ചെന്നൈ: ഇളയ ദളപതിയിൽനിന്ന് ദളപതിയിലേക്കുള്ള ആ യാത്രയിൽ ജോസഫ് വിജയ് എന്ന നടൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വെറും 49 വയസ്സുള്ളപ്പോഴാണ് വിജയ് ചലച്ചിത്ര ജീവിതം അവസാനിപ്പിച്ചുകൊണ്ട് മുഴുവൻ സമയ രാ്ഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

അതും അടിക്കടി ഹിറ്റുകൾ ഉണ്ടാക്കിക്കൊണ്ട് തമിഴകത്തെ ഏറ്റവും വിലപിടിച്ച താരമായി കത്തിനിൽക്കുന്ന സമയത്ത്. ഇനി രണ്ടുസിനിമകൾ മാത്രമേ താൻ ചെയ്യുന്നുള്ളൂ എന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയെങ്കിലും, ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിട്ടിരിക്കുന്നത്.

പക്ഷേ വിജയ് അഭിനയം ഉപേക്ഷിക്കുന്നതായുള്ള വാർത്തയിൽ ആരാധകർ വേദനയോടെയാണ് പ്രതികരിച്ചത്. ഇനി രണ്ട് ചിത്രങ്ങളിൽ മാത്രമേ താരത്തെ കാണാനാവൂ. വിജയിയുടെ കരിയറിലെ 68ാമത്തെ ചിത്രമാണ് ഇനി വരാനുള്ളത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നാണ് പേരിട്ടിരിക്കുന്നത്.

ഇതിനുശേഷം ഒരു ചിത്രത്തിൽ കൂടി വിജയ് അഭിനയിക്കും. അത് വിജയിയുടെ കരിയറിലെ 69ാമത്തെ ചിത്രമായിരിക്കും. അതേസമയം, ഈ ചിത്രം ആരാണ് സംവിധാനം ചെയ്യുന്നതെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. ആർ ആർ ആർ നിർമ്മാതാവ് ഡിവിവി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രതിഫലം 200 കോടി

വിജയ്യുടെ അവസാന ചിത്രത്തിൽ സംവിധായകനെയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ 200 കോടിയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം എന്ന് പുറത്തായിട്ടുണ്ട്. ഇത് ഇളയദളപതിയുടെ കരിയറിലെ ഉയർന്ന പ്രതിഫലമായിരിക്കും. വാരിസിനായി വിജയിക്ക് 120 കോടിയായിരുന്നു പ്രതിഫലം. വെങ്കട്ട് പ്രഭുവിന്റെ ഗോട്ടിനായി 150 കോടിയും വിജയ് പ്രതിഫലം വാങ്ങിയിട്ടുണ്ട്.

ചിത്രത്തിന്റെ സംവിധായകനെ കുറിച്ച് ഒത്തിരി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെയും എച്ച് വിനോദിന്റെയും പേരുകൾ ഈ പ്രൊജക്്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്. സംവിധായകൻ വെട്രിമാരന്റെ പേരാണ് അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്. സൂര്യയുടെ വാടിവാസലാണ് വെട്രിമാരൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. വിടുതലൈയുടെ രണ്ടാം ഭാഗവും വരാനുണ്ട്.

രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള ചിത്രങ്ങൾ ഒരുക്കിയ വെട്രിമാരൻ ബോക്സ് ഓഫീസ് വിജയം നേടിയുള്ള ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ്. എന്നാൽ വെട്രിമാരനും വിജയിയും ഒന്നിച്ചുള്ള ചിത്രം ഇതുവരെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം വെട്രിമാരൻ സംവിധാനം ചെയ്താൽ നന്നായിരിക്കുമെന്നാണ് വാർത്തകളിൽ പ്രേക്ഷകരുടെ പ്രതികരണം. സമൂഹത്തിലെ പാർശ്വവത്ക്കരിച്ചവരെക്കുറിച്ചാണ് വെട്രിമാരൻ സിനിമകൾ ചെയ്യാറുള്ളത്.അതെല്ലാം വമ്പൻ ഹിറ്റായും മാറാറുണ്ട്.

അസുരൻ, വിടുതലൈ, വിസാരണൈ, ആടുകളം, വടചെന്നൈ പോലുള്ള വെട്രിമാരൻ സിനിമകൾ അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ചയായിരുന്നു. ബോക്സോഫീസ് വിജയവും ചിത്രം നേടിയിരുന്നു. അതാണ് വിജയ് വെട്രിമാരനെ തന്നെ പരിഗണിക്കാൻ കാരണം.വിജയിയുടെ രാഷ്ട്രീയമെല്ലാം ചേർന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്.ആരാധകർ വിജയിയുടെ അവസാനത്തെ രണ്ട് റിലീസുകൾ എന്തായാലും ആഘോഷമാക്കാനുള്ള ശ്രമത്തിലാണ്.