രു വസ്തു വിഷമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അതിന്റെ ഡോസ് ആണ്. അധികമായാൽ അമൃതും വിഷം എന്ന ചൊല്ല് സ്ഥിരീകരിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോൾ അമേരിക്കയിനിന്ന് പുറത്തുവരുന്നത്. യുഎസിലെ ഇന്ത്യാനയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് യുവതി മരിച്ചത് ലോകമാധ്യമങ്ങൾ വലിയ ചർച്ചയാക്കുകായാണ്. എൽ ഡി ഫിഫ്റ്റി എന്നു പറയുന്ന ലീത്തൽ ഡോസിനെകുറിച്ച് എല്ലാവരും അറിയണമെന്നും, ഏത് വസ്തുവും ലീത്തൽ ഡോസിസ് അപ്പുറം പോയാൽ അപകടം ഉറപ്പാണെന്നാണ് ഇതുസംബന്ധിച്ച് ശാസ്ത്രകാരാന്മ്മാർ പറയുന്നത്.

അമിത ഡോസിൽ വെള്ളം മാത്രമല്ല ഓക്സിജനും വിഷമാണ്. ഓക്സിജൻ ടോക്സിസിറ്റി എന്ന വിഷബാധയും ലോകത്ത് അപൂർവമല്ല. അതുപോലെ നേർപ്പിച്ച തോതിൽ കൊടുക്കുന്ന പല വിഷവും മരുന്നുമാണ്. ഇങ്ങനെയുള്ള രസതന്ത്രലോകത്തിലെ അത്ഭുതങ്ങൾ അപകടം ഒഴിവാക്കുന്നതിനായി നാം അറിയണം.ഇപ്പോൾ വാട്ടർ ടോകിസിറ്റിയാണ് ഏറ്റവും വലിയ ചർച്ചാ വിഷയം.

വെള്ളം കുടിച്ച് മരിച്ച വീട്ടമ്മ

യുഎസിലെ ഇന്ത്യാനയിൽ രണ്ടു കുട്ടികളുടെ മാതാവായ ആഷ്‌ലി സമ്മേഴ്സ് എന്ന മുപ്പത്തഞ്ചുകാരിയാണ് മരിച്ചത്. വാരാന്ത്യം ആഘോഷിക്കാനായി ഇന്ത്യാസന്ദർശിക്കുന്നതിനിടെ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആഷ്‌ലി അമിതമായി വെള്ളം കുടിച്ചതെന്ന് കുടുംബത്തെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തല ചുറ്റുന്നതായും ഒട്ടും വയ്യെന്നും ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞ ആഷ്‌ലി, ക്ഷീണമകറ്റുന്നതിനായി നിന്ന നിൽപ്പിൽ വലിയ അളവിൽ വെള്ളം കുടിച്ചതായാണ് കുടുംബം നൽകുന്ന വിവരം. തുടർന്ന് വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻതന്നെ ആഷ്ലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 'വാട്ടർ ടോക്സിസിറ്റി'യാണ് ആഷ്ലിയുടെ മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം.

''ഈ സംഭവം സത്യത്തിൽ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. വാട്ടർ ടോക്സിസിറ്റിയെക്കുറിച്ചാണ് ആദ്യം കേൾക്കുകയാണ്. 20 മിനിറ്റുകൊണ്ട് നാലു കുപ്പി വെള്ളമാണ് അവൾ കുടിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. ഒരു ശരാശരി കുപ്പിവെള്ളം 16 ഔൺസാണ്. അതായത് 20 മിനിറ്റുകൊണ്ട് 64 ഔൺസാണ് കുടിച്ചത്. ഒരു ദിവസം കൊണ്ട് കുടിക്കേണ്ട വെള്ളത്തിന്റെ അളവാണത്' - ആഷ്‌ലിയുടെ സഹോദരൻ ഡിവോൺ മില്ലർ പ്രതികരിച്ചു.

