കറാച്ചി: സിംഗപ്പൂരിലേക്ക് ചികിത്സയ്ക്കായി എയർ ആംബുലൻസിൽ യാത്രയ്ക്കിടെ ചെന്നൈയിൽവച്ച് ആദ്യ ഭാര്യയുടെ വിയോഗം ഉണ്ടായതിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് പാക്കിസ്ഥാൻ ഇതിഹാസ പേസ് താരം വസീം അക്രം. 2009ൽ ചെന്നൈയിൽ വച്ചായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ ഹുമാ അക്രം ചികിത്സയ്ക്കിടെ മരിച്ചത്. ചെന്നെയിലെ വിമാനത്താവളത്തിൽ എയർ ആംബുലൻസ് ഇറങ്ങിയപ്പോൾ ഭാര്യ ബോധരഹിതയാകുകയായിരുന്നുവെന്നും അപ്പോൾ തനിക്ക് ഇന്ത്യൻ പാസ്പോർട്ട് ഉണ്ടായിരുന്നില്ലെന്നും അക്രം വെളിപ്പെടുത്തുന്നു.

വൃക്ക-ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയ്ക്കായി ലാഹോറിൽനിന്ന് സിംഗപ്പൂരിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു ഹുമയെ. ഇതിനിടയിൽ ഇന്ധനം നിറയ്ക്കാനായാണ് ചെന്നെ വിമാനത്താവളത്തിൽ ഇറങ്ങിയത്.

'ഞാൻ സിംഗപ്പൂരിലേക്ക് ഭാര്യയുമായി പോകുകയായിരുന്നു. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി ചെന്നൈയിൽ സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ അവൾ ബോധരഹിതയായി കിടക്കുകയായിരുന്നു. ഇതു കണ്ട് ഞാൻ കരയുകയായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്നവർ എന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഞങ്ങൾക്ക് ഇന്ത്യൻ വിസയുണ്ടായിരുന്നില്ല. പാക്കിസ്ഥാൻ പാസ്പോർട്ടാണ് ഞങ്ങളുടെ അടുത്തുണ്ടായിരുന്നത്.'-അദ്ദേഹം ഓർത്തെടുത്തു.

ചെന്നൈ വിമാനത്താവളത്തിലുണ്ടായിരുന്ന നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും കസ്റ്റംസ്-എമിഗ്രേഷൻ ജീവനക്കാരും ആശ്വസിപ്പിക്കാനെത്തി. വിസ ആലോചിച്ചിട്ട് വിഷമിക്കേണ്ടെന്നു പറഞ്ഞു. തുടർന്ന് വിസ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഉടൻ തന്നെ ഭാര്യയെ ആശുപത്രിയിലെത്തിച്ചു. ഈ അനുഭവം ക്രിക്കറ്ററെന്ന നിലയ്ക്കും മനുഷ്യനെന്ന നിലയ്ക്കും താൻ ഒരുകാലത്തും മറക്കില്ലെന്നും അക്രം കൂട്ടിച്ചേർത്തു. അടുത്തിടെ പുറത്തിറങ്ങിയ 'സുൽത്താൻ: എ മെമോയർ' എന്ന ആത്മകഥയെക്കുറിച്ച് 'സ്പോർട്സ് സ്റ്റാർ' സംഘടിപ്പിച്ച ചർച്ചയിലാണ് അക്രം മനസ് തുറന്നത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ഹുമയെ രക്ഷിക്കാനായില്ല. സിംഗപ്പൂരിലേക്ക് ചികിത്സയ്ക്ക് തിരിക്കുംമുൻപ് ചെന്നെയിലെ ആശുപത്രിയിൽ വച്ച് തന്നെ അവർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇതിനുശേഷം നാലു വർഷം കഴിഞ്ഞാണ് ആസ്ട്രേലിയക്കാരിയായ ഷനീറയെ അക്രം വിവാഹം കഴിക്കുന്നത്.

ചെന്നൈയിൽനിന്ന് നേരിട്ട മറ്റൊരു അവിസ്മരണീയ അനുഭവവും അക്രം വെളിപ്പെടുത്തി. വർഷങ്ങൾക്കുമുൻപ് ഇന്ത്യയെ ഒരു ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാൻ തോൽപിച്ചപ്പോഴായിരുന്നു അത്. സച്ചിൻ ടെണ്ടുൽക്കർ സെഞ്ച്വറി അടിച്ച, ഏറെ നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിൽ പാക്കിസ്ഥാൻ വിജയം സ്വന്തമാക്കുമ്പോൾ ചെന്നൈയിലെ ഇന്ത്യൻ ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കുകയായിരുന്നുവെന്നും ചെന്നൈയോട് നന്ദിയുണ്ടെന്നും അക്രം കൂട്ടിച്ചേർത്തു.

