തിരുവനന്തപുരം: തലസ്ഥാനത്തു പുതുതായെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് തിരുവല്ലം ബൈപ്പാസിലെ സർവീസ് റോഡിൽ സംഭവിച്ചത് പുറത്തുപറഞ്ഞാൽ പൊലീസിന്റെ മാനം പോവും. ഗൺമാനോ സുരക്ഷയോ ഇല്ലാതെ പ്രഭാത സവാരിക്കിറങ്ങിയ ഉദ്യോഗസ്ഥയെ ബൈക്കിലെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിനിരയായെങ്കിലും മാല പിടിച്ചുപറിക്കാൻ ശ്രമിച്ചെന്നായിരുന്നു പൊ ലീസിന്റെ കേസ്. 72,000 പാഷൻ പ്രോ ബൈക്കുകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. മൂന്നു വർഷം മുൻപായിരുന്നു ഈ സംഭവം. അതേസംഭവം മ്യൂസിയം പൊലീസിന്റെ മൂക്കിനു താഴെയുള്ള മ്യൂസിയത്ത് ആവർത്തിച്ചു. പ്രഭാത സവാരിക്കെത്തിയ യുവതിക്കു നേരേ യുവാവ് ലൈംഗിക അതിക്രമം നടത്തിയ ശേഷം രക്ഷപെട്ടു. സിസിടിവി ദൃശ്യങ്ങളുള്ളതിനാൽ പ്രതിയെ പിടികൂടുമായിരിക്കും.

തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പൊതുസ്ഥലവും സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ നടക്കാനെത്തുന്നതുമായ മ്യൂസിയം വളപ്പിൽ ഇത്രത്തോളം ഹീനമായ ആക്രമണമുണ്ടായതിൽ പൊലീസിന്റെ വീഴ്ചയും സംസ്ഥാനത്തെ സ്ത്രീസുരക്ഷയുമെല്ലാം ചോദ്യംചെയ്യപ്പെടുന്നു. കോവളം കാണാനെത്തിയ ലാറ്റ്‌വിയൻ യുവതിക്ക് ചതുപ്പിലെ വള്ളിപ്പടർപ്പിൽ ജീവൻ തന്നെ നഷ്ടമായത് മറക്കാറായിട്ടില്ല. അവരെ ലഹരി നൽകിയ മയക്കി കോവളത്ത് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന വമ്പൻ പദ്ധതികളുമായി പൊലീസ് സ്ത്രീസുരക്ഷാ വർഷം ആഘോഷിക്കുമ്പോഴാണ് കൊച്ചിയിലെ തിരക്കേറിയ ഹൈപ്പർമാർക്കറ്റിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാതാവുന്നത്. അവിടെ യുവനടിക്കടക്കം ലൈംഗിക അതിക്രമം നേരിടേണ്ടിവന്നു.

സ്ത്രീസുരക്ഷയ്ക്ക് കോടികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ടുണ്ട്. വർഷത്തിലൊരിക്കൽ രാത്രിനടത്തം സംഘടിപ്പിച്ചും വല്ലപ്പോഴും സെമിനാർ നടത്തിയും മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചും സ്ത്രീസുരക്ഷയ്ക്കുള്ള കോടികൾ ചെലവഴിക്കുമെന്നല്ലാതെ സ്ത്രീസുരക്ഷ വർദ്ധിപ്പിക്കാൻ ഒരു നടപടിയുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്‌റമങ്ങൾ കൂടുന്നുവെന്ന് കണക്കുകൾ ഉദ്ധരിച്ച് പ്രതിപക്ഷം നിയമസഭയിൽ ആരോപണമുന്നയിച്ചപ്പോൾ, നല്ല രീതിയിൽ ബോധവത്കരണം നടക്കുന്നതിനാലാണ് പലരും പരാതി നൽകാൻ മുന്നോട്ടുവരുന്നതെന്നും അതിനാലാണ് കേസുകളുടെ എണ്ണം കൂടുന്നതെന്നുമായിരുന്നു മുഖ്യമന്ത്‌റിയുടെ മറുപടി. സ്ത്രീസുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസിനും പലപ്പോഴും വേട്ടക്കാരുടെ വേഷമാണ്.

