തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് എതിരായി സമരം ചെയ്യുന്നവർ പൊലീസുമായി ഏറ്റുമുട്ടി വൻ സംഘർഷമുണ്ടായ സാചര്യം മുൻകൂട്ടി അറിഞ്ഞ് ശക്തമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഇന്റലിജൻസ് വിഭാഗത്തിന് വൻവീഴ്ചയുണ്ടായെന്ന വിമർശനം ശക്തമാണ്. എന്നാൽ ഇന്നലെ മതിയായ പൊലീസുകാരെ വിഴിഞ്ഞത്ത് നിയോഗിച്ചിരുന്നു. പക്ഷേ പൊലീസിന്റെ കണക്കുകൂട്ടൽ അനുസരിച്ചായിരുന്നില്ല കാര്യങ്ങൾ. അഞ്ഞൂറിലധികം പൊലീസുകാർ ഇന്നലെ വിഴിഞ്ഞത്തുണ്ടായിരുന്നു.

ശനിയാഴ്ച തുറമുഖ വിരുദ്ധരും അനുകൂലികളും തമ്മിൽ ഏറ്റുമുട്ടിയ പ്രദേശങ്ങളിലായിരുന്നു ഒരുവിഭാഗം പൊലീസുകാരെ വിന്യസിച്ചിരുന്നത്്. മറ്റൊരു കൂട്ടരെ തുറമുഖ അനുകൂലികളുടെ വീടുകളുടെ പരിസരത്തും നിയോഗിച്ചു. ശനിയാഴ്ച തുറമുഖ അനുകൂലികളുടെ സമരപന്തൽ പൊളിച്ച എതിർവിഭാഗം അവരെ വീടുകളിൽ കയറി അക്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വീടുകയറിയുള്ള ആക്രമണമാണ് പൊലീസ് പ്രതീക്ഷിച്ചത്. എന്നാൽ ശനിയാഴ്ചത്തെ സംഭവത്തിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് 6.30തോടെ സ്റ്റേഷനിലേക്ക് പാഞ്ഞെത്തുകയായിരുന്നു. ഇതിന് മിനിട്ടുകൾക്ക് മുമ്പ് പ്രൊബേഷൻ എസ്‌ഐ ലിജു പി മണിയുടെ നേതൃത്വത്തിൽ അഞ്ചുപേരെയും കോവളം സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. സ്റ്റേഷനിൽ പ്രതികളുണ്ടായിരുന്നെങ്കിൽ ഇവരെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. സ്റ്റേഷൻ സമരക്കാർ വളഞ്ഞന്ന് അറിഞ്ഞ് വിഴിഞ്ഞ് മറ്റുപ്രദേശങ്ങളിലുള്ളവരെ തിരിച്ചു വിളിച്ചെങ്കിലും ആദ്യഘട്ടത്തിൽ അവിടെ ആർക്കും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. അപ്പോഴും തങ്ങളുടെ ശ്രദ്ധമാറ്റികൊണ്ട് സമരാനുകൂലികകളുടെ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന ആശങ്ക പൊലീസിനുണ്ടായിരുന്നു.

രാത്രി മറ്റൊരുവഴിയും ഇല്ലാതെ വന്നതോടെ പൊലീസ് സമരക്കാരെ കയ്യൂക്ക് കൊണ്ട് നേരിടുകയായിരുന്നു. ഗ്രനേഡിനൊപ്പം ശക്തമായി തന്നെ ലാത്തി വീശി അടിച്ചൊതുക്കി. രാത്രിയോടെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ലത്തീൻ അതിരൂപതയിലെ വികാരിമാരും തമ്മിൽ അനുനയ ചർച്ച നടന്നു. ഈ സമരം പൊലീസ് അടിച്ചൊതുക്കിയ ആൾക്കൂട്ടം വീണ്ടും പലയിടങ്ങളിലും സംഘടിക്കുന്നതായി വിവരം പൊലീസിന് ലഭിച്ചു. രാത്രിയിൽ വീണ്ടും ആക്രമണം ഉണ്ടായാൽ വിഴിഞ്ഞം കുരിതികളമാകുമെന്ന് ഉറപ്പായിരുന്നു.

എന്നാൽ ലത്തീൻ അതിരൂപതയ്ക്ക് വേണ്ടി സംസാരിച്ചവർ പിന്നോട്ട് പോകാൻ തയ്യാറായിരുന്നില്ല. പിടികൂടിയവരെ എല്ലാം വിട്ടയക്കണമെന്നതായിരുന്നു ആദ്യാവസാനം അവരുടെ ആവശ്യം. താത്കാലിക പ്രശ്‌നപരിഹാരമെന്ന നിലയിൽ പൊലീസിന് ഉൾപ്പെടെ അതിന് വഴങ്ങേണ്ടിവന്നു. സർക്കാരിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ പ്രതികളിൽ ഒരാളെ മാത്രം റിമാൻഡ് ചെയ്യാമെന്നും മറ്റു നാലുപേരെ ഇന്ന് രാവിലെ സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്നും ഉറപ്പു നൽകി. പകരം ഇനി രാത്രിയിൽ ഒരു ആക്രമണം സ്റ്റേഷനിലേക്ക് ഉണ്ടാകില്ലെന്ന് ലത്തീൻ അതിരൂപതയും ഉറപ്പ് നൽകി. ഒത്തുതീർപ്പ് എന്ന പേരിൽ നടന്ന ചർച്ചയിൽ പൊലീസിന് ശരിക്കും സമരക്കാർക്ക് മുന്നിൽ കീഴടങ്ങേണ്ടി വരികയായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 70 പേരാണ് ചികിത്സതേടിയത്. ഇതിൽ 31 പേരും പൊലീസുകാരാണ്. 38 പ്രദേശവാസികളും ഒരു മാധ്യമപ്രവർത്തകനും ആശുപത്രിയിലെത്തി. പ്രദേശവാസികളിൽ കുറച്ചു പേർ ഇന്നലെയാണ് ചികിത്സതേടിയത്. ഇതിൽ 22 പേരെ ഡിസ്ചാർജ് ചെയ്തു.

മെഡിക്കൽ കോളേജിൽ അടിയന്തരസാഹചര്യം കണക്കിലെടുത്ത് എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനും ഏകോപിപ്പിക്കാനും ആശുപത്രിയിലെ 22ാം വാർഡ് ഞായറാഴ്ച രാത്രി തന്നെ തുറന്നു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഐ.സി.യുവും സജ്ജമാക്കി. ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ള ആംബുലൻസുകളും ക്രമീകരിച്ചു.