തിരുവനന്തപുരം: ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതത്തിന് കേന്ദ്ര സർക്കാർ പ്രത്യേക അക്കൗണ്ട് ഏർപ്പെടുത്തിയതോടെ പുറത്തു വരുന്നത് കേന്ദ്രത്തിന്റെ ചെറിയ വിഹിതവും പെൻഷനിലുണ്ടെന്ന വസ്തുത. കഴിഞ്ഞദിവസം രണ്ടുമാസത്തെ പെൻഷൻ വിതരണംചെയ്തുതുടങ്ങിയെങ്കിലും കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ ഒട്ടേറെപ്പേർക്ക് പെൻഷൻ ഭാഗികമായേ കിട്ടിയുള്ളൂ. സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണം. 57 ലക്ഷത്തോളം പേർക്ക് സംസ്ഥാനസർക്കാർ പെൻഷൻ നൽകുമ്പോൾ അതിൽ കേന്ദ്രവിഹിതം ലഭിക്കുന്നവർ 5.7 ലക്ഷം പേർക്ക് മാത്രമാണ്. കേന്ദ്ര സർക്കാർ പെ്ൻഷൻ കൂട്ടുമെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി.

വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പെൻഷനിലാണ് 200 മുതൽ 500 രൂപവരെ കേന്ദ്രവിഹിതം ലഭിക്കുന്നത്. എന്നാൽ, ഇവയുൾപ്പെടെ എല്ലാ വിഭാഗത്തിലും സംസ്ഥാനവിഹിതംകൂടി ചേർത്ത് കേരളത്തിൽ 1600 രൂപയാണ് പെൻഷൻ. സംസ്ഥാനം മാസം 750 കോടി രൂപ പെൻഷനായി ചെലവിടുമ്പോൾ കേന്ദ്രവിഹിതം ഏകദേശം 33 കോടി രൂപ മാത്രമാണ്. വയോജനപെൻഷനിൽ കേന്ദ്രവിഹിതം 80 വയസ്സിൽതാഴെ: 200 രൂപ കിട്ടും. 80 വയസ്സിനുമേൽ: 500 രൂപയും. വിധവ, ഭിന്നശേഷി പെൻഷൻ വിഭാദത്തിൽ കേന്ദ്രവിഹിതം-80 വയസ്സിൽ താഴെ: 300 രൂപയും 80 വയസ്സിനുമേൽ: 500 രൂപയുമാണ് ഇതുവരെ 1600 രൂപയും സംസ്ഥാനത്തിന്റേതെന്നായിരുന്നു പൊതു വിലയിരുത്തൽ. അതാണ് ഇപ്പോഴുണ്ടാകുന്ന സാങ്കേതിക തടസ്സം മാറ്റിമറിക്കുന്നത്.

കേന്ദ്രവിഹിതം സംസ്ഥാനമാണ് മുൻകൂറായി നൽകിക്കൊണ്ടിരിക്കുന്നത്. ഇത് പിന്നീട് കേന്ദ്രം തിരിച്ചുനൽകും. കേന്ദ്രവിഹിതംകൂടി ചേർത്ത് സാമൂഹിക സുരക്ഷാപെൻഷൻ കമ്പനി ബാങ്കിൽ നിക്ഷേപിക്കുന്ന തുകയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ 2021 മുതൽ 480 കോടി രൂപ കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ നേരിട്ട് നൽകുന്നത് പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം (പി.എഫ്.എം.എസ്.) എന്ന ഓൺലൈൻ സംവിധാനം വഴിയാണ്. സുരക്ഷാപെൻഷനിലെ കേന്ദ്രവിഹിതവും ഇതുവഴി വിതരണം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പണം നൽകില്ലെന്നും അറിയിച്ചു.

ഇത്തവണയാണ് ഇത് കേരളത്തിൽ നടപ്പാക്കിയത്. കേന്ദ്രവിഹിതം ഒരു അക്കൗണ്ടിലും സംസ്ഥാനവിഹിതം മറ്റൊരു അക്കൗണ്ടിലും നിക്ഷേപിക്കും. രണ്ടും ഒരുമിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തും. സംസ്ഥാനം രണ്ടുമാസത്തെ കേന്ദ്രവിഹിതത്തിനായി 67 കോടി രൂപ പി.എഫ്.എം.എസി.ലേക്ക് കൈമാറി. ഇക്കാര്യം പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, രണ്ട് അക്കൗണ്ടുകളും തമ്മിലുള്ള സംയോജനത്തിന് സാങ്കേതിക തടസ്സമുണ്ടായതാണ് പ്രശ്നമായത്. അതിനാൽ സംസ്ഥാനവിഹിതം മാത്രമാണ് കഴിഞ്ഞദിവസങ്ങളിൽ ഗുണഭോക്താക്കൾക്ക് ലഭിച്ചത്.

തടസ്സം പരിഹരിക്കാൻ ഡൽഹിയിലെയും കേരളത്തിലെയും പി.എഫ്.എം.എസ്. ഉദ്യോഗസ്ഥർ പരിശ്രമിക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ ഇത് പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക അക്കൗണ്ട് നിലവിൽവന്നതോടെ കേന്ദ്രവിഹിതത്തിന്റെ വിനിയോഗം നേരിട്ട് നിരീക്ഷിക്കാൻ കേന്ദ്രത്തിന് കഴിയും. സുരക്ഷാപെൻഷനുകളിലെ കേന്ദ്രവിഹിതം ബിജെപി. ഇതര സംസ്ഥാനങ്ങൾ മറച്ചുവെക്കുന്നുവെന്ന പരാതി കേന്ദ്രത്തിനുണ്ട്. വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതൽ കേന്ദ്ര സർക്കാർ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകുന്നത് ഈ പരാതി കൂടി കണക്കിലെടുത്താണ്.

സംസ്ഥാന സർക്കാർ വഴിയായിരുന്നു ഇതുവരെ പെൻഷൻ നൽകിയിരുന്നത്. കേന്ദ്രം നൽകുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ മുതൽ കേന്ദ്രം പരിഷ്‌ക്കാരം നടപ്പിലാക്കി.എന്നാൽ പുതിയ തീരുമാനത്തിൽ നിലപാടുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. പെൻഷൻ വിതരണത്തിനായി കേന്ദ്രം നൽകുന്നത് തുച്ഛമായ വിഹിതമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ പരിഷ്‌ക്കാരം ഉപകരിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുകയായ 3200 രൂപ സംസ്ഥാന സർക്കാർ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകിയിരുന്നു. സംസ്ഥാനത്ത് ആകെ അരലക്ഷത്തോളം പേർ ക്ഷേമ പെൻഷൻ തുക കൈപ്പറ്റുമ്പോൾ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കൂട്ടിച്ചേർത്ത് പെൻഷൻ നൽകുന്നത് 4.7 ലക്ഷം പേർക്കാണ്.