കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിക്കുമ്പോൾ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് ഇന്ന് മരിച്ചത്. കലൂർ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചുള്ള കടലിലെ കളിയാണ് ദുരന്തമായത്.

ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവരും അപകടത്തിൽ പെടുന്നത്. ഏഴു പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്. കള്ളക്കടൽ പ്രതിഭാസമുള്ളതിനാൽ കടലിലെ വിനോദങ്ങൾക്ക് നിരോധനമുണ്ട്. എന്നാൽ കേരളത്തിൽ ഉടനീളം ഇതു വെറും ജാഗ്രതയായി തുടരുന്നു. ആരും അനുസരിക്കാറില്ല.

പുതുവൈപ്പ് ബീച്ചിൽ നീന്തൽ പരിശീലനം നടത്തുന്നവരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം വടക്കോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. സംഘം ഐ.ഒ.സി. ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ നീങ്ങി കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപ്പെട്ടാണ് മൂന്നുപേരേയും കാണാതായത്. നീന്തൽ പരിശീലനം നടത്തിയിരുന്ന വൈപ്പിൻ ബീച്ച് ക്ലബ്ബിലെയും ഡോൾഫിൻ ക്ലബ്ബിലെയും നീന്തൽ വിദഗ്ധരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. മിലനേയും ആൽവിനേയും ആണ് ആദ്യം രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. അഭിഷേകിനെ കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നു.

ബീച്ചിലുണ്ടായിരുന്ന ടാക്‌സിയിൽ ആദ്യം കിട്ടിയ രണ്ടുപേരെയും പിന്നീട് എത്തിയ പൊലീസ് വാഹനത്തിൽ അഭിഷേകിനെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അഭിഷേക് മരിച്ചിരുന്നു. രാക്ഷസ തിരിമാലയാണ് ദുരന്തമുണ്ടാക്കിയത്. പതിവായി കുളിക്കാനിറങ്ങുന്ന സ്ഥലത്ത് തന്നെയാണ് ഇറങ്ങിയതെന്ന് അപകടത്തിൽപ്പെട്ട സംഘത്തിലുണ്ടായിരുന്ന ആസാദ് റോഡ് സ്വദേശിയായ അമൽ കൃഷ്ണ പറഞ്ഞു. കള്ളക്കടൽ പ്രതിഭാസ സമയത്ത് എപ്പോൾ വേണമെങ്കിലും ദുരന്തം എത്തും. അതുകൊണ്ടാണ് മുന്നറിയിപ്പുകൾ നൽകുന്നത്.

കടൽ ശാന്തമായതിനാൽ ഒരാളൊഴികെ ബാക്കിയെല്ലാവരും വെള്ളത്തിലേക്കിറങ്ങി. ഒരു മണിക്കൂറിലധികം കടലിൽ തന്നെ തുടർന്നു. എന്നാൽ അപ്രതീക്ഷതമായെത്തിയ രാക്ഷസതിരമാല അവരേയും കൊണ്ടു പോയി. അഭിഷേക്, മിലൻ, ആൽവിൻ എന്നിവരെയാണ് തിര കൂടുതൽ ഉള്ളിലേക്ക് കൊണ്ടുപോയത്. സമീപത്തുണ്ടായിരുന്ന നിന്തൽ ക്ലബ്ബിലുള്ളവർ രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും ഇവരെ പെട്ടെന്ന് കണ്ടെത്തി തീരത്ത് എത്തിക്കാനായില്ല.

കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് ഇവിടെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ശാന്തമായിടത്തും കള്ളക്കടൽ പ്രതിഭാസമുണ്ടാകുമെന്ന മുന്നറിയിപ്പ് എല്ലാ മാധ്യമങ്ങളിലും സജീവമായ കാലത്താണ് ഈ അപകടം ഉണ്ടായതെന്നതാണ് യാഥാർത്ഥ്യം.