മസ്‌കറ്റ്: ഒമാനിൽ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിവസങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി. ഇതിൽ വാരാന്ത്യ ദിനങ്ങൾ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉൾപ്പെടുന്നത്.

ഇതിന് ശേഷം 25 ന് വീണ്ടും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവർത്തിക്കുന്നതാണ്. അതേസമയം സൗദിയിൽ സ്വകാര്യ മേഖലയിൽ ഈദുൽ ഫിത്വർ അവധി നാല് ദിവസമായിരിക്കും. ഇത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.

വിശ്വാസപൂർണമായ റമദാൻ വ്രതം അവസാനിച്ച് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതിലേക്കുള്ള ഒരുക്കമാനത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. പ്രവാസികളിൽ ഒരു വിഭാഗം പേർ പെരുന്നാളിന് അവധിയെടുത്ത് നാട്ടിലേക്ക് തിരിക്കുമ്പോൾ മറ്റൊരു വിഭാഗം പേർ ജോലി ചെയ്യുന്ന ഇടങ്ങളിൽ തന്നെയാണ് പെരുന്നാൾ കൂടുന്നത്.