മെക്സിക്കോ സിറ്റി: പറക്കുന്നതിനിടെ ആകാശത്തുവച്ച് എയർ ബലൂണിന് തീ പിടിച്ച് മെക്സിക്കോയിൽ രണ്ട് പേർ മരിച്ചു. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കൻ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ തീ പിടിത്തത്തിനു പിന്നാലെ താഴേക്കു ചാടിയെന്ന് അധികൃതർ അറിയിച്ചു.

50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്. എയർ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബലൂണിൽ വേറെയാരെങ്കിലും ഉണ്ടായിരുന്നോയെന്നു വ്യക്തമല്ല.

മെക്സിക്കോയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അപകടമുണ്ടായ തിയോതിഹുവാക്കൻ. ടൂറിസ്റ്റുകൾക്കായി ആകാശ ബലൂൺ സർവ്വീസ് നടത്തുന്നതിൽ പ്രധാന കേന്ദ്രമാണ് തിയോതിഹുവാക്കൻ. പ്രദേശത്ത് കാലാവസ്ഥ വ്യതിയാനമൊന്നും ഉണ്ടാകാതിരുന്നിട്ടും ബലൂണിന് തീപിടിച്ചതിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.