അതേസമയം, ഇത്തരത്തിൽ അപകടമുണ്ടാകുന്നത് അസാധാരണമാണെന്ന് ആഷ്‌ലിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർ അലോക് ഹർവാനി അഭിപ്രായപ്പെട്ടു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വെള്ളം കുടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. ഒരു മണിക്കൂറിൽ നമ്മുടെ വൃക്കയ്ക്ക് ഒരു ലീറ്റർ വെള്ളം മാത്രമാണ് കൈകാര്യം ചെയ്യാനാകുക' ഡോക്ടർ പറഞ്ഞു. മരണത്തിനു പിന്നാലെ ആഷ്‌ലിയുടെ അവയവങ്ങൾ ദാനം ചെയ്തു. ഇത് അഞ്ചു പേർക്കാണ് നൽകുക.

ഹൈപ്പോനാട്രീമിയ സൂക്ഷിക്കണം

നമ്മുടെ നാട്ടിലടക്കം ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കുന്ന പല തെറാപ്പികളും പല കപട ചികിത്സകരും, ചെയ്യുന്നുണ്ട്. വാട്ടർ ടോക്സിസിറ്റിപോലെയുള്ള മറ്റൊരു അവസ്ഥയാണ്വാട്ടർ ഇൻടോക്‌സിക്കേഷൻ അല്ലെങ്കിൽ ഹൈപ്പോനാട്രീമിയ. അമിതമായി വെള്ളം കുടിക്കുന്നത് കാരണം രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായി കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണിത്. യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥ ജീവന് ഭീഷണിയായേക്കാം. ശരീരത്തിലെ കോശങ്ങളിലും ചുറ്റുപാടുമുള്ള ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സോഡിയം നിർണായക പങ്ക് വഹിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വെള്ളം കുടിക്കുമ്പോൾ, രക്തത്തിലെ സോഡിയത്തിന്റെ അളവ് നേർപ്പിക്കുന്നു. ഇത് ഇലക്ട്രോലൈറ്റുകളുടെ സാന്ദ്രതയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു, ഇത് കോശങ്ങളുടെ, പ്രത്യേകിച്ച് മസ്തിഷ്‌ക കോശങ്ങളുടെ വീക്കത്തിലേക്ക് നയിച്ചേക്കാം.

ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ പ്രമുഖ ഡയറ്റീഷ്യനായ പ്രവീൺ കോത്താരി ഇങ്ങനെ എഴുതുന്നു. ''ശരീരത്തിലെ ജല സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിന് സോഡിയം അത്യന്താപേക്ഷിതമാണ്, എന്നിരുന്നാലും, അമിതമായ അളവിൽ കഴിക്കുന്നത് വെള്ളം നിലനിർത്തുന്നതിന് കാരണമാകും, ഇത് ഹൈപ്പോനാട്രീമിയയ്ക്ക് കാരണമാകും. വെള്ളത്തിന്റെ ആധിക്യം മൂലം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുകയും തലവേദന, ഓക്കാനം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.ഗുരുതരമായ സന്ദർഭങ്ങളിൽ, ഇത് അപസ്മാരം, കോമ എന്നിവയിലേക്ക് നയിച്ചേക്കാം.ജലത്തിലെ വിഷാംശം ഒഴിവാക്കാൻ സോഡിയം കഴിക്കുന്നത് ജാഗ്രതയോടെ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ഉള്ള വ്യക്തികൾക്ക് വൃക്കസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ഹൃദയസ്തംഭനം, സോഡിയം കഴിക്കുന്നത് കൃത്യമായി കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്.''- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതായത കപട ചികിത്സരുടെ അഭിപ്രായം കേട്ട് വെറുതേ വെള്ളം കുടിക്കാൻ പോകരുത്. ആവശ്യത്തിന് കുടിച്ചാൽ മതി. നിങ്ങളുടെ ശരീരത്തിന് എന്ത് കുഴപ്പമാണ് ഉള്ളതെന്ന് പരിശോധനയിലൂടെ മനസ്സിലാക്കിയശേഷം അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ വെറുതെ മൂത്രമൊഴിച്ചുപോകുന്നത് നല്ലതാണെന്ന് പറഞ്ഞ് അമിതമായി വെള്ളം കുടിച്ചാൽ നിങ്ങൾ അപകടത്തിലേക്കാണ് നീങ്ങുക.