2009ൽ ഒരു അപൂർവ ഫംഗസ് അണുബാധ മൂലം പെട്ടെന്ന് മരണമടഞ്ഞ തന്റെ ആദ്യ ഭാര്യ ഹുമയുടെ നിസ്വാർത്ഥ പ്രവൃത്തിയെക്കുറിച്ചും മുൻ ഇടംകയ്യൻ പേസർ പരാമർശിച്ചു.
ഹുമയുടെ നിസ്വാർത്ഥമായ പ്രവൃത്തി തന്നെ മയക്കുമരുന്ന് പ്രശ്‌നത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ആ ജീവിതരീതി അതോടെ അവസാനിച്ചു. പിന്നീട് ഞാൻ ഒരിക്കലും അതിലേക്ക് പോയിട്ടില്ലെന്ന് അക്രം വെളിപ്പെടുത്തി.

കളി ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് താൻ കൊക്കെയ്‌നിന് അടിമയായതെന്ന് അക്രം പറയുന്നുണ്ട്. എന്നാൽ ആദ്യ ഭാര്യയുടെ മരണത്തെത്തുടർന്ന് ഇത് ഉപേക്ഷിച്ചു. 2003ൽ വിരമിക്കുന്നതിനുമുമ്പ് 900ലധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയ അക്രം 1992 ലോകകപ്പ് പാക്കിസ്ഥാന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. വിരമിച്ചശേഷം ടെലിവിഷൻ വിദഗ്ധനായി ജോലി ചെയ്യുന്നതിനിടയിലാണ് കൊക്കെയ്ൻ ഉപയോഗിക്കാൻ തുടങ്ങിയത്.

തന്റെ പുതിയ ആത്മകഥയിൽ മയക്കുമരുന്ന് ആസക്തിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് 56 കാരനായ അദ്ദേഹം വെളിപ്പെടുത്തി. അക്രം പറയുന്നതനുസരിച്ച്, മാഞ്ചസ്റ്ററിൽ താമസിക്കുകയായിരുന്ന ഹുമയിൽ നിന്നും അവരുടെ രണ്ട് ആൺമക്കളിൽ നിന്നും അകന്ന് നിന്നപ്പോഴാണ് കൊക്കെയ്നിലേക്ക് തിരിയുന്നത്. ഇംഗ്ലണ്ടിലെ ഒരു പാർട്ടിയിൽ എനിക്ക് ഇത് വാഗ്ദാനം ചെയ്തപ്പോൾ അത് ഉപയോഗിക്കാൻ ആരംഭിച്ചു. തുടക്കത്തിൽ ചെറിയ തോതിലായിരുന്നു. എന്റെ ഉപയോഗം ക്രമാനുഗതമായി വർദ്ധിച്ചു. പിന്നീട് പ്രവർത്തിക്കാൻ എനിക്ക് അത് ആവശ്യമാണെന്ന് എനിക്ക് തോന്നി.

ഈ സമയത്ത് പലപ്പോഴും ഏകാന്തതയായിരുന്നു, കറാച്ചിയിലേക്ക് മാറാനും മാതാപിതാക്കളോടും സഹോദരങ്ങളോടും അടുത്തിരിക്കാനുമുള്ള ഭാര്യയുടെ ആഗ്രഹത്തെക്കുറിച്ച് അവൾ സംസാരിക്കും. എനിക്ക് മടിയായിരുന്നു. കറാച്ചിയിൽ പോകുന്നത് എനിക്ക് ഇഷ്ടമായിരുന്നെങ്കിലും പാർട്ടികളിൽ പങ്കെടുക്കാൻ താൻ കൂടുതൽ ഇഷ്ടപ്പെട്ടു.

ഭാര്യ തന്റെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെത്തുടർന്ന് പെട്ടെന്ന് ചികിത്സ തേടി. എന്നാൽ, ലാഹോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിൽ തനിക്ക് മോശം അനുഭവമുണ്ടായെന്നും 2009 ചാമ്പ്യൻസ് ട്രോഫിയിൽ താൻ പണ്ഡിറ്റായി ജോലി ചെയ്തിരുന്ന സമയത്ത് ഈ ശീലത്തിലേക്ക് മടങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ആ ടൂർണമെന്റിന് തൊട്ടുപിന്നാലെ ഹുമയുടെ മരണം അദ്ദേഹത്തെ മയക്കുമരുന്ന് വിടാൻ പ്രേരിപ്പിച്ചു. അതിനുശേഷം അക്രം പുനർവിവാഹം കഴിച്ചു, രണ്ടാമത്തെ ഭാര്യയിൽ ഒരു ചെറിയ മകളുണ്ട്.