റോം: ഇറ്റാലിയൻ തീരത്തെ ബോട്ടപകടത്തിൽ മരിച്ച അഭയാർഥികളുടെ എണ്ണം 62 ആയി ഉയർന്നു. ഇതിൽ 12 പേർ കുട്ടികളും 33 പേർ സ്ത്രീകളുമാണ്. പിഞ്ചുകുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. ഇറ്റലിയിലെ ദക്ഷിണ കലരബിയ മേഖലയിലാണ് അപകടം. ബോട്ടിന്റെ മര അവശിഷ്ടങ്ങൾ സ്റ്റെക്കാറ്റോ ഡി ക്യൂട്രോയിലെ തീരത്തടിഞ്ഞു.

ആളധികമായതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. ബോട്ടിൽ 200ലേറെ പേർ ഉണ്ടായിരുന്നതായി രക്ഷാപ്രവർത്തകർ എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. തുർക്കിയ തീരത്തുനിന്നാണ് ഇവർ ബോട്ടിൽ പുറപ്പെട്ടത്.