ലണ്ടൻ: ഷൈമ ഡല്ലാലി എന്ന പെൺകുട്ടി കൈവരിച്ചത് അപൂർവ്വമായ ഒരു നേട്ടം തന്നെയായിരുന്നു. ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രമുള്ള നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സിന്റെ (എൻ യു എസ്) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷൈമ ശ്രദ്ധിക്കപ്പെടാൻ ഏറെ കാരണങ്ങൾ ഉണ്ടായിരുന്നു. സംഘടനയുടെ ഒരു നൂറ്റാണ്ടിലെ ചരിത്രത്തിൽ ഇതാദ്യമായിട്ടായിരുന്നു കറുത്ത വർഗ്ഗക്കാരിയായ, ഒരു മുസ്ലിം പെൺകുട്ടി പ്രസിഡണ്ടാകുന്നത്.

എന്നാൽ, ഇപ്പോൾ അവരെ ഈ പദവിയിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ്. അതിനു കാരണമായി പറയുന്നത് അവരുടെ വംശീയ വിദ്വേഷവും. യു കെയിലെ എഴുപത് ലക്ഷത്തോളം വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കം ചെയ്തത് നീതികരിക്കാനാകില്ല എന്ന് ഷൈമ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു അവർ സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നു തന്നെ യഹൂദ വിദ്യാർത്ഥികൾ അതിനെ കുറിച്ച് അവരുടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2012-ൽ ഷൈമ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റായിരുന്നു ആശങ്കക്ക് കാരണമായത്. എ ഡി 628 ൽ നടന്ന ഒരു യഹൂദ കൂട്ടക്കൊലയുടെ പരാമർശം ഉൾക്കൊള്ളുന്ന ഒരു അറബിക് മുദ്രാവാക്യം ഉൾക്കൊള്ളുന്നതായിരുന്നു ആ ട്വീറ്റ്. എന്നാൽ, പിന്നീട് അവർ അതിനെ കുറിച്ച് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

യഹൂദ വിദ്യാർത്ഥികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് സംഘടന ഒരു ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണ ഫലം ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, സംഘടനയുടെ പ്രതിച്ഛായക്ക് പരിക്കേറ്റതായി വക്താക്കൾ സമ്മതിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലും ഉള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളന്ന രീതിയിൽ തന്നെ സംഘടന മുൻപോട്ട് പോകുമെന്നും അവർ വ്യക്തമാക്കുന്നു.

എൻ യു എസ് യു കെ ബോർഡിന്റെ ആക്ടിങ് ചെയർപേഴ്സൺ ആയ കോളി ഫീൽഡ് പറഞ്ഞത് എല്ലാ വിഭാഗത്തിലും ഉൾപ്പെടുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി പോരാടും എന്നായിരുന്നു. യൂണിയൻ ഓഫ് ജ്യുവിഷ് സ്റ്റുഡന്റ്സ് തങ്ങളുടെ സംഘടനയിൽ വിശ്വാസമർപ്പിച്ചതിൽ നന്ദിയുണ്ടെന്ന് പറഞ്ഞ അവർ, വിദ്യാർത്ഥികളെ ഏറ്റവും അധികം ബാധിക്കുന്ന പ്രശ്നങ്ങൾക്കായി മുൻകൈ എടുത്ത് പോരാടുമെന്നും പറഞ്ഞു.

യഹൂദ വിദ്യാർത്ഥികളുടെ സംഘടന ഈ തീരുമാനത്തെ അനുകൂലിച്ചപ്പോൾ, ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ് ഇസ്ലാമിക് സൊസൈറ്റീസ് ഷൈമയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ തന്നെ ഷൈമ ഒന്നിലധികം ഇസ്ലോമോഫോബിക് ആക്രമണങ്ങളും വംശീയ വിദ്വേഷങ്ങളും നേരിടുകയാണെന്ന് സംഘടന വക്താവ് പറഞ്ഞു. എൻ യു എസിനകത്ത് ഉറഞ്ഞു കൂടിയിരിക്കുന്ന വ്യവസ്ഥാപിത ഇസ്ലാമോഫോബിയയെ കുറിച്ച് അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

യഹൂദ വിരുദ്ധതയിലുള്ള ആശങ്കയാൽ ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ ഇംഗ്ലണ്ടിലെ സർക്കാർ എൻ യു എസുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികളുടെയും ശബ്ദമാകേണ്ട ചിലർ ഒരു കൂട്ടം യഹൂദ വിദ്യാർത്ഥികളെ ഭ്രഷ്ടരാക്കിയേക്കും എന്നായിരുന്നു അന്ന് യൂണിവേഴ്സിറ്റി മിനിസ്റ്റർ ആയിരുന്ന മിഷേൽ ഡോണെലൻ പറഞ്ഞത്. ഇപ്പോൾ ഷൈമയെ പുറത്താക്കിയ നടപടിയെ പിന്തുണച്ചുകൊണ്ട് എഡ്യുക്കേഷൻ മിനിസ്റ്റർ റോബർട്ട് ഹാൽഫോണും രംഗത്ത് എത്തിയിട്ടുണ്ട്.