റോം: ഇറ്റലിയിലേക്ക് അഭയാർഥികളുമായി പുറപ്പെട്ട കപ്പൽ മെഡിറ്റനേറിയൻ കടലിൽ പാറക്കൂട്ടത്തിൽ ഇടിച്ച് തകർന്ന് 43 പേർക്ക് ദാരുണാന്ത്യം. കപ്പലിലുണ്ടായിരുന്ന 80 പേരെ രക്ഷപ്പെടുത്തി. നൂറ്റിയിരുപതോളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കപ്പൽ തീരത്ത് നിന്ന് 300 മീറ്റർ അകലെയാണ് മുങ്ങിത്താഴ്ന്നത്.

ദക്ഷിണ ഇറ്റലിയിലെ കാലാബ്രിയ പട്ടണത്തിന് സമീപത്തുള്ള തീരത്താണ് അപകടം സംഭവിച്ചത്. മേഖലയിലെ സ്റ്റെകാറ്റോ ഡി കുട്രോ എന്ന ആഡംബര റിസോർട്ടിന് സമീപത്ത് വച്ച് കടലിലെ പാറക്കൂട്ടത്തിൽ ഇടിച്ച് കപ്പൽ മുങ്ങിത്താഴുകയായിരുന്നു. യാത്രികരിൽ ചിലർ നീന്തി കരയ്ക്കടുക്കുകായിരുന്നു. മറ്റുള്ളവരെ തീരസംരക്ഷണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലാണി, അപകടകരമായ യാത്രാമാർഗങ്ങൾ സ്വീകരിക്കുന്ന മനുഷ്യക്കടത്തുകാർ ഇത്തരം ദുരന്തങ്ങൾ വരുത്തിവയ്ക്കുന്നതാണെന്ന് വിമർശിച്ചു. 'മെച്ചപ്പെട്ട യുറോപ്പ്യൻ ജീവിതം' എന്ന അയാഥാർഥ മായികസ്വപ്നം അഭയാർഥികൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കുടിയേറ്റ വിരുദ്ധയായ മെലോണി പറഞ്ഞു.

യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ പ്രധാനയാത്രാമാർഗമാണ് മെഡിറ്റനേറിയൻ കടലിലൂടെയുള്ള കപ്പൽയാത്ര. ഇറ്റാലിയൻ ഭരണകൂടം കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെ, രാജ്യത്തേക്ക് കടക്കാൻ അപകടകരമായ മാർഗങ്ങൾ തേടുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്.