പ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു നഗ്‌ന സന്യാസിയെ തൊഴുന്നത്. ഇത് ഒരു ഹിന്ദുസന്യാസിയാണെന്നും, ഇത്തരം അപരിഷ്‌കൃതരെയാണോ പ്രധാനമന്ത്രിയടക്കം പ്രോൽസാഹിപ്പിക്കുന്നതും എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്. എന്നാൽ ഇദ്ദേഹം ഒരു ഹിന്ദു സന്യാസിയായല്ല. ജൈന സന്യാസിയാണ്. ജൈന ദാർശനികനായ ആചാര്യ വിദ്യാസാഗർ മഹാരാജാണിത്. ദിഗംബര ജൈന വിശ്വാസം അനുസരിച്ച് ഇവർ വസ്ത്രം ധരിക്കാറില്ല. ദിഗംബരൻ എന്നാൽ ദിക്കുകളെ വസ്ത്രമാക്കി ഉടുക്കുന്ന സന്യാസി എന്നാണ് അർത്ഥം. വസ്ത്രങ്ങളല്ല, ദിക്കുകളാണ് ഇവരുടെ വസ്ത്രം. അതുകൊണ്ടുതന്നെ പൂർണ്ണ സന്യാസ ദീക്ഷ കൈക്കൊണ്ടാൽ ഓരോ ദിംഗംബരനും വസ്ത്രം ഉപേക്ഷിക്കയാണ് രീതി.

എന്നാൽ അതിന്റെ പേരിൽ മാത്രം ഇവർ പ്രാകൃതരായി കണക്കാക്കാൻ കഴിയില്ല. നിരവധി സ്‌കൂളുകളും കോളജുകളും കമ്യുണിറ്റി ഹെൽത്ത് സെന്ററുകളും അടക്കമുള്ള വിവധി ക്ഷേമ പ്രവർത്തനങ്ങൾ ഇവർ ഛത്തീസ്‌ഗഡിലെ ആദിവാസി മേഖലയിൽ നടത്തുന്നുണ്ട്. ഇവിടെ മാത്രമല്ല, ഇന്ത്യയിൽ പരക്കെ ആദരിക്കപ്പെടുന്ന വ്യക്തിയാണ് ആചാര്യ വിദ്യാസാഗർ മഹാരാജ്. ഞായറാഴ്ച ഛത്തീസ്‌ഗഡിലെ രാജ്നന്ദഗോൺ ജില്ലയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ഡോംഗർഗഢ് സന്ദർശിക്കുമ്പോഴാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാര്യ വിദ്യാസാഗർ മഹാരാജുമായി സംവദിച്ചത്.

ആറുഭാഷകൾ അറിയുന്ന നഗ്‌ന സന്യാസി

1946 ഒക്ടോബർ 10 ന് കർണാടകയിലെ സദൽഗയിൽ ജനിച്ച ആചാര്യ വിദ്യാസാഗർ ചെറുപ്പം മുതലേ ആത്മീയത സ്വീകരിക്കയായിരുന്നു. രാജസ്ഥാനിലെ അജ്മീറിൽവെച്ച് 21-ാം വയസ്സിൽ ദീക്ഷ സ്വീകരിക്കുന്നതിനായി ലൗകിക ജീവിതം ഉപേക്ഷിച്ചുവെന്നാണ് അദ്ദേഹം തന്റെ പ്രഭാഷണങ്ങളിൽ പറയാറുള്ളത്. ജൈന ഗ്രന്ഥങ്ങളുടെയും തത്ത്വചിന്തകളുടെയും പഠനത്തിലും വിദഗ്ധനാണ് ഇദ്ദേഹം. സംസ്‌കൃതം ഹിന്ദിയും ഇംഗ്ലീഷും, ഫ്രഞ്ചും തൊട്ട് ആറുഭാഷകൾ ഇദ്ദേഹത്തിന് അറിയാം. നിരവധി കവിതകളും ആത്മീയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. നിരഞ്ജന ശതകം, ഭാവന ശതകം, പരിഷ ജയ ശതകം, സുനിതി ശതകം, ശ്രമണ ശതകം എന്നിവയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കൃതികൾ ജൈന സമുദായത്തിൽ വ്യാപകമായി പഠിക്കപ്പെടുന്നു.

വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിലെ അവികിസതി ആദിവാസി മേഖലയായ ബുന്ദേൽഖണ്ഡിൽ. സ്‌കൂളുകൾ, ആശുപത്രികൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവ സ്ഥാപിക്കുന്നതിനും, വിദ്യാഭ്യാസ ബോധവത്ക്കരണത്തിനുമാണ് അദ്ദേഹം മുൻകൈ എടുക്കുന്നത്. ജൈന സമൂഹത്തിൽ മാത്രമല്ല ഹിന്ദു സമുഹത്തിലും ഇന്ന് അദ്ദേഹം ആദരിക്കപ്പെടുന്നുണ്ട്. ജൈന മതത്തിന്റെ അടിസ്ഥാനമായ അഹിംസയിൽ ഊന്നിയാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. ആചാര്യ വിദ്യാസാഗർ മഹാരാജ് ഇവിടെയുള്ള സമയങ്ങളിൽ സന്ദർശകരുടെ ഒഴുക്കാണ്.