'സുരക്ഷിത' എന്ന സ്ത്രീ സുരക്ഷാ പദ്ധതി പരീക്ഷിക്കുന്ന കൊല്ലത്തെ ചവറ പൊലീസ് സ്റ്റേഷനിൽ അടുത്തിടെയുണ്ടായ സംഭവം കേട്ടാലറിയാം സ്ത്രീസുരക്ഷയുടെ മെച്ചം. രാത്രിയിൽ അഭയം നൽകാൻ കൂട്ടിക്കൊണ്ടുവന്ന മനോനില തെറ്റിയ സ്ത്രീയേയും പിങ്ക് പൊലീസുകാരെയും ജി.ഡി ചാർജും മറ്റൊരു പൊലീസുകാരനും ചേർന്ന് സ്റ്റേഷനിൽ നിന്ന് പുറത്താക്കി. അകത്തു കയറാതിരിക്കാൻ ഗ്രില്ല് താഴിട്ട് പൂട്ടി. പൊലീസിന്റെ ആട്ടിപ്പുറത്താക്കലിൽ പ്രകോപിതയായ സ്ത്രീ വനിതാ പൊലീസുകാരുടെ കണ്ണിൽ മണ്ണ് എറിഞ്ഞ് ദേശീയപാതയിലൂടെ ഓടി. പാഞ്ഞുവന്ന വാഹനങ്ങൾക്കിടയിലൂടെ ഓടിയ സ്ത്രീയെ നൈറ്റ് പട്രോൾ സംഘം പിന്നാലെയെത്തി പിടികൂടി തിരിച്ചുകൊണ്ടുവന്നെങ്കിലും സ്റ്റേഷനിൽ കയറ്റിയില്ല. എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ പിങ്ക് പൊലീസ്, മനോനില തെറ്റിയ ആ സ്ത്രീയെ പിറ്റേന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവം ആരോരുമറിയാതെ ഒതുക്കിത്തീർത്തു.

വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും, രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം ബസ് സ്റ്റോപ്പുകൾ, സ്‌കൂൾകോളേജ് പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ റോന്തുചുറ്റും, വനിതാ പൊലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തുകൾ സന്ദർശിച്ച് പരാതികൾ സ്വീകരിക്കും. ക്രൈംഡ്രൈവ് ആപ്പ് മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് നിരീക്ഷിക്കും, വലിയ ജില്ലകളിൽ അഞ്ചു ലക്ഷം സ്ത്രീകൾക്കും ചെറിയ ജില്ലകളിൽ രണ്ടു ലക്ഷം വനിതകൾക്കും പരിശീലനം നൽകും തുടങ്ങിയ ഡി.ജി.പിയുടെ പ്രഖ്യാനങ്ങളെല്ലാം പാഴ്‌വാക്കായതിന് തെളിവാണ് അടിക്കടി സ്ത്രീകൾക്കെതിരേയുണ്ടാവുന് ലൈംഗിക അതിക്രമങ്ങൾ.

ഐ.പി.എസുകാരിക്ക് സംഭവിച്ചത്

വിഴിഞ്ഞം: കോവളം - പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്ക്ക് സമീപം പ്രഭാത സവാരിക്കിടെയാണ് ഐ.പി.എസുകാരിക്കു നേരെ ആക്രമണമുണ്ടായത്. കറുത്ത ടീ ഷർട്ടും നീല ട്രാക് സൂട്ടും ധരിച്ച് ബൈക്കിൽ എത്തിയ യുവാവാണ് ആക്രമിച്ചത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പതറാതെ വനിതാ ഓഫീസർ പിറകേ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി സഞ്ചരിച്ചിരുന്നത് പാഷൻ പ്രോ ബൈക്കാണെന്ന് വ്യക്തമായതോടെ ഇത് കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. സംഭവത്തിനിടെ വനിതാ ഉദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ട 1361 എന്ന വാഹന നമ്പരും വഴിത്തിരിവായി. എന്നാൽ ഇത് ഏത് രജിസ്‌ട്രേഷനാണെന്ന് വ്യക്തമായിരുന്നില്ല. ഇതേ നമ്പരുള്ള വാഹനം കണ്ടെത്താൻ തിരുവനന്തപുരത്തെയും കൊല്ലത്തെയും 72,000 ബൈക്കുകൾ പരിശോധിച്ചു. ആദ്യം തിരുവനന്തപുരത്തെ വാഹനങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൊല്ലത്തെ ബൈക്കുകൾ പരിശോധിച്ചതോടെ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചു.

മ്യൂസിയത്ത് നടന്നത്

മ്യൂസിയം വളപ്പിൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമി കാറിൽനിന്ന് ഇറങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്.

'പ്രഭാതസവാരിക്ക് ഒട്ടേറെപ്പേർ മ്യൂസിയത്തിൽ വരാറുണ്ട്. എതിർവശത്തുവരുന്നവരെ അധികം ശ്രദ്ധിക്കാറില്ല. അക്രമി പെട്ടെന്ന് വന്ന് എന്നെ ആക്രമിക്കുകയാണ് ഒരുനിമിഷം അന്ധാളിച്ചുനിന്നുപോയി. ശേഷം പ്രതിക്കുപിന്നാലെ ഓടി. സെക്യുരിറ്റിയെ അറിയിക്കുകയും അവർ മ്യൂസിയത്തിനകത്തെ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതി മ്യൂസിയം വിട്ടിട്ടില്ലെന്ന് താൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തില്ല. കാർ നമ്പർവച്ച് പ്രതിയെ കണ്ടെത്താനാകില്ലേ എന്ന് ചോദിച്ചപ്പോൾ മ്യൂസിയത്തിലെ പല ക്യാമറകളും വർക്കിങ് അല്ല, ചിലത് ലൈവ് മാത്രമേയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്.'പരാതിക്കാരി പറഞ്ഞു.