കോട്ടയം: വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് കേരളത്തിൽ മന്ദഗതിയിലായതിനാൽ വേഗം വർധിപ്പിക്കാൻ പ്രത്യേക നടപടി തുടങ്ങി. ഓഗസ്റ്റ് ഒന്നിന് തുടങ്ങിയ പദ്ധതിയിൽ ഒരുമാസം കൊണ്ട് 3,96,726 പേരുടെ ആധാറേ ബന്ധിപ്പിച്ചുള്ളൂ. ആകെ വോട്ടർമാർ 2,72,54,388 ആണ്. ബന്ധിപ്പിക്കൽ ഒന്നര ശതമാനം പോലും എത്തിയില്ല. കള്ളവോട്ട് തടയാനും വോട്ട് ഇരട്ടിപ്പ് ഒഴിവാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണിത്.

വോട്ടർമാർക്ക് ഓൺലൈനിൽ ബന്ധിപ്പിക്കൽ നടത്താം. എല്ലാ വോട്ടർമാർക്കും ഇതിനുള്ള സാങ്കേതിക സംവിധാനവും പരിജ്ഞാനവും ഇല്ല. അതിനാൽ വീടുകളിലെത്തി ആധാർ ബന്ധിപ്പിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാരെ (ബി.എൽ.ഒ.) ചുമതലപ്പെടുത്തിയിരുന്നു. മറ്റ് ജോലിയുള്ളവരാണ് ബി.എൽ.ഒ.മാർ. ജോലിയിലെ ചുമതലകൾക്കുശേഷം വേണം വീടുകളിലെത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്ന ജോലികൾ ചെയ്യാൻ. സംസ്ഥാനത്ത് 25,149 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിനും ഓരോ ബി.എൽ.ഒ. എന്നതാണ് കണക്ക്. പലയിടത്തും ഇപ്പോൾ ആളില്ല.

ഓരോ ബൂത്തിലും ശരാശരി 1200 വോട്ടർമാരുണ്ട്. അവരുടെ വീടുകളിൽ എത്തി ആധാറിന്റെ ഫോട്ടോ എടുത്ത് മൊബൈൽ ആപ്പ് മുഖേന അപ്ലോഡ് ചെയ്തുവേണം നടപടി പൂർത്തീകരിക്കാൻ. മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ ഇത് സാധ്യമല്ല. വളരെ പഴയ വോട്ടർ ഐ.ഡി. നമ്പരുകളാണെങ്കിൽ ബന്ധിപ്പിക്കൽ സാധിക്കില്ല.

ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു. കൂടുതൽ ബി.എൽ.ഒ.മാരെ നിയമിക്കാൻ നീക്കം ആരംഭിച്ചു. ഓരോ ബൂത്ത് പരിധിയിലും താമസിക്കുന്ന നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാരുടെ ഡേറ്റ ബാങ്ക് റവന്യൂവകുപ്പ് തയ്യാറാക്കുന്നുണ്ട്. ഓരോ ബൂത്തിലും കുറഞ്ഞത് മൂന്നുപേരെയാണ് ഇതിൽ ഉൾപ്പെടുത്തുക. ചൊവ്വാഴ്ച ഡേറ്റ ബാങ്ക് പൂർത്തിയാകും.

വളരെ പഴയ വോട്ടർ ഐ.ഡി. നമ്പരുള്ളവർക്ക് പകരം പുതിയ നമ്പർ അനുവദിച്ചിട്ടുണ്ട്. കെ.എൽ. എന്നു തുടങ്ങുന്ന നമ്പരുകൾ ഒഴിവാക്കി.ceo.kerala.gov.in/epicSearch/ എന്ന വെബ് സൈറ്റിൽ പഴയ നമ്പർ നൽകിയാൽ പുതിയ നമ്പർ ലഭിക്കും. ഇതുപയോഗിച്ച് പഴയ വോട്ടർ ഐ.ഡി. കാർഡുകൾ ബന്ധിപ്പിക്കാം.

വോട്ടർമാർക്ക് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ എത്തി വോട്ടർ ഐ.ഡി.യും ആധാറും ബന്ധിപ്പിക്കാം. രണ്ട് രേഖകളും കൊണ്ടുചെല്ലണം. സെപ്റ്റംബർ 18, 25 ഞായറാഴ്ചകളിൽ ഈ ഓഫീസുകൾ പ്രവർത്തിക്കും. കഴിഞ്ഞ ഞായറാഴ്ചയും പ്രവൃത്തിദിവസമായിരുന്നു. രണ്ട് ജീവനക്കാരെ ശനി, ഞായർ ദിവസങ്ങളിൽ ഇതിനായി പ്രത്യേകം നിയോഗിക്കാനാണ് നിർദ്ദേശം.