കംപാല: ഉഗാണ്ടയിൽ, സ്‌കൂളിന് നേരേ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട വിമത ഗ്രൂപ്പായ അലൈഡ് ഡമോക്രാറ്റിക് ഫോഴ്‌സസാണ് ആക്രമണം നടത്തിയത്. കോംഗോയുമായി അതിരുപങ്കിടുന്ന പടിഞ്ഞാറൻ ഉഗാണ്ടയിലാണ് സംഭവം. കൂട്ടക്കുരുതി നടത്തിയതിന് പിന്നാലെ, നിരവധി പേരെ തട്ടിക്കൊണ്ടുപോയി.

തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണെന്ന് പ്രതിരോധ വക്താവ് ഫെലിക്‌സ് കുലായ്ഗ്യ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ എത്ര കുട്ടികളുണ്ടെന്നും, എത്ര പേരെ തട്ടിക്കൊണ്ടുപോയെന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പടിഞ്ഞാറൻ അതിർത്തി പട്ടണമായ പോണ്ട്വേയിൽ വെള്ളിയാഴ്ചയാണ് ഹുബിരിയ സെക്കൻഡറി സ്‌കൂളിന് നേരേ ഭീകരവാദികൾ ആക്രമണം അഴിച്ചുവിട്ടത്. ഇവർ സ്‌കൂളിലെ ഡോർമിറ്റററിക്ക് തീവച്ചു. ഭക്ഷണം മുഴുവൻ കൊള്ളയടിച്ചെന്നും പൊലീസ് പറഞ്ഞു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് എഡിഎഫ്. മുൻപും സ്‌കൂളുകൾക്ക് നേരെ എഡിഎഫ് ആക്രമണം നടത്തിയിട്ടുണ്ട്. സ്‌കൂളുകൾ കത്തിച്ച് വിദ്യാർത്ഥികളെ കൊല്ലുന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവ് രീതിയാണ്.

ഇതുവരെ 25 മൃതദേഹങ്ങൾ കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബ്വേര ആശുപത്രിയിലേക്ക് മാറ്റി. കോംഗോയിലെ വിരുംഗ ദേശീയ പാർക്കിന്റെ ദിശയിലാണ് ഭീകരർ രക്ഷപ്പെട്ടത്. അലൈഡ് ഡമോക്രാറ്റിക് ഫോഴ്‌സ് വിമതർ പ്രസിഡന്റ് യോവേരി മുസെവ്‌നിക്ക് എതിരെ 1990 കളിൽ കലാപം അഴിച്ചുവിട്ടിരുന്നു. വെൻസോറി മലനിരകൾ കേന്ദ്രമാക്കിയായിരുന്നു ഇവരുടെ പ്രവർത്തനം.

ഉഗാണ്ടൻ സൈന്യം പിന്നീട് വിമതരെ കീഴടക്കിയെങ്കിലും, ഒരുവലിയ സംഘം അതിർത്തി കടന്ന് കിഴക്കൻ കോംഗോ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം തുടർന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിച്ച ഇക്കൂട്ടർ, കോംഗോയിലെയും ഉഗാണ്ടയിലെയും സാധാരണക്കാരെയും, സൈനികരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി. ഏപ്രിലിൽ ഏഡിഎഫ് കോംഗോയിലെ ഒരുഗ്രാമത്തിൽ സമാന ആക്രമണം നടത്തി 25 പേരെ വകവരുത്തിയിരുന്നു.