ഛത്തീസ്‌ഗഡിലെ 90 അംഗ സംസ്ഥാന നിയമസഭയിലേക്ക് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. നവംബർ 7 ന് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 20 സീറ്റുകളിൽ ഒന്നാണ് ഈ സന്യാസി വര്യൻ ജീവിക്കുന്ന ഡോംഗർഗഡ് ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെയെത്തിയതും. ഡോംഗർഗഡിലെ ഒരു കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന മാ ബംലേശ്വരി ക്ഷേത്രത്തിലും പ്രധാനമന്ത്രി മോദി പ്രാർത്ഥന നടത്തി. 'ഛത്തീസ്‌ഗഡിലെ ഡോംഗർഗഡിലുള്ള ചന്ദ്രഗിരി ജൈന മന്ദിറിൽ ആചാര്യ ശ്രീ വിദ്യാസാഗർ ജി മഹാരാജിന്റെ അനുഗ്രഹം ലഭിച്ചതിൽ സന്തോഷം തോന്നുന്നു,'- മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെയാണ്.

രാത്രി വിളക്ക് കത്തിക്കാത്തവർ

ജൈനമതം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്. ഏണ്ണത്തിൽ ചെറുതാണെങ്കിലും, അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. നാൽപതു ലക്ഷത്തോളം മാത്രം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് സാന്നിധ്യമറിയിക്കുന്നത്.

ആദിതീർത്ഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവൻ തന്നെയാണെന്നും ചിലർ കരുതുന്നു. ആദിതീർത്ഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർത്ഥങ്കരൻ വർദ്ധമാന മഹാവീരനുമാണെനന്ന് കണക്കാക്കപ്പെടുന്നു. പിന്നീട് തീർത്ഥങ്കരന്മാർ ഉണ്ടായിട്ടില്ല. ജൈന ദർശനപ്രകാരം മത പരിഷ്‌കർത്താവുമാത്രമാണ് മഹാവീരൻ. എന്നാൽ മഹാവീരനെ ഈശ്വരതുല്യനായി ജൈനർ ആരാധിക്കുന്നു. വൈശാലിക്കു സമീപമുള്ള(ബീഹാർ ഇപ്പോൾ) ബി.സി. 540-ൽ ആണ് മഹാവീരൻ ജനിച്ചത്. മുപ്പതാം വയസിൽ സന്യാസം സ്വീകരിച്ചു. ആ മഹാവീര ദർശനമാണ് ജൈനർ ഇപ്പോഴും പിന്തടുരുന്നത് എന്നാണ് പറയാറുള്ളത്.

കർക്കശമായ മത രീതിയുള്ളതുകൊണ്ട് ഒരുപാട് പേർ ഈ മതം വിട്ട് പുറത്തുപോവുകയുണ്ടായി. അതുകൊണ്ടുതന്നെ സന്യാസിമാർക്ക് മാത്രമാണ് ഇപ്പോൾ ജൈന മതത്തിന്റെ മൗലിക രീതികൾ സ്വീകരിക്കാറുള്ളു. തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ് ജൈനമതവിശ്വാസികൾക്ക് നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്‌മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന് നിഷ്‌കർഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നഗ്നരായ സന്യാസികൾ ധാരാളം കാണപ്പെടുന്ന ഒരു വിഭാഗമാണ് ജൈനമതം.

മതമൗലികവാദിയായാൽ പേടിക്കേണ്ട

ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമി കീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽ വെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ജൈനമതത്തിന്റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിൽ കൂടുതൽ. സ്വന്തം കാർഷികവിഭവങ്ങളെ കീടങ്ങളിൽ നിന്നും മറ്റും സംരക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങൾ അനുസരിക്കുന്നതിന് ഇവർ കൂടുതൽ പ്രയാസം നേരിട്ടു. ഉത്തരേന്ത്യയിൽ ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇവരുടെ പണത്തിന്റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാർക്കുമായാണ് ചെലവാക്കുന്നത്.

എന്തൊക്കെപ്പറഞ്ഞാലും ഒരു മനുഷ്യൻ മതമൗലികവാദിയായാൽ പേടിക്കേണ്ടാത്ത ഏക മതമാണ് ജൈനമതം എന്നാണ് പറയുക. ജൈനമത മൗലികവാദിയാവുക എന്ന് പറഞ്ഞാൽ നിങ്ങൾ അന്ധമായ അഹിംസാവാദിയാവുക എന്നാണ് അർത്ഥം. മതപ്പകയും പ്രതികാരവും കാലുഷ്യം വിതക്കുന്ന ഇക്കാലത്ത് ജൈനർ മൗലിക വാദികൾ അങ്ങനെ വേറിട്ട് നിൽക്കുന്നു!