തൃശൂർ: തൃശൂർ കുന്നത്തങ്ങാടിയിൽ സ്ത്രീവേഷത്തിൽ എത്തിയ യുവാവ് കടയിൽ കയറി സ്ഥാപന ഉടമയായ സ്ത്രീയുടെ തലയ്ക്കടിച്ച് പരിക്കേൽപിച്ചത് മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ്. തുണിക്കടയിൽ സ്ത്രീവേഷത്തിൽ കയറിയ യുവാവ് കടയുടമയായ സ്ത്രീയെ കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

തൃശൂർ കുന്നത്തങ്ങാടിയിൽ പ്രഭ ഫാഷൻ ആൻഡ് ഇന്നർവെയേഴ്‌സ് ഉടമ, വെളൂത്തൂർ പരക്കാട് വട്ടപ്പറമ്പിൽ രാമചന്ദ്രന്റെ ഭാര്യ രമയെ (50) യാണ് പട്ടാപ്പകൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ആക്രമിച്ചത് സ്ത്രീയാണെന്നാണ് എല്ലാവരും കരുതിയതെങ്കിലും, മാസ്‌കും ഷോളും മാറ്റിയപ്പോഴാണ് പ്രതി പുരുഷനാണെന്നു നാട്ടുകാർക്ക് മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെളുത്തൂർ പാലൊളി ധനേഷാണ് (കണ്ണൻ40) അറസ്റ്റിലായത്.

മോഷണശ്രമമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ പശ്ചാത്തലവും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണുള്ളത്.

 ഇയാൾ ഉൾവസ്ത്രം വരെ ധരിച്ചുരുന്നു. ആരു കണ്ടാലും സ്തീയാണെന്നേ തോന്നുമായിരുന്നുള്ളൂ. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ വെളൂത്തൂർ സ്വദേശിയാണെന്നു മനസിലായത്. അന്തിക്കാട് ഇൻസ്പക്ടർ പി.കെ. ദാസും സംഘവുമെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച ഉച്ചയോടെ സ്ത്രീവേഷത്തിൽ കടയിലെത്തിയ യുവാവ് രമയുടെ തലയ്ക്കടിച്ച് പരിക്കേർപ്പിക്കുകയായിരുന്നു. രമയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമിയെ കീഴ്പ്പെടുത്തി. രണ്ട് ദിവസമായി ഇയാൾ കടയുടെ പരിസരത്ത് കറങ്ങി നടന്നതായാണ് നാട്ടുകാർ പറയുന്നത്.

ആക്രമണത്തിൽ പരുക്കേറ്റ രമ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണ വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ കയ്യോടെ പിടികൂടി പൊലീസിലേൽപിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.15 നായിരുന്നു ആക്രമണം. തലയിൽ ഷാളിട്ട്, മുഖത്ത് മാസ്‌ക് വച്ച് സ്ത്രീവേഷത്തിൽ കാൻസർ രോഗിയെ പോലെ കടയിലെത്തിയ ധനേഷ് മൂകയെന്ന വ്യജേന രമയോട് ഏതാനും തുണിത്തരങ്ങൾ വേണമെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെട്ടു.

ബ്ലൗസ്തുണി, ചുരിദാർ മെറ്റീരിയൽ എന്നിവയാണ് ആവശ്യപ്പെട്ടത്. രമ തുണിയെടുത്തു കൗണ്ടറിലെ മേശയിൽ വച്ചപ്പോൾ പണം തികയില്ലെന്നും പുറത്ത് പോയി വരാമെന്നും കാണിച്ചു പ്രതി തിരിച്ചുപോയി. വീണ്ടും വന്നു ബിൽ എഴുതാൻ ആവശ്യപ്പെടുകയും ബിൽ ബുക്ക് എടുക്കാൻ കുമ്പിട്ട രമയുടെ തലയ്ക്ക് കമ്പിവടികൊണ്ട് അടിക്കുകയുമായിരുന്നു. 2 തവണ കൂടി അടിയേറ്റ രമ അക്രമിയെ തടുത്ത് പുറത്തേക്കു തള്ളി. നിലവിളി കേട്ട് സമീപത്തെ കടകളലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം ഓടിയെത്തുകയും അക്രമിയെ പിടികൂടി പുറത്ത് കെട്ടിയിടുകയുമായിരുന്നു.

സ്ത്രീവേഷം ധരിച്ച് ഒരാഴ്ച മുൻപ് ഇതേ കടയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ ധനേഷ് എത്തിയിരുന്നതായി രമ പറഞ്ഞു. അന്ന് കുറച്ച് രൂപയ്ക്ക് സാധനങ്ങൾ വാങ്ങി. അതിന്റെ പണവും നൽകിയിരുന്നതായി പറയുന്നു. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പെരുമാറ്റം. ധനേഷ് നേരത്തെ ഗൾഫിലായിരുന്നു. പിന്നീട് കുന്നത്തങ്ങാടി സെന്ററിൽ ലോട്ടറി കച്ചവടവും ഹോട്ടലും നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കുന്നത്താങ്ങാടിക്കടുത്ത് നാലാംകല്ല് സെന്ററിൽ 8 മാസം മുൻപ് സാന്ദ്ര സ്റ്റോഴ്‌സിൽ കയറി ജീവനക്കാരിയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ഇത് വരെയും പ്രതിയെ പിടികൂടാനായിട്ടില്ല. കടയിൽ ആരുമില്ലാത്ത സമയത്തായിരുന്നു അന്ന് ആക്രമണം നടന്നത്. പ്രത്യേക സ്‌ക്വാഡ് അന്വേഷണം നടത്തിയിട്ടും പ്രതിയെ പറ്റി വിവരമില്ല. ഇതിനിടെയാണ് സമാനമായ രീതിയിൽ വീണ്ടും ആക്രമണം നടന്നത്.