ധികൃതരുടെ കണ്ണുവെട്ടിച്ച് മൃഗശാലയിലെ കൂടിനുള്ളിൽ കയറി സിംഹക്കുഞ്ഞുങ്ങളെ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ സിംഹം കടിച്ചുകീറി കൊന്നു. മൃഗശാലയിൽ സാധാരണ സന്ദർശകനെ പോലെ എത്തി രഹസ്യമായി ഇയാൾ കൂട്ടിൽ കയക്കുകയായിരുന്നു. ആഫ്രിക്കയിലെ ഘാനയിലെ അക്ര മൃഗശാലയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സിംഹക്കുഞ്ഞുങ്ങളെ തട്ടിയെടുക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്നാണ് വിവരം.

മൃഗശാലയിൽ സാധാരണ സന്ദർശകനെപോലെ എത്തിയ ഇയാൾ സിംഹക്കൂടിന് സമീപമെത്തിയതോടെ മറ്റുള്ളവരിൽ നിന്ന് അകന്ന് മാറി നടന്നു. ജീവനക്കാരെ പോലെ പെരുമാറി ഇയാൾ കുടൂനടുത്തേക്ക് നീങ്ങി. 10 അടിയും 20 അടിയും വീതം ഉയരമുള്ള രണ്ട് സുരക്ഷാ വേലികൾ മറികടന്നാണ് ഇയാൾ സിംഹക്കൂടിനുള്ളിൽ പ്രവേശിച്ചത്. ആൺ സിംഹവും പെൺസിംഹവും രണ്ട് കുഞ്ഞുങ്ങളുമാണ് കൂടിനുള്ളിലുണ്ടായിരുന്നത്. കൂടിനുള്ളിലേക്ക് ഇയാൾ പ്രവേശിച്ച ഉടൻതന്നെ ആൺ സിംഹം ഇയാളുടെ ശരീരത്തിലേക്ക് ചാടി വീഴുകയായിരുന്നു. അവിടെവച്ചു തന്നെ സിംഹത്തിന്റെ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തു.

ബഹളം കേട്ട് ഓടിയെത്തിയ ജീവനക്കാർ സിംഹം യുവാവിനെ ആക്രമിക്കുന്നത് കണ്ടെങ്കിലും നിസ്സഹാരായി നോക്കിനിൽക്കാനെ സാധിക്കുമായിരുന്നുള്ളൂ. ഏറെ ബുദ്ധിമുട്ടിയാണ് ജീവനക്കാർ കൂട്ടിൽ നിന്നും ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. തുടർന്ന് അക്ര മൃഗശാലയിൽ താൽക്കാലികമായി സന്ദർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താനും സാഹചര്യങ്ങൾ പരിശോധിക്കാനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ വേണ്ടിയാണ് സിംഹം യുവാവിന്റെ മേൽ ചാടി വീണ് ആക്രമിച്ചതെന്ന് ഘാനയുടെ പ്രകൃതിവിഭവകാര്യ സഹമന്ത്രിയായ ബെനിറ്റോ ഒവുസു പറയുന്നു. സ്വന്തം സുരക്ഷയും മൃഗങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് ഇത്തരം പ്രവർത്തികളിൽ നിന്നും ജനങ്ങൾ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.