മുംബൈ: വലിപ്പചെറുപ്പമില്ലാതെ ഭൂരിഭാഗം പേരും ഒരുപോലെ ഉപയോഗിക്കുന്നതാണ് പാലും പാലുല്‍പ്പന്നങ്ങളും.പാലിന്റെ ഈ സാധ്യത മനസിലാക്കി തന്നെയാവണം ഏറ്റവും കൂടുതല്‍ വ്യാജന്‍ ഇറങ്ങുന്ന ഒരു വിഭവും പാലാണെന്നതില്‍ തര്‍ക്കമില്ല.അതിനാല്‍ തന്നെ അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന പാലിന്റെ ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ആരും തയ്യാറാകില്ല. പാലിന്റെ ഗുണനിലവാരത്തിനു പ്രാധാന്യം നല്‍കുന്ന ഫാമുകള്‍ തിരഞ്ഞു പോകാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്.ഈ കാരണങ്ങള്‍ കൊണ്ടുതന്നെ പാല്‍ വിപണിക്കും ഡെയറി വ്യവസായത്തിനും വലിയ സാധ്യതയുണ്ട്.

സാധാരണക്കാരുടെ കാര്യം അങ്ങനെയാണെങ്കില്‍ ധനികനായ അംബാനിയുടെ കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ. അംബാനികുടുംബത്തിന്റെ ജീവിത രീതികളും ആഘോഷങ്ങളുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയാകുമ്പോള്‍ ഇപ്പോള്‍ അതില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത് കുടുംബം പാലിനായി ആശ്രയിക്കുന്ന ഫാമിന്റെ വിശേഷങ്ങളാണ്.പൂനെയിലെ ഭാഗ്യലക്ഷ്മി ഹൈ ടെക് ഡയറി ഫാമില്‍ നിന്നാണ് അംബാനിയും കടുംബവും ആവശ്യമായ പാലും പാലുല്‍പ്പന്നങ്ങളും വാങ്ങിക്കുന്നത്.ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രമല്ല ഭാഗ്യലക്ഷ്മി ഫാം കൗതുകക്കാഴ്ച്ചയാകുന്നത്.മറിച്ച് ആരെയും വിസ്മയിപ്പിക്കുന്നതാണ് ഇവിടുത്തെ രീതികള്‍.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന പശുവിനമാണ് ഹൊള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ അഥവാ എച്ച്എഫ് പശുക്കള്‍.ഇ ഗണത്തില്‍ പെടുന്ന 3000 പശുക്കളാണ് ഫാമിലുള്ളത്.സാധാരണ പല കമ്പനികളും സ്ഥാപനങ്ങളും പല കര്‍ഷകരില്‍നിന്നും പാല്‍ സംരംഭരിച്ച് കൂട്ടിക്കലര്‍ത്തിയാണ് വില്‍പന നടത്തുക.എന്നാല്‍, ഒരു ഫാമില്‍ മാത്രം ഉല്‍പാദിപ്പിച്ച് വില്‍ക്കുന്നതാണ് ഇവിടുത്തെ രീതി.ഈ രീതി അവലംബിക്കുന്നതിനാല്‍ പാലിന്റെ സ്ഥിരതയും ഗുണമേന്മയും ഉയര്‍ന്നതായിരിക്കും.ഈ ആശയമാണ് ഭാഗ്യലക്ഷ്മിയുടെ സ്വന്തം ബ്രാന്‍ഡ് ആയ പ്രൈഡ് ഓഫ് കൗസിന്റെ വിജയത്തിന്റെ അടിത്തറ.

മികച്ച സൗകര്യങ്ങളോടെയാണ് ഫാമിലെ പശുക്കളെ പരിപാലിക്കുന്നത്.അതായത് പശുക്കള്‍ക്ക് പരമാവധി സന്തോഷവും മികച്ച അന്തരീക്ഷവും ലഭ്യമാക്കുക.എങ്കില്‍ അത്തരം പശുക്കളില്‍ നിന്ന്് മികച്ച പാല്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം.35 എക്കറില്‍ പരന്നു കിടക്കുന്ന ഭാഗ്യലക്ഷ്മി ഡെയറിയില്‍ പശുക്കളുടെ സന്തോഷത്തിനു പ്രാധാന്യം നല്‍കി വലിയ ഷെഡ്ഡുകളില്‍ ഫ്രീ റേഞ്ച് രീതിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.പരിപാലനവും ഹൈടെക് ആണ്.മനുഷ്യകരസ്പര്‍ശമില്ലാതെ പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് കറവ.ഒരേ സമയം 50 പശുക്കളുടെ കറവ നടത്താന്‍ കഴിയുന്ന റോട്ടറി മില്‍ക്കിങ് പാര്‍ലറാണ് ഇവിടെയുള്ളത്.

ശുദ്ധീകരിച്ച കുടിവെള്ളവും നല്ല മുന്തിയ ഇനം പുല്ലുമാണ് പശുക്കളുടെ പ്രധാന ആഹാരം.ഓരോ പശുവിനെയും പ്രത്യേകം പ്രത്യേകം ആരോഗ്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനവുമുണ്ട്.അതുപോലെ വൃത്തിക്കും പ്രാധാന്യമേറെയാണ് കൂടാതെ കറവയ്‌ക്കൊപ്പം തന്നെ ശീതീകരണ സംവിധാനത്തിലെത്തുന്ന പാല്‍ 4 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് എത്തിക്കുന്നു.
കറവയ്ക്കു ശേഷം 8-10 മണിക്കൂറിനുള്ളിലാണ് പാല്‍ ഉപഭോക്താക്കളുടെ പക്കല്‍ എത്തിക്കുന്നത്.ഇതൊക്കെയാണ് ഭാഗ്യലക്ഷ്മി ഫാമിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രന്റാക്കി മാറ്റുന്നത്.

ഇവിടെയും തീരുന്നില്ല ഇ ബ്രാന്റിന് ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്വം.എത്രയൊക്കെ നല്ലതെന്ന് പറഞ്ഞാലും വ്യാജനെ തടയുക എന്നത് വലിയ വെല്ലുവിളിയാണ്.അതിനും ഭാഗ്യലക്ഷ്മിയുടെ കയ്യില്‍ പരിഹാരമുണ്ട്.പാല്‍ വിതരണം ചെയ്യുന്ന ബോട്ടിലുകളിലാണ് ഇവര്‍ ഇ സൂത്രം ഒളിപ്പിച്ചിരിക്കുന്നത്.കൃത്രിമം സാധ്യമാക്കാന്‍ കഴിയാത്ത വിധത്തിലുള്ള പെറ്റ് ബോട്ടിലുകളിലാണ് പാലിന്റെ വിതരണം. ഭാരം കുറഞ്ഞ് ആകര്‍ഷകമായ രൂപത്തിലാണ് കുപ്പികളും തയ്യാറാക്കുന്നത്.