പാലക്കാട് : കേരളത്തിലെ തീവണ്ടികളിൽ ടിടിഇമാർക്ക് ഒരു സുരക്ഷിതത്വവുമില്ലേ? ടിക്കറ്റില്ലാ യാത്രക്കാരുടെ പരാക്രമം തീവണ്ടിക്കുള്ളിൽ തുടരുകയാണ്. ഒരു ടി ടി ഇയെ യാത്രക്കാരൻ എറിഞ്ഞു കൊന്ന വിവാദത്തിന് ശേഷവും സ്ഥിതിക്ക് മാറ്റമില്ല. വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് മർദനം. ഷൊർണൂർ വച്ചാണ് സംഭവം.

രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിക്രൂര മർദ്ദനമാണ് ടിടിഇയ്ക്ക് നേരിടേണ്ടി വന്നത്. മൂക്കിന്റെ പാലത്തിന് ഗുരുതര പരിക്കേറ്റു.

മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാർ മീണ. ഇന്നലെ രാത്രിയിൽ ട്രെയിൻ തിരൂർ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാർട്ടുമെന്റിൽ യാത്ര ചെയ്യുന്നത് ഇദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രതി തർക്കത്തിന് വന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെ തന്റെ മൂക്കിന് ശക്തിയായി ഇടിക്കുകയായിരുന്നുവെന്ന് വിക്രം കുമാർ മീണ പറയുന്നു.

മൂക്കിൽ നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകർത്തിയ ചിത്രങ്ങളിൽ വ്യക്തമായി കാണാം. നിലവിൽ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ് വിക്രം കുമാർ മീണ. ഏപ്രിൽ രണ്ടിന് എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ഇതേ രീതിയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരൻ തള്ളിയിട്ട് കൊന്നത് ഞെട്ടലായി മാറി.

അതിന് ശേഷം തീവണ്ടികളിൽ പൊലീസ് സുരക്ഷ അടക്കം കൂട്ടി. എന്നിട്ടും ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നതാണ് ഈ സംഭവവും തെളിയിക്കുന്നത്. ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ട്രെയിൻ യാത്രയിലെ പൊതുവിലുള്ള സുരക്ഷിതത്വവുമെല്ലാം ആശങ്കയിലാക്കുന്നതാണ് ഈ സംഭവവും.