതാക്കൾ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞദിവസം സിഐ.ടി.യു. നേതാക്കൾ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ 6.40-ന് സർവീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സിപിഎം. നേതാക്കൾ തടഞ്ഞു. ഇവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ മർദിച്ച ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തണമെന്ന് രാജ് മോഹൻ ആവശ്യപ്പെട്ടു. സിഐ.ടി.യുവിനെതിരെ കോടതി അലക്ഷ്യത്തിന് ഹർജി നൽകുമെന്നും രാജ് മോഹൻ വ്യക്തമാക്കി.

സിഐടിയു പ്രവർത്തകർ കൊടിനാട്ടിയതു കാരണം ഓട്ടം നിലച്ച വെട്ടിക്കുളങ്ങര ബസ് വിഷയത്തിൽ തൊഴിൽ മന്ത്രി ഇടപെടുമെന്ന് സിഐടിയു പ്രതികരിച്ചു. ബസ് സമരം ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രി നാളെ ചർച്ചയക്ക് വിളിച്ചെന്നാണ് സിഐടിയു അറിയിച്ചിരിക്കുന്നത്.