മസ്‌കത്ത്: ഒമാനിൽ ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഥിശക്തമായ മഴയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ റോഡുകൾ അടച്ചു. മുസന്ദം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ബുറൈമി, ദാഖിലിയ, മസ്‌കത്ത്, ദാഹിറ, ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക.

മത്ര സൂഖിൽ മലയാളികളടക്കം നിരവധി പ്രവാസികളുടെ കടകളിൽ വെള്ളം കയറി. തലസ്ഥാനത്തുൾപ്പെടെ ചൊവ്വാഴ്ച പുലർച്ച ആരംഭിച്ച മഴ തുടരുകയാണ്. ചൊവ്വാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മത്രയിലാണ്. 154 മില്ലി മീറ്റർ മഴയാണ് ഇവിടെ കിട്ടിയത്. മസ്‌കത്ത്: 113, സീബ്: 77 എന്നിങ്ങനെയാണ് കൂടുതൽ മഴ ലഭിച്ച മറ്റിടങ്ങളിലെ തോത്. വിവിധ ഇടങ്ങളിൽ കുടുങ്ങിയ 50ൽ അധികം ആളുകളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷപ്പെടുത്തി. റൂവി, ദാർസൈത്ത്, വതയ്യ, ഹമരിയ, മത്ര, വാദി കബീർ, വൽജ, ഖുറം, സീബ്, മബേല, അൽ ഖുവൈർ, തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.

മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ മൂന്നു മീറ്റർവരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴയെ തുടർന്ന് ഖൗല, അൽ നഹ്ദ ആശുപത്രികളിലെ ഒപി സേവനം താത്കാലികമായി റദ്ദാക്കിയിരുന്നു. ഒപി സേവനങ്ങൾ മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിച്ച് നൽകുമെന്നും അധികൃതർ അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റിൽ ഇന്നലെ ഉച്ച കഴിഞ്ഞ് സ്‌കൂളുകൾക്ക് അവധി നൽകി. ബുധനാഴ്ച ക്ലാസ് പുനരാരംഭിക്കും.