മലപ്പുറം: വിശുദ്ധനാടുകളിൽ സന്ദർശനം എന്നു പറഞ്ഞ് പോയി മുങ്ങുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയാകുന്നു. കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് മുങ്ങുന്നതിലധികവും. ഇസ്രയേലിൽ വീട്ടുജോലിക്കും വയോധികരുടെ പരിചരണത്തിനും ഒട്ടേറെപ്പേരെ ആവശ്യമുണ്ട്. ഇവർക്ക് രണ്ടുലക്ഷം രൂപ വരെ ശമ്പളമുണ്ട്. ജോലി തേടാനുള്ള എളുപ്പവഴിയായി പലരും മാറ്റുകയാണ് തീർത്ഥാടന വഴി. ഇസ്രയേലിൽ നിയമപരമായി പോകണമെങ്കിൽ നിരവധി രേഖകൾ വേണം, പല കടമ്പകളും കടക്കണം. ഇത് ഒഴിവാക്കാനാണ് സന്ദർശകവിസയിൽ പോയി മുങ്ങുന്നത്.

ട്രാവൽ എജൻസി വഴി വിശുദ്ധനാട്ടിലേക്കുപോയ സംഘത്തിലെ ഏഴുപേരെ കാണാതായത് പുതിയ പ്രതിസന്ധിയാണ്. ഇതേത്തുടർന്ന് ബാക്കിയുള്ള 31 പേരെ ഇസ്രയേലിൽ തടഞ്ഞുവെച്ചു. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള നാലു പേരെയും കൊല്ലത്തുനിന്നുള്ള മൂന്നുപേരെയുമാണ് കാണാതായത്. ഇവരിൽ രണ്ട് സ്ത്രീകളുമുണ്ട്. ഇവർ ജോലിക്കായി മുങ്ങിയതാണെന്ന് സംശയിക്കുന്നൂവെന്ന് ഇവരെ കൊണ്ടുപോയ മലപ്പുറം ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പറയുന്നു. കൂടെയുള്ള 31 പേരെ തടഞ്ഞുവെച്ചതാണ് ഏറ്റവും ഒടുവിലത്തെ 'മുങ്ങലിനെ' വേറിട്ടുനിർത്തുന്നത്. ഇതിന് ഒരാൾക്ക് 12 ലക്ഷം രൂപ വെച്ച് ഏകദേശം 3.72 കോടി രൂപയോളം കൊടുത്താൽ മാത്രമേ തടവിലുള്ളവരെ വിട്ടയയ്ക്കൂ. അല്ലാത്തപക്ഷം നയതന്ത്രതരത്തിലുള്ള ഇടപെടലുകൾ വേണ്ടിവരും. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും വിനയാണ്.

കൃഷിരീതി പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പ് ഈ വർഷം ഫെബ്രുവരിയിൽ ഇസ്രയേലിലേക്ക് അയച്ച കണ്ണൂർ ഉളിക്കൽ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യനെ കാണാതായത് സർക്കാരുകൾക്ക് നാണക്കേടുണ്ടാക്കിയിരുന്നു. നയതന്ത്രതലത്തിലുള്ള ഇടപെടലിനെത്തുടർന്നാണ് ബിജു തിരിച്ചെത്തി. ഇതോടെയാണ് മുങ്ങൽ കേസുകളിൽ ശക്തമായ നടപടിക്ക് ഇസ്രയേൽ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർക്ക് പിഴ കൊടുത്താലേ മടങ്ങാനാകൂ. ഇത് പുതിയ പ്രതിസന്ധിയായി മാറുകയാണ്.

