റംഗൂൺ: മ്യാന്മാറിൽ മ്യൂസിക് ഫെസ്റ്റിവലിനിടെ പട്ടാളത്തിന്റെ വെടിവെയ്‌പ്പ്. രണ്ട് വിമാനങ്ങളിലായി എത്തിയ പട്ടാളം മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്തവരെ ആക്രമിക്കുക ആയിരുന്നു. അറുപതോളം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത. കൊല്ലപ്പെട്ടവരുടേയും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടേയും കൃത്യമായ കണക്കുകൾ ലഭ്യമല്ല.

ഞായറാഴ്ചയാണ് സംഭവം. കച്ചിൻ എത്തിനിക് ഗ്രൂപ്പ് നടത്തിയ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് ആക്രമണം. 2021ൽ മ്യാന്മാറിൽ പട്ടാളം അധികാരത്തിൽ വന്ന ശേഷം ഉണ്ടായ ഏറ്റവും വലിയ എയർ സ്‌ട്രൈക്കുകളിലൊന്നാണ് ഞായറാഴ്ച നടന്നത്. മ്യാന്മാറിൽ പട്ടാളത്തിന്റെ അതിക്രമവും ക്രൂരതയും വർദ്ധിച്ചു വരികയാണ്. ഞായറാഴ്ച രാത്രി 8.30ഓടെ കച്ചിൻ ഇൻഡിപ്പെൻഡൻസ് ആർമി നടത്തിയ ആഘോഷ പരിപാടിയിലേക്ക് പട്ടാളം രണ്ട് ജെറ്റുകളിലായി എത്തുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.

കൊല്ലപ്പെട്ടവരുടേയും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റവരുടേയും ശരീരങ്ങൾ തറയിൽ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 100ലധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട്. എന്നാൽ ഇതുവരെ സർക്കാരിന്റെ ഭാഗത്തു നിന്നും സ്ഥിതീകരണം ഉണ്ടായിട്ടില്ല.