ദുബൈ: വിമാനത്തിൽ വെച്ച് എയർ ഹോസ്റ്റസിനെ അപമാനിച്ചെന്ന പരാതിയിൽ യാത്രക്കാരൻ അറസ്റ്റിൽ. ദുബൈയിൽ നിന്നുള്ള അമൃത്‌സറിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. മദ്യ ലഹരിയിൽ ഇയാൾ എയർ ഹോസ്റ്റസുമായി തർക്കിക്കുകയും അവരെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

പഞ്ചാബിലെ ജലന്തറിലുള്ള കോട്‌ലി സ്വദേശി രജീന്ദർ സിങാണ് അറസ്റ്റിലായത്. എയർ ഹോസ്റ്റസിനോട് കയർത്ത് സംസാരിക്കുകയും ശേഷം അവരെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. എയർ ഹോസ്റ്റസ് വിവരം വിമാനത്തിലെ മറ്റ് ജീവനക്കാരെ വിവരമറിയിച്ചു.

പിന്നീട് വിമാനക്കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിമാനം അമൃത്‌സർ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്തിൽ ഇറങ്ങിയ ഉടനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്ത്രീകളെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 509 വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.