റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലായിരുന്നു വെള്ളിയാഴ്ച പെരുന്നാൾ. അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്‌ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് തീരുമാനിച്ചത്. അതേസമയം ഒമാനിൽ വെള്ളിയാഴ്ചയോടെ റദമാനിലെ 30 നോമ്പുകൾ പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇക്കുറി ഒരേ ദിവസമാണ് റമദാൻ വ്രതാനുഷ്ഠാനും ആരംഭിച്ചത്.