ഇസ്രയേൽ അധികൃതർ സന്ദർശക വിസ അനുവദിക്കുന്നതിന് അടുത്തകാലത്ത് പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിട്ടുണ്ട്. 40 വയസ്സിൽ താഴെയുള്ളവർ ഒറ്റയ്ക്കാണെങ്കിൽ വിസ അനുവദിക്കില്ല. കുടുംബത്തോടൊപ്പമാണെങ്കിലേ അനുവദിക്കൂ. മലപ്പുറത്തെ ട്രാവൽ ഏജൻസി കഴിഞ്ഞയാഴ്ച കൊണ്ടുപോയവരിൽ ചിലർക്ക് ഇസ്രയേലിലേക്ക് കടക്കാൻ കഴിയാഞ്ഞത് ഇതുകൊണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശികളായ മൂങ്ങോട് കുളമുട്ടം കുന്നിൽവീട്ടിൽ നസീർ അബ്ദുൾ റബ്, മിതിർമ്മല പാക്കിസ്ഥാൻ മുക്ക് ഇടവിള വീട്ടിൽ ഷാജഹാൻ അബ്ദുൾ ഷുക്കൂർ, മണമ്പൂർ കുളമുട്ടം അഹമ്മദ് മൻസിൽ ഹക്കിം അബ്ദുൾറബ്, മൂങ്ങോട് കുളമുട്ടം ഒലിപ്പിൽ വീട്ടിൽ ഷാജഹാൻ കിതർ മുഹമ്മദ്, കൊല്ലം സ്വദേശികളായ അയർകുഴി പാലയ്ക്കൽ കടയ്ക്കൽ ഷഫീഖ് മൻസലിൽ ബീഗം ഫാന്റാസിയ, പെരുമ്പുഴ ചിറയടി ഷാഹിനാസ് സ്‌നേഹതീരം നവാസ് സുലൈമാൻ കുഞ്ഞ്, ഭാര്യ ബിൻസി ബദറുദ്ദീൻ എന്നിവരെയാണ് കാണാതായത്.

പതിവായി വിശുദ്ധനാട് യാത്രകൾ നടത്തുന്ന ടൂർ കമ്പനിയാണ് ഗ്രീൻ ഒയാസിസ്. ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് 47 പേരടങ്ങുന്ന സംഘം ജോർദ്ദാൻ, ഇസ്രയേൽ, ഈജിപ്ത് എന്നിവടങ്ങളിൽപ്പെടുന്ന വിശുദ്ധനാട്ടിലേക്ക് പുറപ്പെട്ടത്. സംഘം വ്യാഴാഴ്ച ജോർദ്ദാനിലെത്തി. ഒൻപതുപേർക്ക് ഇസ്രയേലിൽ പ്രവേശിക്കാൻ വിസ കിട്ടിയില്ല. ബാക്കി 38 പേർ ഇസ്രയേലിലെത്തി. ജെറുസലേമിലെ അൽ അഖ്സ പള്ളിയിൽ എത്തിയപ്പോൾ ശൗചാലയത്തിൽ പോകണമെന്നും മറ്റ് അത്യാവശ്യങ്ങളുണ്ടെന്നും ട്രാവൽ ഏജൻസി പ്രതിനിധികളോട് പറഞ്ഞ് ഇവരിൽ പലരും പുറത്തിറങ്ങി. ഇതിൽ ഏഴുപേരാണ് മുങ്ങിയത്. സംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രയേൽ ടൂർ കമ്പനി തടഞ്ഞുവെയ്ക്കുകയായിരുന്നു. ഈ കമ്പനിയുമായുള്ള ധാരണയിലാണ് ഗ്രീൻ ഒയാസിസ് യാത്രകൾ സംഘടിപ്പിച്ചിരുന്നത്.

12 സ്ത്രീകളും കുട്ടികളുമടക്കം 31 പേരെയാണ് തടഞ്ഞുവെച്ചത്. ഇവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും അവരുടെ താമസം, ഭക്ഷണം, മറ്റു സേവനങ്ങൾ എന്നിവ നിർത്തിവെച്ചിരിക്കുന്നതായും ട്രാവൽ ഏജൻസിക്കാർ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർക്ക് ഭക്ഷണം നൽകിയിട്ടില്ലെന്നാണ് ആരോപണം.