വാഷിങ്ടൺ: ട്വിറ്റർ തലപ്പത്ത് മസ്‌ക് വേണ്ടെ വേണ്ടന്ന് ഉപയോക്താക്കൾ. തിങ്കളാഴ്ച രാവിലെ ട്വിറ്ററിൽ ഇലോൺ മസ്‌കിന്റെ അഭിപ്രായവോട്ടെടുപ്പായിരുന്നു വൈറൽ. എന്നാൽ മസ്‌കിന്റെ വോട്ടെടുപ്പ് മസ്‌കിന് തന്നെ പാരയാവുകയായിരുന്നു. താൻ ട്വിറ്റർ മേധാവിയായി തുടരണോ വേണ്ടയോ എന്ന ലളിതമായ ചോദ്യമാണ് മസ്‌ക് ചോദിച്ചത്. സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗവും മസ്‌ക് 'വേണ്ടേവേണ്ട...' എന്ന മറുപടി രേഖപ്പെടുത്തി.

'നിങ്ങളുടെ പരിഷ്‌കാരങ്ങളിൽ അസംതൃപ്തരായ വലിയവിഭാഗം ആളുകളെ എനിക്കറിയാം, ദയവുചെയ്ത് സ്ഥാനമൊഴിയണം'- ഐസ്‌ലൻഡ് ജനപ്രതിനിധി സഭാംഗമായ ഡേവിഡ് മോറൽ പ്രതികരിച്ചു. എന്നാൽ മസ്‌ക് ഏർപ്പെടുത്തിയ 'ശുദ്ധീകരണ പ്രവർത്തനങ്ങൾ' ട്വിറ്ററിന് ഏറെ അനിവാര്യമാണെന്നാണ് അമേരിക്കൻ വിമർശകൻ ലിസ് വീലർ പറഞ്ഞത്.

ഉപയോക്താക്കളുടെ ഹിതം എന്തായാലും അത് അംഗീകരിക്കുമെന്ന് വോട്ടെടുപ്പവസാനിക്കുന്നതിനു മുമ്പ് മസ്‌ക് വ്യക്തമാക്കി. എന്നാൽ പൂർത്തിയാക്കിയതിനുശേഷം മസ്‌ക് പ്രതികരിച്ചിട്ടില്ല. 'മസ്‌ക് മേധാവിയായി തുടരുമോ, മാന്യമായി ഇറങ്ങിപ്പോകുമോ...?'- എന്ന ആകാംക്ഷയിലാണ് സൈബർ ലോകം.

ട്വിറ്ററിലെ 12 കോടിയിലധികം വരുന്ന ഫോളോവേഴ്‌സിന് തന്റെ ഭാവി തീരുമാനിക്കാൻ മസ്‌ക് അവസരംനൽകിയപ്പോൾ 1.2 കോടി പേരാണ് വോട്ടുചെയ്തത്. അതിൽ 57.5 ശതമാനം മസ്‌ക് തുടരേണ്ടെന്ന് അഭിപ്രായപ്പെട്ടു. ഒപ്പം മസ്‌ക് ട്വിറ്ററിൽ തുടരണമെന്നാവശ്യപ്പെട്ടുള്ള മറുചേരിയും സജീവമായി.

3.6 ലക്ഷം കോടി രൂപയ്ക്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്‌ക് നടപ്പാക്കിയ പരിഷ്‌കാരങ്ങൾ വ്യാപക വിമർശനം നേരിട്ടിരുന്നു. പരിഷ്‌കാരങ്ങളിലും വിയോജിപ്പുകളെ അടിച്ചമർത്തുന്ന മസ്‌കിന്റെ നടപടികളിലും പ്രതിഷേധിച്ച് ഒട്ടേറെപ്പേർ നേരത്തേ പ്ലാറ്റ്ഫോം വിട്ടു. ട്വിറ്റർ സമീപഭാവിയിൽ കൊണ്ടുവരാനാഗ്രഹിക്കുന്ന നയങ്ങളെ സംബന്ധിച്ച് വോട്ടെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സ്ഥാനം രാജിവച്ചാലും ട്വിറ്ററിന്റെ ഉടമയായി മസ്‌ക് തുടരും.