കേരളത്തിൽ ഇപ്പോൾ തട്ടം വിവാദം കത്തിനിൽക്കുന്ന സമയമാണെല്ലോ. ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ്-23യിൽ 'യൂണിഫോം സിവിൽ കോഡ് ആവശ്യമോ' എന്ന സംവാദത്തിൽ പങ്കെടുത്ത് സിപിഎം നേതാവ് അഡ്വ എം അനിൽകുമാർ നടത്തിയ പരാമർശത്തെ ചൊല്ലി വൻ വിവാദമാണ് ഉണ്ടായത്. 'മലപ്പുറത്ത് തട്ടം തലയിടാൻ പറഞ്ഞാൽ അത് വേണ്ട എന്ന പറയുന്ന പെൺകുട്ടികൾ ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി, ഭരണത്തിൽ വന്നതിന്റെ ഭാഗമായിട്ടാണ്' എന്നാണ് അനിൽകുമാർ പറഞ്ഞത്. ഇതോടെ മുസ്ലിംലീഗ്, സമസ്ത എ.പി., ഇ.കെ. വിഭാഗം നേതാക്കൾ സിപിഎമ്മിനെതിരെ രംഗത്ത് എത്തി. മന്ത്രി കെ ടി ജലീൽ അനിൽകുമാറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. സിപിഎം ആരുടെയും തട്ടം അഴിപ്പിച്ചിട്ടില്ല എന്നായിരുന്നു ജലീലിന്റെ പ്രതികരണം. ഇതിനുപിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനിൽകുമാറിനെ തള്ളിക്കൊണ്ട് രംഗത്തെത്തി.

തട്ടം അല്ലെങ്കിൽ ഹിജാബ് എന്നത് അടിച്ചമർത്തലിന്റെ പ്രതീകമാണെന്നും, അത് ഉപേക്ഷിക്കുന്നത് വിമോചനമാണെന്നും പറയാൻ കേരളത്തിൽ മുഖ്യധാരാ പാർട്ടികൾ ആർക്കും ധൈര്യമുണ്ടായില്ല. പക്ഷേ ഈ വിവാദം കത്തിനൽക്കവേയാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. അത് കിട്ടിയത് തട്ടം വലിച്ചെറിഞ്ഞ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്കാണ്.

ഹിജാബിനെതിരെ പ്രതികരിച്ചതുകൊണ്ട് ഇറാനിയിൽ മതകാര്യപൊലീസ മഹ്സ അമിനി എന്ന യുവതിയെ തല്ലിക്കൊന്നതിന്റെ പേരിൽ കഴിഞ്ഞവർഷം നൂറുകണക്കിന് സ്ത്രീകളാണ് ഇറാനിൽ പ്രക്ഷോഭത്തിന് ഇറങ്ങിയത്. ഇതിൽ അഞ്ഞൂറോളം പേരെ പൊലീസ് വെടിവെച്ചുകൊന്നുവെന്നും, കാൽലക്ഷത്തോളം പേരെ തടവിലാക്കിയെന്നും റിപ്പോർട്ടുണ്ട്. മുനഷ്യാവകാശ പ്രവർത്തകയായ നർഗേസ് കഴിഞ്ഞ 31 വർഷമായി ജയിലിയാണ്. ഹിജാബ് സമരത്തിനായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ ജയിലിൽ ഹിജാബ് കത്തിച്ചും വാർത്തകളിൽ നിറഞ്ഞിരുന്നു. ഫലത്തിൽ ഇറാനിലെ പൊരുതുന്ന സ്ത്രീകൾക്കുള്ള ഐക്യദാർഢ്യമായിമാറി ഈ വർഷത്തെ നൊബേൽ പുരസ്‌ക്കാരം.

ഇറാനിലെ വിവേചനത്തിനെതിരെ പൊരുതുന്നു

ജയിലിൽ വച്ചാണ് നർഗേസ് പുരസ്‌കാര വാർത്ത അറിഞ്ഞത്. മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഇവർ മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണയാണ് അറസ്റ്റിലായത്. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

'ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്‌കാര'മെന്ന്, നൊബേൽ പുരസ്‌കാര കമ്മിറ്റി ഓസ്ലോയിൽ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് നിഷ്‌കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗേസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള പുരസ്‌കാരം ഈ വർഷം നേടിയ മൂന്നു പേരിൽ നർഗേസുമുണ്ടായിരുന്നു. 1986ൽ കൊല്ലപ്പെട്ട കൊളംബിയൻ പത്രപ്രവർത്തകൻ ഗില്ലർമോ കാനോയുടെ സ്മരണാർഥം ലോക മാധ്യമസ്വാതന്ത്ര്യദിനമായ മെയ്‌ 3ന് യുഎൻ നൽകുന്ന പുരസ്‌കാരമാണ്, ഈ വർഷം നർഗെസ് ഉൾപ്പെടെ ഇറാനിൽ തടവിലാക്കപ്പെട്ട 3 വനിതാ മാധ്യമപ്രവർത്തകർ പങ്കുവച്ചത്. നിലോഫർ ഹമദി, ഇലാഹി മുഹമ്മദി എന്നിവരാണ് നർഗേസിനൊപ്പം പുരസ്‌കാരം നേടിയത്.

ഭൗതികശാസ്ത്രം പഠിച്ച നർഗീസ് മൊഹമ്മദി, എഞ്ചിനീയറായി ജോലി നോക്കിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്‌കരണ സ്വഭാവമുള്ള പത്രങ്ങളിൽ കോളങ്ങൾ എഴുതി. 2003-ൽ ഇവർ മറ്റൊരു നൊബേൽ സമാധാനപുരസ്‌കാര ജേതാവായ ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്‌റാനിലെ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങി.

തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടർന്ന് 2011- ൽ ആണ് ആദ്യമായി നർഗീസ് മൊഹമ്മദി തടവിലാക്കപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ അവർ വധശിക്ഷയ്ക്കെതിരായ പ്രചാരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2015-ൽ വീണ്ടും അവർ തടവിലാക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവർ, രാഷ്ട്രീയ തടവുകാർക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാർക്കെതിരെ ഇറാൻ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരായ പോരാട്ടം ആരംഭിച്ചു. മതപൗരോഹിത്യത്തിനെതിരെ അവർ നിരന്തരം പോരടിച്ചു. സ്ത്രീകളുടെ സ്വതന്ത്ര്യം ഇറാൻ അടിച്ചമർത്തുകയാണെന്നും മതം ഇതിന് കൂട്ടുനിൽക്കയാണെന്നും പറയാൻ അവർ ഒരിക്കലും മടിച്ചിരുന്നില്ല.

നർഗേസ് മുഹമ്മദിക്ക് നെബേൽ സമ്മാനം കിട്ടിയത് തട്ടം വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്വതന്ത്രചിന്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ സിപിഎമ്മിനുപോലും, പുരോഗമനമായി കാണുന്ന തട്ടം, അടിമത്തിത്തിന്റെ പ്രതീകമാണെന്ന് ഇസ്ലാമിക രാഷ്ട്രമായ ഇറാനിലെ സ്ത്രീകൾപോലും തിരിച്ചറിയുന്നുവെന്ന് അവർ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.