മലപ്പുറം: സംസ്ഥാന സർക്കാറിന്റെ് മികച്ച ചലച്ചിത്ര നടിക്കുള്ള അവാർഡ് നേടിയ വിൻസി അലോഷ്യസിന്റെ അച്ഛൻ കട്ട മമ്മൂട്ടി ഫാനാണ്. മികച്ച നടിക്കുള്ള അവാർഡ് തനിക്കു ലഭിച്ചതോടെ മമ്മൂട്ടിക്കു മികച്ച നടനുള്ള അവാർഡു ലഭിച്ചതിൽ ഇരട്ടി സന്തോഷത്തിലാണു വിൻസി.

അപ്പൻ മമ്മൂക്കയുടെ ഹാർഡ്‌കോർ ഫാനാണെന്നും ഇനിയിപ്പോൾ അവാർഡ് ഫങ്ഷന് പോകുമ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാമെന്നും വിൻസി പറഞ്ഞു. ഇതുവരെ തനിക്ക് ഒരു അവാർഡും കിട്ടിയിട്ടില്ലെന്നും ആദ്യ അവാർഡ് തന്നെ സർക്കാറിന്റെ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വിൻസി പറയുന്നു.

പൊന്നാനി സ്വദേശിയും ഡ്രൈവറുമായ അലോഷ്യസിനെയും സ്‌കൂൾ ടീച്ചറായ സോണിയുടെയും മകളായ വിൻസിക്കു ഒരു അഭിനേത്രിയാകണമെന്നു തന്നെയായിരുന്നു സ്വപ്നം. എന്നാൽ ഇത് എത്രത്തോളം യാഥാർഥ്യമാകുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാലിപ്പോൾ വലിയ സന്തോഷത്തിലാണ്.സിനിമയെന്ന ലോകം സ്വപ്നം മാത്രമായി മാറുന്നതിനിടെയാണ് ലാൽ ജോസിന്റെ ഷോയിലേക്ക് തെരഞ്ഞെടുത്തത്. ഇതാണ് വിൻസിയുടെ ജീവിതം മാറ്റി മറിച്ചത്. 2019 ൽ പുറത്തിറങ്ങിയ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിൻസിയുടെ ആദ്യ സിനിമ. ഈ സിനിമയിൽ സൗബിൻ ഷാഹിറിനൊപ്പം വിൻസി അഭിനയിച്ചു.

2018-ലെ നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷോയുടെ ഫൈനലിസ്റ്റായിരുന്നു വിൻസി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നിവയിൽ നിരൂപക പ്രശംസ നേടിയ സുപ്രധാന വേഷങ്ങളിൽ വിൻസി അഭിനയിച്ചു.2018ൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷോയിലെ റണ്ണറപ്പായിരുന്നു വിൻസി നായികാ നായകൻ ഷോയിലെ ജനപ്രീതി 2019 ൽ വികൃതി എന്ന സിനിമയിലെ പ്രധാനപ്പെട്ട വേഷത്തിന് വഴിയൊരുക്കി.

സൗബിൻ സാഹിറിന്റെ കാമുകിയായും പിന്നീട് ഭാര്യയായും ഉള്ള ആ വേഷം വിൻസിക്ക് നിരൂപകപ്രശംസ നേടിക്കൊടുത്തു.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 2021ലെ ആക്ഷേപഹാസ്യ ചിത്രമായ കനകം കാമിനി കലഹം എന്ന ചിത്രത്തിലെ റിസപ്ഷനിസ്റ്റായ ശാലിനിയായി വിൻസി അഭിനയിച്ചു. 2021ൽ കരിക്ക് മിനി-സീരീസ് കലക്കാച്ചിയിൽ വിൻസി പ്രത്യക്ഷപ്പെട്ടു. 2022ലെ എമിലി എന്ന വെബ് സീരീസിലും വിൻസി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു. വർഷങ്ങളോളം ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിക്കേണ്ടിവന്നതു മൂലം ഒരു സൈക്കോപതിക് കില്ലറായി മാറുന്ന എമിലിയായി വിൻസി നല്ല പ്രകടനം കാഴ്ചവച്ചു.